Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

18 comments:

  1. അൽപ്പനേരത്തെ ആനന്ദത്തിന്നുവേണ്ടി ഒരു ജീവിതം കശക്കിയെറിഞ്ഞതിൻറെ പാപം അയാളെ പിൻതുടരുകയായിരുന്നു. നല്ല പോസ്റ്റ്.

    ReplyDelete
  2. മുസ്തഫ ലുത്ഫി മന്ഫലൂതിയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. പാവപ്പെട്ടവന്റെ വയറൊട്ടുമ്പോഴാണ് പണക്കാരന് വയര്‍ സ്തംഭനം വരുന്നത് . തന്റെ കഥകൾ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് വിശ്വസാഹിത്യകാരന്മാരുടെ നിരയിൽ അദ്ദേഹവും സ്ഥാനം പിടിക്കുമായിരുന്നു.
    വീണ്ടും വരാം ,
    സസ്നേഹം .....

    ReplyDelete
    Replies
    1. ശരിയാണ് ആഷിക് BITNATHUL GANIY INTHIQAAMU JOOUL FAKEER എന്നത് അദ്ദേഹത്തിൻറെ പ്രസിദ്ധമായ വാചകമാണ് ഇത്, ധനികനും പാവപ്പെട്ടവനും എന്ന കഥയിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ആഷിക്

      Delete
  3. മൻഫലൂത്തിയുടെ രചനാലോകത്തേക്ക് മുമ്പും കൂട്ടിക്കൊണ്ടുപോയത് ഓർക്കുന്നു.... താങ്കളിലൂടെ മഹാനായ ഒരെഴുത്തുകാരന്റെ രചനാലോകം അറിയുന്നു......

    ReplyDelete
    Replies
    1. ഞാൻ അദ്ദേഹത്തിൻറെ കാലത്തിന്റെ കണ്ണ് നീർ എന്ന കഥ പരിഭാഷപ്പെടുത്തിയപ്പോൾ പ്രതീപ് സാർ എഴുതിയ വിലപ്പെട്ട ആ കമന്റ്സ് ഞാൻ ഇവിടെ ചേർക്കുന്നു .

      ആയിരത്തി എണ്ണൂറുകളുടെ അവസാനപാദത്തിലും ആയിരത്തിത്തൊള്ളായിരങ്ങളുടെ ആദ്യപാദത്തിലുമുള്ള ജീവിതനിരീക്ഷണങ്ങളുടെയും എഴുത്തിന്റെയും രീതിശാസ്ത്രമനുസരിച്ച് മുസ്തഫ ലുത്ഫി മൻഫലൂത്തി എന്ന എഴുത്തുകാരൻ ഒരു അതുല്യപ്രതിഭയായിരുന്നു എന്ന് പറയാം. അക്കാലത്തുതന്നെ ഫ്രഞ്ചിൽ നിന്നും മറ്റും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ഫലൂത്തി തന്റെ കഥകൾ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് വിശ്വസാഹിത്യകാരന്മാരുടെ നിരയിൽ അദ്ദേഹവും സ്ഥാനം പിടിക്കുമായിരുന്നു.

      ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും, മനുഷ്യന്റെ ജൈത്രയാത്രകൾ വിധിയുടെ കടം വീട്ടലുകളിൽ തകർന്നടിയുക എന്ന അനിവാര്യതയുമൊക്കെ കഥയിലേക്ക് സാംശീകരിച്ച്, അക്കാലത്തെ സമൂഹത്തിന് മികച്ച സന്ദേശം നൽകുകയായിരുന്നു ഫലൂത്തി....

      പഴയ കാലത്തെ ഗദ്യവും ശൈലിയും കുറേക്കൂടി കഠിനമാണെങ്കിലും , ആ കഠിനവഴികൾ താണ്ടി മികച്ചൊരു തർജ്ജമയാണ് താങ്കൾ നടത്തിയിരിക്കുന്നത്...... അഭിനന്ദനങ്ങൾ

      Delete
  4. നല്ല കഥ.. മികച്ച പരിഭാഷ.. അറിയില്ലായിരുന്നൂ, ഇങ്ങനൊരു എഴുത്തുകാരനെ പറ്റി..

    ReplyDelete
  5. വായിയ്ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം

    ReplyDelete
  6. നല്ലൊരൂ പോസ്റ്റ്‌.. ഏറെ ചിന്തനീയം.

    ReplyDelete
  7. മൻഫലൂത്തിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഒന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ... താങ്കളുടെ ഈ ലേഖനത്തിലൂടെ അദ്ധേഹത്തെ കൂടുതൽ അറിയുകയും വായിക്കാനുള്ള ആഗ്രഹം കൂടുകയും ചെയ്യുന്നു...

