Wednesday, November 26, 2014

കുട്ടികള്‍ ദൈവത്തിന്റെ മാലാഖമാര്‍

ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത, ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത ആ ചെറു പ്രായം. മഴയും വെയിലും നിലാവുമെല്ലാം മനസ്സിന് പ്രത്യേക ആനന്ദം നല്കിയ കാലം. ഇന്ന് ഓരോ മഴ നൂലുകളും മനസ്സില്‍ നെയ്തു കൂട്ടുന്നത് ഓര്‍മകളുടെ പൂക്കാലമാണ്. ഓര്‍മകളുടെ നഷ്ടവസന്തമാണ്. ചാറ്റല്‍ മഴ നനഞ്ഞും കോരിച്ചൊരിയുന്ന മഴയിലൂടെയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍ നീങ്ങിയ ആ ദിനങ്ങള്‍ അവിടെ നിന്നും ആദ്യമായി നുകര്‍ന്ന അറിവുകള്‍, കടലാസ് തോണിയുണ്ടാക്കി കൂട്ടുകാരികളോടൊപ്പം മഴ നനഞ്ഞു പോയ ആ കാലം ഇന്നും ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടിച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഓരോ അധ്യാപകരില്‍ നിന്നും ലഭിച്ച ആ അറിവുകള്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അവിടെ കളിക്കാനും ചിരിക്കാനും ആടാനും പാടാനും അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല. കൂട്ടിനു കളിക്കാനായി പൂതുമ്പികളും  പുല്‍മേടുകളും പൂമ്പാറ്റകളും... തികച്ചും സ്വതന്ത്രമായ ഒരു ലോകം. അറിവിന്റെ ലോകത്ത് ആദ്യാക്ഷരങ്ങള്‍ നുകരാന്‍ വന്ന  ഒത്തിരി കൂട്ടുകാരും, ഒന്ന് വേദനിച്ചാല്‍, വീണാല്‍ കരയുമ്പോള്‍ സാന്ത്വനിപ്പിക്കാനും തലോടാനും സ്‌നേഹം നല്കാനും മാത്രം അറിയാവുന്ന അധ്യാപകര്‍.

ഇന്നലെകള്‍
മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് മക്കളുടെ സുരക്ഷയെ കുറിച്ച് അന്ന് വലിയ വേവലാതികള്‍ ഉണ്ടായിരുന്നില്ല. സൗഹാര്‍ദത്തിന്റെ പരസ്പരം സ്‌നേഹിക്കുന്ന ലോകമായിരുന്നു.  അതുകൊണ്ട് ഓരോ കുട്ടിയേയും സ്വന്തം കുട്ടികളെ പോലെയായിരുന്നു ഓരോരുത്തരും കണ്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പ്രത്യേകം സ്‌കൂള്‍ ബസ്സുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ വിട്ടു വീട്ടില്‍ പോകാന്‍ ഒന്നോ  രണ്ടോ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് വന്നില്ലങ്കില്‍ തിരിച്ചു വരാന്‍ അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കണം. അഞ്ചും പത്തും കിലോമീറ്റര്‍ താണ്ടിയാണ് അന്ന്  സ്‌കൂളില്‍ പോയിരുന്നത്. ബസിറങ്ങിയാല്‍ വീണ്ടും കിലോമീറ്ററുകളോളം നടക്കണം. തിരിച്ചു വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ടിക്കഴിയും. മകന്‍ അല്ലെങ്കില്‍ മകള്‍ ബസ് കിട്ടാതെ വീട്ടിലെത്താന്‍ വൈകിയാല്‍ അവരുടെ ആധി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മക്കള്‍ വഴിയില്‍ വീഴുമോ എന്നായിരുന്നു. നാട്ടുകാരില്‍ ആരുടെയങ്കിലും കൈ പിടിച്ചു സുരക്ഷിതമായി തന്റെ മക്കള്‍ വീട്ടില്‍ എത്തുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. ചെറിയ മേനികളെ കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കാമ വെറിയന്മാരായ മനുഷ്യപിശാചുക്കള്‍ അന്നില്ലായിരുന്നു. തന്റെ മക്കള്‍ പീഡിക്കപ്പെടുവെന്ന പേടി അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിട്ടു തിരിച്ചു വരുമ്പോള്‍ മഴ നനയാതിരിക്കാന്‍ പരിചയമില്ലാത്ത ഏതെങ്കിലും വീടിന്റെ  ഉമ്മറത്ത്  കയറിയാല്‍, മഴ തോരാന്‍ ഇത്തിരി വൈകിയാല്‍, അവിടെയുള്ള അമ്മ, വീട് എവിടെയാണ് എന്ന് അന്വേഷിക്കും. നേരം ഇരുട്ടാകുകയാണെങ്കില്‍ അമ്മ, വീട്ടിലുള്ള മുതിര്‍ന്ന മക്കളോട് പറയും 'കുട്ടിയുടെ അമ്മ മകന്‍ വീട്ടില്‍ എത്താത് കൊണ്ട് വിഷമിക്കുന്നുണ്ടാകും. മോനും ഈ കുട്ടിയുടെ വീട് വരെ പോയി സുരക്ഷിതമായി അവനെ വീട്ടില്‍ എത്തിക്കൂ'. അവര്‍  കുട്ടികളുടെ  മതമോ ജാതിയോ നോക്കിയിരുന്നില്ല.   ഇത്തരം സ്‌നേഹ നിധികളായ അമ്മമാരെ ഇന്നും ഓര്‍ക്കുന്നു. മുകളില്‍ എഴുതിയത് ചെറുപ്പ കാലത്തിലെ ഞങ്ങളുടെ നാടായ നാദാപുരത്തിന്റെ ഒരു ചിത്രമാണ്.

ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍
ഇന്ന് ആ ചിത്രം മാറുകയാണോ. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വളരെയധികം ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും വായിച്ചത്. സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളും കഥകളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. നാലര വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിരയായ വാര്‍ത്തയും പീഡനത്തിനിരയായ കൊച്ചുകുട്ടിയെ അപഹസിച്ച് മോശമായ രൂപത്തില്‍  സ്‌കൂള്‍ അധികാരി കൂടിയായ ഒരു പണ്ഡിതന്‍ നടത്തിയ പ്രസംഗവും ഓരോരുത്തരുടെയും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ കിട്ടേണ്ട സ്ഥലമാണ് വീടും വിദ്യാലയവും സമൂഹവും, അവിടെ ഭയത്തിന്റേയും ഭീഷണിയുടെയും പീഡനത്തിന്റെയും അവസ്ഥ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ വളരെയധികം ദയനീയമാണ്. സ്‌നേഹ വിശ്വാസങ്ങള്‍ ഏറ്റവും കൂടുതല്‍ വേണ്ടിടത്ത് അതില്ലാതാകുമ്പോള്‍ നാം പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ നടക്കുന്നത് നൂറു ശതമാനം സാക്ഷരത നേടിയ അറിവിന്റേയും സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തിലാണ് എന്നത് ഒരു ദുഃഖസത്യമാണ്. ഒരുപാട് നവോഥാന നായകന്മാര്‍ ചേര്‍ന്ന് സമൂഹത്തില്‍ നടമാടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍ത്തലാക്കിയ നാടാണ് നമ്മുടേത്.

സാംസ്‌കാരിക നാദാപുരം
മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാന വിപ്ലവം നയിച്ച പണ്ഡിതര്‍ നവീകരണ പരിഷ്‌കരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മണ്ണായിരുന്നു നാദാപുരം. നാദാപുരം ജുമാമസ്ജിദിലെ ദറസ് കേരളത്തിലാകെ പ്രസിദ്ധമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവുകള്‍ തേടി വിദ്യാര്‍ഥികള്‍ അവിടെ വന്നിരുന്നു. പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ അവിടെ താമസിച്ചിരുന്നു. സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് വിളക്ക് കൊളുത്താനും നിരവധി  സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്കാനും സാംസ്‌കാരിക വേദികള്‍ ഉണ്ടാക്കാനും ഗ്രന്ഥാലയങ്ങള്‍ നിര്‍മിക്കാനും അവര്‍ക്ക് കഴിഞ്ഞു. വിവിധ വിജ്ഞാന ഗ്രന്ഥങ്ങള്‍ അവിടെ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. സംസ്‌കൃത പണ്ഡിതന്മാരായ ഹിന്ദു വിദ്വാന്മാരുമായി സൗഹൃദ  സംവാദം നടത്തിയിരുന്ന സംസ്‌കൃതം അറിയാവുന്ന പണ്ഡിതര്‍വരെ   അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹജ്ജ് കര്‍മങ്ങളെ കുറിച്ച് മലയാളത്തില്‍ പുസ്തകം വിരളമായിരുന്ന കാലത്ത് നാദാപുരത്ത് തന്നെയുള്ള പണ്ഡിതനായിരുന്ന ഖാലിദ് (കലന്തന്‍) മുസ്‌ലിയാരുടെ ഹജ്ജ് കര്‍മ്മം  പ്രതിപാദിക്കുന്ന 'ഹാജിമാര്‍ക്ക് ഒരു ഉപഹാരം' അക്കാലത്ത് എഴുതപ്പെട്ടതായിരുന്നു. അക്കാലത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വഴികാട്ടിയായിരുന്നു ആ പുസ്തകം.  പിന്നീട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും വര്‍ത്തമാന പത്രങ്ങളും ഉള്‍പ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന  മത സാമൂഹിക സാഹിത്യ ശാസ്ത്രീയ സാമ്പത്തിക വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥാലയം അവിടെ സ്ഥാപിക്കപ്പെട്ടു. വീട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന  വിജ്ഞാന കുതുകികളായ സ്ത്രീകള്‍ക്കും സ്‌കൂള്‍ കോളെജ്  വിദ്യാര്‍ഥികളും യുവജനങ്ങള്‍ക്കും ജാതി മത ഭേദമന്യേ  ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.

