"വൈധവ്യത്തിന്
യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍
തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത്
ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി. കണ്ണീരിന്റെ ആ നദി ഓരോരുത്തരുടെയും ഉള്ളിലൂടെയാണ്" (ഷെൽവി എന്ന പുസ്തകം).
ഡയ്സിയുടെ വാക്കുകളിലെ ദുഃഖം അത് കാണാതിരിക്കാൻ ഒരു വായനക്കാരനും
സാധിക്കില്ല. ആ വാക്കുകളിൽ അത്രത്തോളം തീവ്രതയും തീഷ്ണതയുമുണ്ട്. ഈ നദിയുടെ
ഓളങ്ങൾ എന്റെ മനസ്സിനെയും തട്ടിയുണർത്തി. വർഷങ്ങൾക്കു മുമ്പുള്ള എന്റെ
ഓർമ്മകൾ വീണ്ടും ഇവിടെ ജീവിക്കുകയാണ്.
പഠിക്കുന്ന കാലം ഞങ്ങൾ കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജ് ഹൊസ്റ്റലിൽ നിന്നും കോഴിക്കോട് ടൌണിലേക്ക് ബസ്സ് കയറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബസ്സിറങ്ങി. സ്റ്റേഷനിൽ നിന്നും മൾബറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മിഠായി തെരുവിലൂടെ ഞങ്ങൾ നടന്നു പഴയ കെട്ടിടങ്ങൾ നിറഞ്ഞ തിരക്കേറിയ തെരുവ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റോഡിനരുകിലായി നിറയെ വഴിവാണിഭക്കാർ തുണികളും പാത്രങ്ങളും ചെരിപ്പുകളും നിരത്തി വെച്ചിരുക്കുന്നു. രാധാ തിയ്യേറ്റർ പരിചയമുള്ളത് കൊണ്ട് ഞങ്ങൾക്ക് മൾബറി കണ്ടത്തുക വലിയ പ്രയാസമായിരുന്നില്ല. രാധയോടു ചേർന്നുള്ള ആര്യ ഭവനിലായിരുന്നു മൾബറി. മൾബറി സന്ദർശിക്കുക ജിബ്രാന്റെ പുസ്തകങ്ങൾ വാങ്ങുക അതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.
തിയ്യേറ്ററിനടുത്തത്തിയപ്പോൾ അവിടെ നീണ്ട ക്യു കണ്ടു. ഏതോ നല്ല പടം കളിക്കുന്നു "ചില കൂട്ടുകാർ പറഞ്ഞു " നമുക്ക് സിനിമ കണ്ടതിനു ശേഷം മൾബറിയിൽ പോകാം. ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല. ഞാൻ നേരെ മൾബറിയിലേക്ക് നടന്നു ഒരു പഴയ കെട്ടിടം അതാണ് ആര്യ ഭവൻ. അതിലായിരുന്നു മൾബറി. ഇരുപത്തഞ്ചാം നമ്പർ മുറി. മുറിയിൽ നിറയെ പുസ്തകങ്ങൾ അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. പുറത്തു വലിയ ജനത്തിരക്കും ശബ്ദ കോലാഹളങ്ങളുമുണ്ടങ്കിലും അതൊന്നും അവിടെ കേൾക്കുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം. കോഴിക്കോടുള്ള മറ്റു പ്രസാധനാലയത്തിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത എനിക്കവിടെ അനുഭവപ്പെട്ടു. മനസ്സിന് വല്ലാതെ ഒരു അനുഭൂതി, ആകർഷകമായ പുസ്തകങ്ങൾ ഓരോ പുസ്തകങ്ങളും ഞാൻ മാറി മാറി നോക്കി. ഒടുവിൽ പ്രവാചകന്റെ വില ചോദിച്ചു. ഒപ്പം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയുമെടുത്തു.
