Wednesday, August 21, 2013

അറബ് സാഹിത്യ ലോകവും പ്രവാസികളും

അറബ് സാഹിത്യ ലോകവും പ്രവാസികളും

പ്രവാസി വർത്തമാനത്തിൽ വന്ന ലേഖനം. 
പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല, എന്തിന് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍  നാം മടിക്കണം.

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകള്‍ക്ക് ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെ മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും  അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം, കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോളും, പ്രകൃതിക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, നമ്മുടെ എഴുത്ത് അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിക്കാനുമുള്ളതു മാവണം.

ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. അങ്ങിനെ വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ബെന്യാമിന് കഴിഞ്ഞു. ബെന്യാമിന്റെ ഈ വാക്കുകള്‍ നമുക്ക് ഒരു പാടു കരുത്തേകും എന്നതില്‍ സംശയമില്ല. "എത്ര ലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു, എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു, അവരില്‍ എത്ര പേര്‍ സത്യമായും മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. നജീബിന്റെ ജീവിതത്തിന് മേല്‍ വായനക്കാരന്റെ രസത്തിന് വേണ്ടി  കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെ ഒന്നും വെച്ചു കെട്ടുവാന്‍ എനിക്കു തോന്നിയില്ല അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്". പ്രവാസത്തിന്റെ ചൂടും മണവും അല്പം പോലും ചോരാതെ അനുഭവങ്ങളായും കഥയായും ഇനിയും ഭൂലോകത്തെ വായനക്കാരില്‍ എത്തിക്കാന്‍ ഓരോ പ്രവാസി എഴുത്ത്കാരനും കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം .... 

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. അത് പോലെ മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. "പ്രവാസി വർത്തമാനത്തിൽ" ഖത്തറിലെ  അറബി കവിതകളെ കുറിച്ചു ഡോക്ട്രറ്റ് എടുത്ത ഹിലാൽ അഴിയൂരിന്റെ ലേഖനം ഈ വിഷയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും നാം  പരിചയപ്പെട്ടു, നമ്മൾ അറിയാത്ത  അറിയേണ്ടതായ ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌  അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

നമ്മുടെ പൂർവികന്മാർ അതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തിയിരുന്നു. അന്യ ഭാഷകളും അവരുടെ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുമ്പോൾ അവര്ക്ക് പ്രോത്സാഹനങ്ങൾ കൊടുക്കുന്നതിനു പകരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതായി കാണാറുണ്ട്‌, വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ടാണ് പലരും മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരിക്കുന്നത്  അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നമുക്ക് നന്മകൾ നേരാം. അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും  പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി.

പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല പ്രവാസി എഴുത്തുകാരും  വിവര്‍ത്തനം ചെയ്തതായി കണ്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. ഇത് പോലെ ഇനിയും ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കയ്യി എടുത്തു ചെയ്യേണ്ട സമയം  അതി ക്രമിച്ചിരിക്കുന്നു. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും  എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .

3 comments:

  1. അറേബ്യയും ഭാരതവും തമ്മില്‍, വിശിഷ്യ കേരളവും തമ്മില്‍ ഉള്ള ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. പുരതാനകാലം മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അറേബ്യന്‍ സഞ്ചാരികള്‍ നമ്മുടെ നാട്ടില്‍ എത്തുകയും., നാട്ടുകാരുമായും,അന്നത്തെ ഭരണാധികാരികളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. വാണിജ്യവസ്തുക്കളുടെ ക്രയവിക്രയം മാത്രമായിരുന്നില്ല ആ ബന്ധങ്ങളിലൂടെ നടന്നിരുന്നത്. അതൊരു സാംസ്കാരിക വിനിമയം കൂടി ആയിരുന്നു. അറിവിന്റേയും സംസ്കാരത്തിന്റേയും കൊടുക്കല്‍ വാങ്ങലുകള്‍ അവിടെ നടന്നു. ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന സാഹിത്യവും, കലയും,സാസ്ത്രവിജ്ഞാനങ്ങളും പത്തേമാരികള്‍ കയറി അറേബ്യയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. ഗണിതശാസ്ത്രശാഖയായ അല്‍-ജിബ്ര ഈ രീതിയില്‍ അറബികള്‍ വഴി യൂറോപ്യന്‍ നാടുകളിലേക്ക് പ്രചരിപ്പിക്കപ്പെട്ടപ്പോള്‍, മൊസപ്പൊട്ടാമിയന്‍ നാഗരികതയില്‍ ഏറെ വളര്‍ച്ച പ്രാപിച്ചിരുന്ന ജ്യോമട്രി പോലുള്ള ഗണിതശാസ്ത്ര അറിവുകള്‍ ഇതേ അറബികള്‍ വഴി നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു എന്ന് പറയപ്പെടുന്നു.....

    യാത്രകള്‍ക്കും ആശയവിനിമയത്തിനും ഏറെ പരിമിതികളുണ്ടായിരുന്ന പുരാതനകാലത്തുപോലും നിരവധി സാസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇന്ന് താരതമ്യേന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് അത്രയൊന്നും ദുര്‍ഘടമല്ല. നിരവധി മലയാളികള്‍ അറബ്യന്‍ നാടുകളില്‍ ജീവിക്കുന്നു. അറബ് സംസ്കാരം അടുത്തറിയുന്നു. അതി സമ്പന്നമായ അറബിഭാഷയില്‍ നിന്ന് മലയാളത്തിനായി പലതും കണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയും. വേണ്ടത് അതിനുള്ള മനസ്സാണ്.

    ReplyDelete
  2. അറബ് സാഹിത്യം ശൈശവദശ പിന്നിട്ടിട്ടില്ല എന്ന് ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചുകണ്ടു. പടിഞ്ഞാറോ കിഴക്കോ നിന്ന് വന്നപോലെ, അല്ലെങ്കില്‍ റഷ്യയില്‍ നിന്നോ ലാറ്റിനമേരിക്കയില്‍ നിന്നോ ഉയര്‍ന്നപോലെ ഒരു സാഹിത്യവസന്തം ഇന്നും അറബ് ലോകത്തിന് സ്വപ്നം മാത്രമാണെന്നും!

    ReplyDelete
  3. വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം.

    നല്ല വാചകമാണ് ഇതിനായി എടുത്തുപയോഗിച്ചത്.
    അദ്ദേഹമത് പറഞ്ഞത് മനുഷ്യർ മനുഷ്യരോട് ചെയ്തു കൂട്ടുന്ന അക്രമം കണ്ടിട്ടല്ല എന്നതും ഓർക്കാം.
    കേവലം ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്യുന്ന സമയത്താണ് അങ്ങനെ പറഞ്ഞത്.!
    ഇപ്പോൾ ഇവിടെ അത്തരം വധമൊക്കെ മതങ്ങളിൽ അനുവദനീയമായി കാണുന്നല്ലോ ?
    മനുഷ്യർ മനുഷ്യരെയാണ് ഇപ്പോൾ അക്രമിച്ച് കൊല്ലുന്നതും മറ്റും.!

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...