ജാതി വ്യവസ്ഥയും ജന്മിത്വ സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു കുടിയാന്മാര്‍ ജന്മികള്‍ക്ക് മുമ്പില്‍ നേന്ത്രവാഴക്കുലയും പശുവിന്‍ നെയ്യും  കാഴ്ച വെക്കുന്ന കാലം. തൊഴിലാളികളും ജന്മി മുതലാളിമാരും കുടിയാന്മാരും ഉള്‍ക്കൊള്ളുന്ന സമൂഹം  ജാതിയുടെയും വര്‍ഗ്ഗത്തിന്റേയും പേരില്‍ വേര്‍തിരിക്കപ്പെട്ടവര്‍.  ദേശീയ പ്രസ്ഥാനത്തിന്റേയും സാമൂഹ്യനവോത്ഥാന യത്‌നങ്ങളുടെയും ഫലമായി ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ഇവിടെയും ശക്തിപ്പെടുകയായിരുന്നു. സംഘടിത കര്‍ഷകത്തൊഴിലാളി ബഹുജന പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചുവന്നു. ഇതിന്റെ യൊക്കെ പരിണിത ഫലമായി ഒരു പാട് നല്ല മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. നാദാപുരത്തിന്റെ പഴയ സാംസ്‌കാരിക ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി എന്ന് മാത്രം. വടക്കന്‍ പാട്ടിന്റേയും അങ്കത്തട്ടുകളുടേയും കളരി പരമ്പരകളുടേയും ചരിത്രമുറങ്ങുന്ന നാടെന്ന വിശേഷണങ്ങള്‍ കൂടിയുള്ള നാദാപുരത്തിനു നിരവധി സാംസ്‌ക്കാരിക കഥകള്‍ ഇനിയും പറയാനുണ്ട്.

പ്രതികരണം
ഇത്രയും  സാംസ്‌കാരിക പാരമ്പര്യമുള്ള നാട്ടില്‍ ഇത്തരം ഒരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കുട്ടിയുടെ കുടുംബത്തെ അതിക്ഷേപിച്ച് സംസാരിച്ചത്  ഗൗരവകരമാണെന്ന് ബാലാവകാശ കമ്മീഷന്‍  അഭിപ്രായപ്പെട്ടതായി  പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം പീഡന വാര്‍ത്തകള്‍  നാദാപുരത്തിന്റെ ചൈതന്യത്തിനും ഒജസ്സിനും വീണ്ടും മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ മത വിഭാഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് വേദനാജനകമാണ്. ഇവിടെ മത വിഭാഗങ്ങള്‍ക്കിടയിലുള്ള വഴക്കാവാതെ എല്ലാ മതവിഭാഗങ്ങളും ഈ അനീതിക്കെതിരെ ഒരുമിച്ച് ശബ്ദിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക പീഡനത്തെ ഒരു സാമൂഹിക വിപത്തായി കണ്ട് ജാതി- മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു. നാളെ നമ്മുടെ ഓരോരുത്തരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാനുള്ള ഇടം സൃഷ്ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. നമ്മുടെ പ്രതിഷേധങ്ങള്‍ ഏതെങ്കിലും  രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ വ്യക്തി താത്പര്യങ്ങള്‍ക്കോ വേണ്ടി ആവാതെ നാളത്തെ തലമുറയെ രക്ഷിക്കാന്‍ വേണ്ടിയായിരിക്കണം അവര്‍ ഇത്തരം പീഡനത്തിനു ഇരയാകാതിരിക്കാന്‍ വേണ്ടി. എതങ്കിലും ഒരു പണ്ഡിതന്റെ  വില കുറഞ്ഞ വാക്കുകള്‍കൊണ്ട് എല്ലാ പണ്ഡിതന്മാരെയും കുട്ടപ്പെടുത്തുന്നതും ഒരു സ്ഥാപനത്തിന്റെ മോശമായ പ്രവര്‍ത്തികൊണ്ട് മറ്റു  നല്ല സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല. ഇതിന്റെ പേരില്‍ വല്ലാത്ത ഒരു ഭീതി സൃഷ്ടിക്കാതെ  ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിയമ നടപടികളുമായി മുമ്പോട്ട് പോകുകയാണ് വേണ്ടത്. ഒരു നിരപാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. കുറ്റം ചെയ്തത് ആരായാലും അവരെ ശിക്ഷിക്കുക തന്നെ വേണം.

