Monday, March 19, 2012

"സിക്രീത്തിലേക്കൊരു" വിനോദ യാത്ര


സുഹൃത്ത്  സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത പല  വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു.
 2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" 
വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവമായി... പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ ഈ യാത്രയുടെ ഉപദേഷ്ടാവായ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു. 

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. എന്റെ സുഹൃത്ത് തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  അദ്ദേഹത്തിന്  ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

സുഹൃത്ത് സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  എന്റെ സ്മ്ര്‍തി പഥത്തില്‍ നൂഹിന്റെ (a) കപ്പല്‍  വിഹരിക്കാന്‍ തുടങ്ങി. ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. എത്ര ശ്രമിച്ചിട്ടും ആ കപ്പല്‍ ഭാവനയിലേക്ക് കൊണ്ടുവരാന്‍ എനിക്കു കഴിഞ്ഞില്ല. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്ര പ്രവാജകന്‍മാര്‍, എത്ര രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ഈ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  

ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. 

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.
ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30



പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ പലരും കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.  മൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.

ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും പിരിഞ്ഞു.

Tuesday, March 6, 2012

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ
കുതിര്‍ത്ത മണ്ണില്‍
ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു
അവളും വിതറി ഓരോ വിത്തുകള്‍ ..
അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു
പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു
അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?
ഈ കുട്ടിയുടെ കാര്യം അത്  സമയമാകുമ്പോള്‍  മുളക്കും
ഒന്നു കിടന്നുറങ്ങൂ മോളെ "അമ്മ പറഞ്ഞു"

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു
അച്ഛനോടൊപ്പം വെള്ളവും വളവും നല്കി
ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു.
ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും
അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു
അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു
ഒഫീസില്‍  നിന്നും വന്ന അച്ഛനെ
നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി.
ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?
"അതേ ശരിയാണ് മോളെ"
അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു
ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ...
"ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി".

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി.
തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു
അവള്‍ അവന്റെ ഹൃത്തിലും, 

അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, 
അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. 
അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു. 
മകളുടെ മനസ്സായി അയാളുടേതും
തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു 

"നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ"?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി.


കവിളില്‍ ഉമ്മവെച്ചു കൊണ്ട് "അയാള്‍ പറഞ്ഞു"
നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം,
നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം,
നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ ...

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു,
സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍.....

രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു,
ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ "തലോടികൊണ്ട് പറഞ്ഞു"
നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ....

ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ

നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി.
പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി
അവള്‍ ഞെട്ടിപ്പോയി !
ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും,
കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്.
ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ,

പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ "അയാളുടെ മനസ്സ് മന്ത്രിച്ചു"

നമുക്ക് പോകാം പ്രിയേ.....
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം "അയാള്‍ പറഞ്ഞു"
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ  അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .. 

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍
ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു   
 
Related Posts Plugin for WordPress, Blogger...