പുസ്തകത്തിനു ഡിസ്കൌണ്ട് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇത് കേട്ട പുസ്തകക്കെട്ടുകളുടെ മൂലയിൽ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഒരാൾ എന്നെ അടുത്ത് വിളിച്ചു. ഞാൻ അയാളുടെ അടുത്തു ചെന്നു. അയാൾ എന്റെ പേര് ചോദിച്ചു. കുറച്ചു നേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ കൂട്ടുകാരെ പറ്റി അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഞങ്ങൾ ജിബ്രാന്റെ പ്രവാചകൻ വാങ്ങാൻ വന്നതാണ്". കൂട്ടകാരോടൊപ്പം സിനിമ കാണാൻ പോകതിരുന്നതിനെ പറ്റി അയാൾ എന്നോട് ചോദിച്ചു. "ആ ടിക്കറ്റിന്റെ പൈസയ്ക്ക് ഒരു പുസ്തകം വാങ്ങാമല്ലോ" ഞാൻ പറഞ്ഞു. എനിക്ക് ജിബ്രാനെ ഇഷ്ടമാണ്. ഞാൻ ജിബ്രാനെ പഠിച്ചു കൊണ്ടിരിക്കുകയാണ് കുറച്ചു പുസ്തകങ്ങൾ വാങ്ങണം. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ (അജ്നിഹത്തുൽ മുതകസ്സിറഹ് ബ്രോകൻ വിങ്ങ്സ്) ഞാൻ വായിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന അറബിയിലുള്ള ജിബ്രാന്റെ പുസ്തകങ്ങളെ പറ്റി അദ്ദേഹത്തോട് പറഞ്ഞു. "ജിബ്രാനെ പറ്റി മറ്റെന്തു അറിയാം" അയാൾ ചോദിച്ചു.
"1883ല്‍ ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് ജിബ്രാന് കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍, ആത്മാവിന്റെ രോദനം എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും മോസിയാദയും ജിബ്രാനും ആശയവിനിമയം നടത്തി".
എല്ലാം കേട്ടതിനു ശേഷം എന്റെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു നന്നായി പഠിക്കൂ. അയാളുമായുള്ള സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ വായനക്ക് വേണ്ടി ചിലവയിക്കാൻ എനിക്കത് പ്രേരണയായി. ഞാൻ പുസ്തകത്തിന്റെ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു. അയാളോട് പൈസ വാങ്ങിക്കേണ്ട. എന്റെ സംസാരം അയാൾക്ക് ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല പൈസ വാങ്ങിക്കാതെ പ്രവാചനടക്കം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയും അയാൾ എനിക്ക് തന്നു.
മള്‍ബറിയുടെ ജീവനായ ഷെൽവിയോടാണ് ഞാൻ സംസാരിച്ചതെന്നു പിന്നീടാണ് മനസ്സിലായത്. പിന്നീട് മള്‍ബറിയിൽ പോകുമ്പോഴൊക്കെ പ്രൂഫുകൾ വായിച്ചിരിക്കുന്ന ഷെല്‍വിയെ കാണാറുണ്ട്. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ലോകത്ത് നിന്നും അറിവിന്റെ വാതായനങ്ങൾ തുറന്നു വായനാ ലോകത്തെ വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ തന്ത്രങ്ങൾ മെനയുന്ന ഒരാളായിട്ടാണ് എനിക്കദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. കിംഗ് മെമ്പർ ഷിപ്പിലൂടെ കൂടുതൽ വായനക്കാരെ സൃഷ്ടിക്കാനും വായനയെ ജീവിപ്പിക്കാനും ഷെൽവിക്ക് കഴിഞ്ഞു, തപാൽ മൂലം പുസ്തകങ്ങൾ എത്തിക്കാനും മെമ്പർ മാരുടെ ഫോട്ടോസ് അടങ്ങിയ പുസ്തക കതലോഗ്സ് അംഗങ്ങൾക്കയച്ചു കൊടുക്കാൻ ഷെൽവി ശ്രമിച്ചു. അവർക്ക് സമയത്ത് തന്നെ പുസ്തകമെത്തിക്കാനും പുതിയ വിവരങ്ങൾ അറിയാനും അതിലൂടെ കഴിഞ്ഞു. ഓണ്‍ലൈൻ എത്തുന്നതിനു മുമ്പേ ഈ ഒരു രീതിയിലൂടെ വായനക്കാർക്ക് പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ എത്തിക്കാൻ ഷെൽവിയുടെ ഈ പ്രവർത്തനം കൊണ്ട് കഴിഞ്ഞു.