സാംസ്‌കാരിക അധഃപതനം നേരിടുകയാണോ
സ്വന്തം അസ്തിത്വത്തെ പറ്റി ചിന്തിക്കാന്‍ കഴിയാതെ ഭൗതിക സുഖങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലുകള്‍ക്കിടയില്‍ പുതുതലമുറയുടെ സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ സാംസ്‌ക്കാരിക സംഘടനകളുടെയും ഗ്രന്ഥാലയങ്ങളുടെയും ശിലകള്‍ പോലും ഇന്ന് നഷ്ടപ്പെട്ടു പോകുകയാണ്. സാംസ്‌കാരിക നവോഥാന പണ്ഡിതന്മാരുടെ കഥകള്‍ കേട്ടായിരുന്നു പഴയ തലമുറ  വളര്‍ന്നത്. ഇന്നത്തെ തലമുറ അത് കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. ഗള്‍ഫ്  പണത്തിന്റെ ഫലത്തില്‍ പഴയ സംസ്‌കാരങ്ങളും ജീവിത  നിഷ്ഠയും കുറഞ്ഞു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ സംസ്‌കാരത്തിന്റെ അവകാശ വാദം പറയുമ്പോഴും  സാംസ്‌കാരിക ച്യുതിയിലേക്ക് നീങ്ങുകയാണോ നമ്മള്‍.  ഗള്‍ഫ് പണവും ഭൗതിക സുഖസൗകര്യങ്ങളും കൂടിയപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ധാര്‍മികത എന്തെന്ന് മറന്നു പോകുന്നു. വളരെ പ്രയാസപ്പെട്ടു ജീവിച്ച പലര്‍ക്കും ഗള്‍ഫിന്റെ വാതിലുകള്‍ തുറന്നു കിട്ടിയപ്പോള്‍ പ്രവാസ ജീവിതം അവര്‍ക്ക് സമ്മാനിച്ചത് വലിയ സൗഭാഗ്യങ്ങളാണ്. ഓലമേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി, ഗ്രാമ ചിത്രങ്ങള്‍ മാറ്റപ്പെട്ടു, തിരിയിട്ട വിളക്കുകള്‍ക്ക് പകരം ഇലക്ട്രിക് ബള്‍ബുകള്‍ കൊണ്ട് അകത്തളങ്ങള്‍ പ്രകാശ പൂരിതമായി. ചെറുപ്പത്തില്‍ പഠിച്ചിരുന്ന ഓലമേഞ്ഞ സ്‌കൂളുകള്‍ക്ക് പകരം വലിയ സൗകര്യങ്ങളുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി. കുട്ടികള്‍ക്ക്  വീട്ടിനു മുമ്പില്‍തന്നെ സ്‌കൂള്‍ വാഹനങ്ങള്‍ വരുന്നു, കാലില്‍  ചെളിയും മഴ വെള്ളവും നനയാതെ വിലകൂടിയ വസ്ത്രവും ബാഗും സുഗന്ധങ്ങളും ഉപയോഗിച്ചു ക്ലാസ് റൂമിലേക്ക് പോകാന്‍ കഴിയുന്നു. ഉപയോഗിക്കാന്‍ മൊബൈലും ലാപ് ടോപ്പും ഇന്റര്‍നെറ്റും. പല കുട്ടികളും ഫേസ് ബുക്കിലും  വാട്‌സ് ആപ്പിലും സമയം ചെലവഴിക്കുന്നു. മറ്റ് ഉപയോഗ ശൂന്യമായ കാണാന്‍ പാടില്ലാത്ത  സൈറ്റുകളില്‍ മേയുന്നു. പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നു. മറ്റൊരു വിഭാഗം കുട്ടികള്‍ നാല് ചുവരുകള്‍ക്കിടയില്‍ സൗഹൃദങ്ങളുടെ ലോകം എന്തെന്ന് അറിയാതെ അവരുടെ ചിന്തകളെ തളച്ചിട്ടിരിക്കുന്നു. സ്‌കൂളിന്റേയും വീടിന്റേയും മതിലുകള്‍ക്കുള്ളില്‍ നിന്നും പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ കഴിയാതെ ബന്ധങ്ങളുടെയും തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വില മനസ്സിലാക്കാന്‍ കഴിയാതെ മാതാപിതാകളുടെ സമ്മര്‍ദ്ദം മൂലം പഠനം എന്നാ ഒരൊറ്റ ചിന്തയുമായി  സമൂഹത്തില്‍ നിന്നും ഒരു പാട് അകന്നു ജീവിക്കുന്നു.

