ഹയ്യിനു ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായി, ഹയ്യിന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും കാരുണ്യത്തിന്റെ നീര് ചാലുകള്‍ ഒഴുകി, തന്റെ ദര്‍ശനങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു.....രണ്ടാം ഭാഗം വായിക്കാന്‍
കഥ തുടരുന്നു
ഹയ്യും ഉസാലും
നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍ എത്തിയ ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.
ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന് നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍ ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.
ചുറ്റും വിജനതയായിരുന്നു. തന്റെ ചുറ്റുപാടുകളെ ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.
പുറംലോകത്തിന്റെ ആരവങ്ങളില്‍ നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള് ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍ ആവിർഭവിച്ചു. ഹയ്യ് ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.
കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്, തിന്മകള് ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം ഉസാലിന് സങ്കല്പ്പിക്കാന് കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന് പറഞ്ഞു, ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.
മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു. മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്റെ മനസ്സില്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ബാക്കിയായി, പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന് രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര് ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............
ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ ഹയ്യ് സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു പ്രയോജനവുമില്ലന്നു വിശ്വസിക്കുകയും ഇതാണ് ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര് അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍ തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്റെ ദീപിലേക്ക് തന്നെ മടങ്ങി.
മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മതത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇ.വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".