വ്യത്യസ്തവും ആകര്‍ഷകവുമായ നവീനാശയങ്ങള്‍ ഉൾകൊള്ളുന്ന ആധുനിക പുസ്തകങ്ങള്‍ നിരവധി മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. സംസ്കാരങ്ങളുടെ കഥ പറയുന്ന മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചം പകരുന്ന ഒരു പാട് ആധുനിക പുസ്തകങ്ങളും അന്യഭാഷാ പുസ്തകങ്ങളുടെ പരിഭാഷകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നാം ലോക കഥ, ഭൂമിയുടെ മനസ്സിൽ, മാധവിക്കുട്ടിയുടെ കവിതകൾ ഇവയായിരുന്നു ആദ്യ കാല പ്രസിദ്ധീകരണങ്ങൾ, കാഫ്കയെയും നെരൂദയെയും കാന്റിനെയും ജിബ്രാനെയും മള്‍ബറിയിലൂടെ മലയാളി അറിഞ്ഞു. ഖലീൽ ജിബ്രാൻ (നാടോടി, അവധൂതന്റെ മൊഴി), ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ, നിഷേധികൾ പ്രവാചകന്റെ ഉദ്യാനം, അലഞ്ഞു തിരിയുന്നവർ, എന്നിവ ജിബ്രാന്റെ മള്‍ബറിയുടെ 89, 98 കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. യതിയുടെ ഒരു പാട് പുസ്തകങ്ങൾ അദ്ദേഹ പ്രസിദ്ധപ്പെടുത്തി. വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ മാർഗവും വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി ശ്രമിച്ചു. ഇക്കാരണത്താൽ തന്നെ മികച്ച പുസ്‌തകനിര്‍മ്മിതിക്കുള്ള ദര്‍ശന അന്തര്‍ദ്ദേശീയ പുരസ്‌കാരം മൂന്നുതവണ മള്‍ബറിക്ക് ലഭിച്ചു. ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും മള്‍ബറികു ലഭിച്ചു. പുസ്തക പ്രസാധനത്തില്‍ ഒരു പാട് നല്ല നല്ല മാറ്റങ്ങള്‍ വരുത്താൻ ഷെൽവിക്കു കഴിഞ്ഞു. പഴയ പുസ്തകനിര്‍മാണ രീതികളെ ഷെല്‍വി മള്‍ബറിയിലൂടെ മാറ്റി. ആകർഷകമായ ലേഔട്ട്, കവർ, സ്പയിൻ, പേജ് സെറ്റിംഗ്സ് തുടങ്ങിയ പുസ്തകത്തിന്റെ മട്ടിലും കെട്ടിലും വരെ ഷെൽവി ശ്രദ്ധിച്ചു, പുസ്തകം അതിന്റെ ഉൾകാമ്പിനു പുറമേ കാഴ്ചയിലും മനോഹരമായിരിക്കണം എന്ന കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുസ്തകപ്രസാധനത്തില്‍ കാണുന്ന പല നവീന രീതികല്ക്കും തുടക്കം കുറിച്ചത് ഷെൽവിയാണെന്ന് പറയാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പേരെടുക്കാൻ മള്‍ബറിക്ക് കഴിഞ്ഞു. പ്രസാധന രംഗത്ത് തന്റെ പേരടയാളപ്പെടുത്തി വളരെ പെട്ടെന്ന് തന്നെ ഷെൽവി നമ്മെ വിട്ടു പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 2003 ഓഗസ്റ്റ് 21-നായിരുന്നു ഷെൽവി നമ്മെ വിട്ടു പിരിഞ്ഞത്.
എന്ത് കൊണ്ട് ഷെൽവി അന്ന് എന്നോട് പൈസ വാങ്ങിയില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും, പിന്നീട് ഡെയ്സിയുടെ പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ''ഞാന്‍ പുസ്‌തകങ്ങളെയാണ് നിര്‍മിക്കുന്നത്. മത്തിക്കച്ചോടമല്ല നടത്തുന്നത്'' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ " പുസ്‌തകപ്രസാധനമെന്ന കലയെ വില്‍പനച്ചരക്കാക്കാന്‍ ഷെൽവി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. വായനയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഈ സമീപനമാണോ അദ്ദേഹത്തെ തകർത്ത് കളഞ്ഞത് എന്ന് പലരും സംശയിക്കുന്നു. പല എഴുത്തുകാരെയും നശിപ്പിച്ചതുപോലെ തുടര്‍ച്ചയായ മദ്യപാനവും ബിസിനസിലുള്ള അശ്രദ്ധയുമാണ് ഷെല്‍വിയുടെ പരാജയത്തിനു കാരണമെന്ന് പലരും വിലയിരുത്തുന്നു. ഷെല്‍വിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യപാനശീലമായിരുന്നു എന്ന് ഡെയ്‌സി തന്നെ പറയുന്നുണ്ട്. "മദ്യപാനം എഴുത്തുകാരിൽ കണ്ടു വരുന്ന കൂടപ്പിറപ്പായ ഒരു ശീലമാണ്. ഒമർഖയ്യാം വരെ പാന പാത്രം നിറയെ ചുവന്ന വീഞ്ഞ്, സഖീ, പിന്നെയരികിൽ നീയും, ഈ കവിതയുമുണ്ടങ്കിൽ സ്വർഗമെന്തിനു വേറെ എന്ന് പാടിപ്പോയിട്ടുണ്ട്. മദ്യം മനുഷ്യനെ കുടിക്കാതിരുന്നാൽ മതി. പക്ഷെ, കർക്കിടക മഴയിൽ ബിയർ കഴിക്കണമെന്ന തോന്നാൻ തുടങ്ങിയാൽ പിന്നെ ആ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല". (ഷെൽവി എന്ന പുസ്തകം) ഡേയ്സിയുടെ ഈ വാക്കുകൾ മദ്യത്തിൽ അടിമപ്പെടുന്ന ഏതു രംഗത്തുള്ളവർക്കും വലിയൊരു പാഠമാണ്.