ജീവിത നിലവാരം
ഇവിടെ ജീവിത നിലവാരം ഒരുപാടുയര്‍ന്നപ്പോള്‍ നമ്മുടെ സാമൂഹിക ബന്ധങ്ങളും സംസ്‌കാരവും എത്രത്തോളം ഉയര്‍ന്നിട്ടുണ്ട് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ കണക്കുകളും നിഷ്‌കളങ്ക മനസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങളിലേക്ക്  കാമക്കണ്ണുകളോടെ നോക്കുന്ന കാമപൂര്‍ത്തീകരണത്തിനായി കാത്തുനില്‍ക്കുന്ന ക്രൂരന്മാരും കൂടി വരുന്നുണ്ട് എന്നാണ് സമീപകാല ചരിത്രം. അവരില്‍ സമൂഹത്തിലെ  ഉന്നതരുടെ മക്കളാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെക്കുകയും ഇരകള്‍ക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പ്രവാസികളായ ഓരോ രക്ഷിതാക്കളും കുട്ടികളെ പറഞ്ഞയക്കുന്ന സ്ഥാപനങ്ങള്‍ തികച്ചും സുരക്ഷിതമായ സ്ഥാപനങ്ങള്‍ ആണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു, മക്കളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അവര്‍ക്ക്  ധാര്‍മിക ബോധം നല്കുകയും അവരുടെ ജീവിത രീതികള്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

തന്റെ മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുമ്പോള്‍  കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാന്‍ കഴിയാതെ പട്ടിണി കിടന്നു തെരുവില്‍ കഴിയേണ്ടി വരുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്.  അവര്‍ക്ക് സ്വപ്നം കാണാന്‍ ഒരു നേരത്തെ ഭക്ഷണവും താമസിക്കാന്‍ ഒരിടവും മാത്രം അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, സ്വന്തം മക്കളെ ആര്‍ഭാടത്തോടെ വളര്‍ത്തുമ്പോള്‍ ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടില്ല എന്ന് നടിക്കാതെ അവരെ സഹായിച്ചു അവരുടെ സ്വപ്നങ്ങളിലും പങ്കു ചേരാന്‍ നമുക്ക് കഴിയണം.

ദൈവത്തിന്റെ മാലാഖമാര്‍
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ്. അവരാണ് നാളെ ഈ ലോകം നിയന്ത്രിക്കേണ്ടത്. അവരെ ഒരിക്കലും ക്രൂശിച്ചു കൂടാ. ബാലവേലകള്‍ ചെയ്യുന്ന അടിമ വേലകള്‍ ചെയ്യേണ്ടി വരുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ മോചിപ്പിക്കാന്‍ കഴിയണം. ആരോരുമറിയാതെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലൈംഗികപീഡനം അനുഭവിക്കുന്ന  കുട്ടികളുണ്ടെങ്കില്‍ അവര്‍ എവിടെയായാലും അവര്‍ക്ക് സംരക്ഷണം നല്കണം. അവര്‍ മാനസിക വൈകൃതങ്ങള്‍ ഉള്ളവരായി വളരേണ്ട ഒരവസ്ഥ ഉണ്ടായാല്‍, ഭാവിയില്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരായി അവര്‍ വളര്‍ന്നാല്‍ അതിനുത്തരവാദികള്‍ സമൂഹം തന്നെയാണ്.

ഈ പ്രവാസ ലോകത്ത് നിന്നും ചെറിയ കുഞ്ഞങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളെല്ലാം ഒരുവേള അലിഞ്ഞില്ലാതാകുന്നു. അത്രയും പവിത്രമായതാണ് അവരുടെ മുഖം.  അവര്‍ ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരാണ്  എന്ന് നാം അറിയുന്നു. ഈ കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ ഓര്‍മ വരുന്നു നമ്മുടെ ആ കുട്ടിക്കാലം. ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത നിഷ്‌കളങ്കമായ ആ ചെറു പ്രായം.  ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടി ച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്ക്കുന്ന ആ കുട്ടിക്കാലം! ഇത്തരം നിഷ്‌കളങ്കരായ കുട്ടികളെ പീഡിപ്പിക്കാന്‍ എങ്ങിനെ സാധിക്കുന്നു. അവര്‍ക്കെതിരെ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു.

Wednesday, October 22, 2014

"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല"


നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്, അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത് നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.

ലോകത്ത്  ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഖലീല്‍ ജിബ്രാന്‍്റെ പ്രവാചകനിലെ വരികളാണിവ. ജിബ്രാന്‍്റെ ജീവിത ദര്‍ശനങ്ങളുടെ സമാഹാരമാണ്
"പ്രവാചകന്‍". നാല്‍പ്പതിലധികം ഭാഷകളിലേക്കാണ് പുസ്തകം തര്‍ജമ ചെയ്യപ്പട്ടത്. ഇതുവരെ പുസ്തകത്തിന്‍്റെ നൂറു മില്ല്യനിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ദുഖത്തിന്‍്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുന്നത്,  ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട്  നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്‍്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്.  യുദ്ധത്തിന്‍്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്‍്റെ  മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്.  അത് കൊണ്ടായിരിക്കാം  മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്.

