Friday, December 23, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 2


മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു  ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ ജീവിക്കുന്ന ഉസാലിനെയും, സലാമാനെയും...........
ഉസാല്‍ സലാമാനെ വിട്ടു ധ്യാനത്തില്‍ മുഴുകാനായി മറ്റൊരു ദ്വീപ്  അന്വേഷിച്ചു, അങ്ങനെ ഉസാല്‍  ഹയ്യിന്‍റെ ദ്വീപില്‍ എത്തുകയും ഹയ്യിനെ കണ്ടുമുട്ടുകയും ചെയ്യുന്നു .....

Saturday, December 17, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത



മാൻ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ ഹ്ര്‍ദയം  ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി,  രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹ്ര്‍ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം  ശരീരത്തില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു.  അത് ആത്മാവാണന്നും മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. 

മാന്‍ പേട വളര്‍ത്തിയ മനുഷ്യക്കുഞ്ഞു




പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ്  ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന  ശാഖകളിലും   നിപുണനായ  അദ്ദേഹം അനേകം  തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച് സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍.ഡാനിയൽ ഡീഫൊയെ  "റോബിന്‍സ് ക്രൂസോ"   The Life and Strange Surprising Adventures എന്ന നോവല്‍ എഴുതാന്‍ പ്രചോദനം  നല്കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍ കൃസോയു  ഈ നോവലും തമ്മില്‍  നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി പറയപ്പെടുന്നത്.


പില്ക്കാലത്ത് അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട് "രിസാലത്തുല്‍  ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.

നോവലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി  പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,
ഹാറൂന്‍ റഷീദിന്റെ പുത്രനായ മഅമൂന്റെ കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്‍റ് തന്നെ രൂപം കൊള്ളുകയുണ്ടായി, അരിസ്റ്റോടലിന്റ്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു,   അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍ നിന്നുണ്ടായ തത്വ ശാസ്ത്ര  സംകൃത കൃതികളും അക്കാലത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്‌ഫ്ഫ ആണ് അറബിയില്‍ വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, രചനയില്‍  മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന്  വിധേയമാക്കി, സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്‍റെ "റിപബ്ലിക്" നോട് സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" പദാര്‍ഥങ്ങളെ  അഞ്ചു രൂപമായി തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. 
മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു  ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും വ്യാപരിച്ച അബൂ റൈഹാന്‍ അല്‍ ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ, ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്‌പോവുകയായിരുന്നു അല്‍ബിറൂനി. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം അദ്ദേഹം അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി" തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും"  "ഇബ്നു സീനയിലൂടെയും" "ഇബ്നു റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍  അത് പൂര്‍ത്തീകരിക്കുകയുണ്ടായി.
ഇവരുടെ ഓരോരുത്തരുടെയും  ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം.


ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായഹയ്യിബ്നു യഖ്ളാനിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു.
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.........
തുടരും

ബാക്കി അടുത്ത പോസ്റ്റില്‍

Related Posts Plugin for WordPress, Blogger...