ജിബ്രാൻ എന്ന എഴുത്തുകാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതായിരിക്കും മറ്റൊരു കാരണം എന്ന് ഡേയ്സിയുടെ ഈ വാക്കുകളിൽ നിന്നും മനസ്സിലാവുന്നു "ഷെൽവി പറഞ്ഞിട്ടാണ് ഞാൻ ജിബ്രാന്റെ മോസിയാദക്കെഴുതിയ കത്തുകൾ വായിക്കുന്നത്. ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ തുടങ്ങിയ കവിതകളിലെ ജിബ്രാനെക്കാൾ അനുരാഗത്തിന്റെ ചൂടും വെളിച്ചവുമേറ്റ ജിബ്രാനെ ഞാനവിടെ വെച്ചു കണ്ടു " (ഷെൽവി എന്ന പുസ്തകം). ജിബ്രാന്റെയും മോസിയാദയുടെ എഴുത്തുകൾ അവർ തമ്മിലുള്ള പ്രേമബന്ധം ഏറെ ശക്തി പ്പെടുത്തിയിരുന്നു എന്നത് ഡേയ്സിയുടെ പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നുണ്ട്. "ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?" മോസാദയുടെ ഈ കത്ത് ഇവിടെ വായനക്കാരെ സ്നേഹത്തിനപ്പുറം മറ്റു അർഥ തലങ്ങളിലേകാണ് കൂട്ടി കൊണ്ട് പോകുന്നത്.
നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു. ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു പ്രകൃതിയുടെ മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.
ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നു.
ഷെല്‍വി നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞു. ഷെല്‍വിയുടെ
പബ്ലിക്കേഷന്‍സിലൂടെ മുഖ്യധാരയിലെത്തിയ പലരും ഷെൽവിയെ മറന്നു എന്നത് ഒരു
ദുഃഖ സത്യമാണ്. ഷെല്‍വിയെക്കുറിച്ചു "ഷെൽവി എന്ന പുസ്തകം" എഴുതിയത് ഡെയ്സി
തന്നെയാണ്, ഒരു പാട് കാര്യങ്ങൾ ഡെയ്സി അതിൽ പ്രതിപാതിക്കുന്നു. അവരുടെ
ജീവിതവുമായി ബന്ധപ്പെട്ടത്തിനപ്പുറം മനസ്സലിയിപ്പിക്കുന്ന ഒരു പാട്
കാര്യങ്ങൾ ഡെയ്സി പറയുന്നുണ്ട്, വീ ആർ സുദീഷിന്റെ വാക്കുകൾ അതിന്റെ ആഴം
നമുക്ക് വ്യക്തമാക്കിത്തരുന്നു ഡെയ്സി എഴുതുന്നു:""വൈധവ്യത്തിന് യാതൊരു
രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍
തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത്
ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി.""
പ്രിയപ്പെട്ട ഡെയ്സീ, ആത്മാവിലൂടെ ഒഴുകുന്ന അദൃശ്യയായ ആ നദി ഈ
പുസ്തകത്തില്‍ ഞാന്‍ കാണുന്നു. ഡെയ്സി പറയുന്നതുപോലെ പ്രണയമായാലും
വിവാഹമായാലും വൈധവ്യമായാലും ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ മാത്രമാണ് അതിനെ
വ്യത്യസ്തമാക്കുന്നത്. ഡെയ്സി എഴുതാതെ പോയ ഷെല്‍വിയുടെ ജീവിതാധ്യായങ്ങള്‍ ഈ
പുസ്തകത്തില്‍ ഞാന്‍ വായിക്കുന്നുണ്ട്. എന്തുകൊണ്ട് അത് എഴുതാതെ പോകുന്നു
എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. പലപ്പോഴും ഈ പുസ്തകത്തിലെ വിവിധ
സന്ദര്‍ഭങ്ങള്‍ എന്നെ കരയിച്ചു". സുദീഷിനെ പോലെ ഈ പുസ്തകം വായിക്കുന്ന
ആരെയും കരയിപ്പിക്കും എന്നതിൽ സംശയമില്ല.
ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു
മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്
എല്ലാം...
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ
ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു
മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്
എല്ലാം...
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