ജീവിതത്തിന്‍്റെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ പ്രവാചകനിലൂടെ ജിബ്രാന് കഴിഞ്ഞു, ജീവിതത്തില്‍ തുടങ്ങി മരണത്തില്‍ വരെ എത്തുന്ന വിഭിന്ന വിഷയങ്ങള്‍. അല്‍മിത്ര എന്ന കഥാപാത്രം  ആവശ്യപ്പെടുന്നത് ജീവിതത്തെയും സ്നേഹത്തെയും മരണത്തെയും  കുറിച്ച് പറയാനാണ്. പുസ്തകത്തിന്‍്റെ ആദ്യത്തിലും അവസാനത്തിലും  അല്‍മിത്ര വരുന്നുണ്ട്.  ഈ  കഥാ പാത്രം നല്കുന്ന ജീവിത  ദര്‍ശനം ഒരു പാട് ആഴത്തിലുളളതാണ്, കഥയുടെ പശ്ചാതലത്തിനു എത്രത്തോളം ശക്തി പകരാന്‍ കഴിയുമെന്നു തെളിയുക്കുന്നതാണ് ജിബ്രാന്‍്റെ പ്രവാചകന്‍്റെ പാശ്ചാത്തലം.ജിബ്രാനെയും പൌലോ കൊയ്ലോയെയും  പോലെയുള്ള വിശ്വവിഖ്യാതരായ എഴുത്തുകാരുടെ പ്രത്യകേതയും അതുതന്നെയാണ്.

ദീര്‍ഘനാളുകള്‍ തങ്ങളോടൊപ്പം ജീവിച്ച, എന്നാല്‍ സ്വയം അകന്ന് താഴ്വാരത്തും  വൃക്ഷത്തണലുകളിലും  ജീവിതം ചിലവഴിച്ച  ഓര്‍ഫിലീസിലെ മുസ്തഫാപ്രവാചകനോട് വേര്‍പാടിന്‍്റെ ദിവസമത്തെിയപ്പോള്‍  ജനനമരണങ്ങള്‍ക്കിടയിലെ ജീവിതസത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. പന്ത്രണ്ടു വര്‍ഷം ചിലവഴിച്ച ഓര്‍ഫലീസില്‍ നിന്നും ജനിച്ച നാട്ടിലേക്ക് പോകാൻ  വേണ്ടി കപ്പല്‍ കാത്തിരിക്കുകയാണ് പന്ത്രണ്ടാമത്തെ വര്‍ഷം വിളവെടുപ്പു മാസം കപ്പല്‍ തീരത്ത്് നങ്കൂരമിടുമ്പോള്‍, താഴ്വരയിലൂടെ നടക്കുകയാണ് പ്രവാചകന്‍. കടലിനഭിമുഖമത്തെിയപ്പോള്‍ തുറമുഖമണയുന്ന കപ്പലും അമരത്ത് തന്‍്റെ സ്വന്തം രാജ്യത്ത് നിന്നുള്ള നാവികരെയും കാണുന്നു.

മനസ്സില്‍  പന്ത്രണ്ടു വര്‍ഷത്തെ ദു:ഖവും സന്തോഷവും ഇടകലര്‍ന്നു തുടങ്ങി.
എങ്ങിനെ, ഇവിടം വിട്ടു പോകാനെനിക്ക് കഴിയും?
ഏകാന്തമായി ദീര്‍ഘ കാലം ദുഖത്തിലും സന്തോഷത്തിലും ചെലവഴിച്ച ഈ പട്ടണം എങ്ങിനെ എനിക്കുപേക്ഷിക്കാന്‍ പറ്റും?
എങ്കിലും പോയെ പറ്റൂ. തീരത്തേക്ക്  നടന്നു,
കപ്പല്‍ തീരത്തേക്ക് അടുത്ത് വരുന്നു.
അപ്പോഴാണ് താഴ്വരയുടെ അടുത്തു കൂടെ ജനക്കൂട്ടം ധൃതിയില്‍ വരുന്നത് അയാള്‍ കാണുന്നത്.
ഈ വേര്‍പിരിയലിന്‍്റെ ദിവസം ഞാനെന്താണ് അവര്‍ക്ക്  നല്കുക?
അവനെ ദര്‍ശിക്കാനത്തെിയ ജനങ്ങള്‍ ഏക സ്വരത്തില്‍ "അവനെ വിളിച്ചു കേഴാന്‍ തുടങ്ങി".
ഞങ്ങള്‍ക്ക് നീ അന്യനല്ല ഞങ്ങളുടെ  ആത്മ മിത്രമാണ് താങ്കള്‍.
കടല്‍തിരകള്‍ നമ്മളെ തമ്മില്‍ വേര്‍പിരിക്കാതിരിക്കട്ടെ,
ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വര്‍ഷങ്ങള്‍ ഓര്‍മ മാത്രമാകാതിരിക്കട്ടെ.