    ReplyDelete
  8. ഒരു നിമിഷത്തിന്‍ ബലഹീനത അത് ഇഹവും പരവും നഷ്ടപെടുത്തുന്നു ആശംസകള്‍ സഹോദരാ

    ReplyDelete
  9. നല്ലൊരു കഥയെക്കുറിച്ച് വായിക്കാനായി.നൂറ്റാണ്ടു കഴിഞിട്ടും ഒരു കഥ ചര്‍ച്ച ചെയ്യപ്പെടുക എന്നത് എഴുത്‌തുകാരന്റെ വിജയം തന്നെ. അതും അന്യ ഭാഷയില്‍ .

    ഈ പോസ്റ്റിനു നന്ദി

    ReplyDelete
  10. മന്‍ഫലൂതിയുടെ ഈ കഥയും മറ്റു ചില കഥകളുമുള്‍ക്കൊള്ളുന്ന 'നള്‌റാത് '(ചിന്തകള്‍ ) കോളേജില്‍ പഠിച്ചതോര്‍ത്തു, അന്ന് ഗുരുനാഥന്‍ ചറിയമുണ്ടം അബ്ദുറസാക്ക് സാര്‍ സാഹിത്യഭംഗി ചോര്‍ന്നു പോകാതെ ക്ലാസെടുത്തിരുന്നു.. അക്കാലത്ത് അതിലെ ഒന്നുരണ്ട് കഥകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്യുകയും അദ്ദേഹം എഡിറ്ററായിരുന്ന 'ശബാബില്‍ ' പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.. പിന്നീട് ജീവസന്ധാരണ മാര്‍ഗങ്ങള്‍ തേടിയുള്ള 'പ്രവാ(യാത്ര)സ'ത്തിലുമൊക്കെയായി ആ പുസ്തകവും ശബാബിന്റെ പഴയ ടാബ്ലോയ്‌ഡ് കോപ്പികളും നഷ്‌ടപ്പെട്ടു..

    മന്‍ഫലൂതിയുടെ രചനകള്‍ , കഥകളും അനുഭവങ്ങളും കുറിപ്പുകളും ലേഖനങ്ങളും എല്ലം കൂടി ചേര്‍ന്നതായിരിക്കും പലപോഴും , അനുഭവത്തില്‍ നിന്ന് തുടങ്ങി കഥയിലേക്കും കഥയില്‍ തുടങ്ങി ലേഖനത്തിലേക്കും വഴിമാറിപ്പോകുമെങ്കിലും വിരസതയില്ലാതെ സര്‍ഗസൌന്ദര്യം ആസ്വദിച്ചു വായിച്ചുപോകാം സാമൂഹ്യവിമര്‍ശനങ്ങള്‍ വിശേഴിച്ചും .. ഇതിലെ തന്നെ 'നാളെ' 'വെളുത്ത മുടി' 'പ്രഥമചഷകം ' തുടങ്ങിയ രചനകള്‍ ...!

    നിറഞ്ഞ നന്ദി, ഭാവുകങ്ങളും ..

    ReplyDelete
  11. ശ്രീ മജീദിന്റെ ബ്ലോഗ്ഗില്‍ നിന്നും ലോക പ്രശസ്തരായ എഴുത്തുകാരെ കുറിച്ചറിയുന്നത് ഇതാദ്യമല്ല. സ്വതസിദ്ധമായ രീതിയില്‍ വിഖ്യാതരായ എഴുത്തുകാരെ മജീദ്‌ പരിചയപ്പെടുത്തുന്നത് ഒരു പ്രത്യേക അനുഭവമായി വായനക്കാരന്‍ ഉള്‍ക്കൊള്ളുന്നു എന്നിടത്താണ് മജീദിന്റെ വിജയം.. ജിബ്രാന്‍, മന്ഫലൂതി തുടങ്ങി ലോകം കണ്ട മികച്ച എഴുത്തുക്കാരെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ മികച്ച രചനകള്‍ കാവ്യാത്മകമായി അനുവാചകന് പകര്‍ന്നു നല്‍കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ദുഖത്തിന്റെ തടവറയെ കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍.. ആശംസകള്‍

    ReplyDelete
  12. അറിയാതിരൊന്നൊരു കഥാകാരനെ പരിചയപ്പെട്ടു. നല്ല രീതിയിൽ വിവർത്തനം ചെയ്തിരിക്കുന്നു.

    ReplyDelete
  13. അറബിക്കോളജിലെ പാഠപുസ്തകത്തിലെ ഒരു മൻഫലൂത്വി കഥ, വാപ്പ പണ്ട് മൊഴിമാറ്റം നടത്തി പറഞ്ഞു തന്നിരുന്നത് ഓർമ്മയുണ്ട്. തുടർന്ന് വേറെയും കുറേ മൻഫലൂത്വി രചനകൾ...താങ്കളുടെ ഈ പോസ്റ്റ് എനിക്ക് ഗൃഹാതുരതയാണ് സമ്മാനിക്കുന്നത്.
    ടൈപ്പിംഗ് പിഴവുകൾ അക്ഷരത്തെറ്റുകൾ പോലെ തോന്നുന്നു, തിരുത്തുമല്ലോ?

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...