അവന്‍ അവരോടൊപ്പം  പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനാലയത്തില്‍ നിന്നും ഒരുവള്‍ പുറത്തു വന്നു. 
"അവളായിരുന്നു അല്‍മിത്ര"  അവള്‍ മുസ്തഫാ പ്രവാചകനോട്  ചോദിക്കുന്നു.

ഇക്കാല മാത്രയും നിങ്ങൾ  സത്യാന്യേഷനതിനായുള്ള ധ്യാനത്തിലായിരുന്നല്ലോ? 
പരമായതിനെ കണ്ടത്തിയ നിങ്ങൾക്ക് യാത്രയാകാനുള്ള കപ്പൽ ഇപ്പോഴിതാ തീരത്തണഞ്ഞിരിക്കുന്നു. നിനക്ക് പോകുവാൻ സമയമായിരിക്കുന്നു.
പോകുന്നതിനു മുമ്പ്  നീ കണ്ട സത്യങ്ങൾ ഞങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തൂ,
നിങ്ങള്‍ കണ്ട കാഴ്ചകളും ജീവിത സത്യത്തെ പറ്റിയും ഞങ്ങല്ക്ക്  പറഞ്ഞു തരൂ?
ഞങ്ങളത് മക്കളിലൂടെ അടുത്ത തലമുറയ്ക്കു കൈമാറും.

അവൻ പറഞ്ഞു. ഞാനെന്താണ് സംസാരിക്കുക?
അപ്പോള്‍ "അല്‍മിത്ര പറഞ്ഞു"
ഞങ്ങളോട് സ്നേഹത്തെ  കുറിച്ചു പറഞ്ഞാലും, 
അവന്‍ സ്നേഹത്തെ കുറിച്ചു സംസാരിച്ചു. 
ശേഷം ഓരോരുത്തരായി ചോദിക്കുന്ന ചോദ്യങ്ങളും അതിനു നല്കുന്ന   മനോഹരവും ചിന്തോദ്ധീപകവുമായ ഉത്തരങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  ചോദ്യകര്‍ത്താക്കളില്‍ കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ പറയുന്ന അമ്മയും ദാനത്തെക്കുറിച്ച് പറയാനാവശ്യപ്പെടുന്ന ധനികനും ഭക്ഷണ പാനീയത്തെ പറ്റി ചോദിക്കുന്ന സത്ര സൂക്ഷിപ്പുകാരിയും ജോലിയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ഷകനുമുണ്ട്.

വീടുകളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന കല്‍പ്പണിക്കാരന്‍, വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കുന്ന നെയ്ത്തുകാരന്‍, വിപണനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന വ്യാപാരി, തെറ്റും ശരിയും  എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ന്യായാധിപന്‍, നിയമങ്ങളെന്താണെന്ന് ചോദിക്കുന്ന അഭിഭാഷകന്‍, അധ്യാപനത്തെ കുറിച്ചു പഠിക്കാനൊരുങ്ങിയ അദ്ധ്യാപകന്‍ എന്നിവരെയും കാണാം.

ദുഖത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയാന്‍ കൊതിക്കുന്ന സ്ത്രീയും മതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന പുരോഹിതയും യുക്തിയെ കുറിച്ചും വികാരത്തെ പറ്റിയും ചോദിക്കുന്ന പുരോഹിതയും സൗഹൃദമെന്തന്നെ് തിരക്കുന്ന യുവാവും വേദനയുടെ പൊരുൾ തേടുന്ന സ്ത്രീയുമുണ്ട് ആ കൂട്ടത്തില്‍. ഇവര്‍ക്കൊക്കെയും ദാര്‍ശനികമായ  ഉത്തരം നല്‍കി മുസ്തഫാ പ്രവാചകന്‍.

ഒടുവിൽ അവൻ പറഞ്ഞു. നമുക്ക് പിരിയാന്‍ സമയമായിരിക്കുന്നു, ഓര്‍മയുടെ അരണ്ടവെളിച്ചത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കില്‍ നമുക്ക് ഇനിയും സംസാരിക്കാം.  അവൻ നാവികരെ വിളിച്ചു, കപ്പലില്‍ കയറി അവിടെ നിന്നും ദൂരത്തേക്ക് നീങ്ങി, ജനങ്ങളില്‍ നിന്നും ഒരേ സ്വരത്തില്‍ രോദനം ഉയര്‍ന്നു. കപ്പല്‍ അപ്രത്യക്ഷമാകുന്നത് വരെ അല്‍മിത്ര മാത്രം മിണ്ടാതിരുന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞു പോയിട്ടും അവന്‍്റെ വചനം മാത്രം ഓര്‍ത്ത് കൊണ്ട് കടല്‍ഭിത്തിയില്‍ അവള്‍ മാത്രം നിശ്ചലയായി ഇരുന്നു.
കൈ കുഞ്ഞുമായി വന്ന യുവതി കുഞ്ഞുങ്ങളെ പറ്റി പറയാൻ ആവശ്യപ്പെട്ടപ്പോൾ ജിബ്രാൻ പറഞ്ഞത് നോക്കൂ.
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല
ജീവിതത്തിന്, ജീവിതത്തോടുള്ള പ്രണയത്തില്‍ ജനിച്ചവരാണവര്‍
അവര്‍ വന്നത് നിങ്ങളിലൂടെയാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്,
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത്
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും  അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം   
ഒരിക്കലും  അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്."
 
വർത്തമാന കാലത്തെ  രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു കൊണ്ട് എഴുതിയ വരികൾ ആണോ ഇതെന്ന് തോന്നും ജിബ്രാന്റെ  ഈ വരികൾ വായിക്കുമ്പോൾ.

തന്റെ മക്കൾ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വളരണമെന്നു ചിന്തിക്കുന്ന രക്ഷിതാക്കൾ, സ്കൂളിന്റെ ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ അദ്ധ്യാപകരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ,   പരീക്ഷയ്ക്കും മത്സരത്തിനും ഒന്നാമാനാക്കുക, അതിനു കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ  അഭിരുജി പരിഗണിക്കാതെ മക്കളെ നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. സ്കൂളിന്റെയും  വീടിന്റെയും മതിലുകൾക്കുള്ളിൽ നിന്നും പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിയാതെ  ബന്ധങ്ങളുടെയും  തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൌഹ്ര്ടത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാക്കാൻ  കഴിയാതെ സമൂഹത്തിൽ നിന്നും ഒരു പാട് അകലുന്ന കുട്ടികൾ.  മലയാളം പറഞ്ഞതിന്റെ പേരിൽ കുട്ടിയുടെ മുടി മുണ്ഡനം ചെയ്യപ്പെട്ടതും, ഡ്രസ്സ്‌ അഴിച്ചു  മാറ്റി  മറ്റു കുട്ടികളുടെ മുമ്പിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയതും അവസാനമായി കുട്ടിയെ പട്ടി ക്കൂട്ടിൽ അടച്ച വാർത്തകൾ നാം വായിച്ചതും കേട്ടതും നമ്മുടെ പ്രഭുദ്ധ കേരളത്തിൽ നിന്നാണെന്നത്  നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ നിന്നും വല്ലാതെ വീർപ്പു മുട്ടുകയാണ് കുട്ടികൾ, ബാങ്ക് ലോണ്‍ എടുത്തും കടം  വാങ്ങിയും  താങ്ങാവുന്നതിലധികം  ഫീസ്‌  കൊടുത്ത്   വലിയ സ്കൂളുകളിൽ  തങ്ങളുടെ  മക്കളെ  പഠിപ്പിക്കാൻ  മത്സരിക്കുന്ന  രക്ഷിതാക്കൾ, അത് മൂലം കുട്ടികളെ കച്ചവടച്ഛരക്കായി കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒരുപാട്  വളർന്നു വരികയും സർടിഫികട്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രമായി കുട്ടികളെ മാറ്റുകയും ചെയ്യുമ്പോൾ  മുകളിൽ എഴുതിയ ജിബ്രാന്റെ ചില വരികൾ ഈ വർത്തമാന കാലത്തും ഏറെ പ്രശസ്ത മാകുകയാണ്.

എന്ത് കൊണ്ട് ജിബ്രാന്‍ സ്നേഹത്തെ കുറിച്ചു പറഞ്ഞുകൊണ്ട്  സംസാരം തുടങ്ങി? മനുഷ്യരാശിക്ക് നഷ്ടമാവാന്‍ പാടില്ലാത്ത അമൂല്യ സ്വത്ത് സ്നേഹമാണ്. യുദ്ധത്തിന്‍െറ അലയൊലികൾ നിലക്കാത്ത ലോകത്ത് പരസ്പരസ്നേഹം നിലനില്‍ക്കല്‍ അനിവാര്യമാണെന്ന് കരുതിയതിനാലാവാം. മനുഷ്യ രാശിയുടെ ആതുരതകളെ മുഴുവൻ സ്നേഹത്തിന്റെ പൊൻതൂവൽ കൊണ്ട്  തുടച്ചു നീക്കാനുള്ള മാന്ത്രിക മൊഴികൾ നല്കാൻ  പ്രവാചകനിലൂടെ ജിബ്രാൻ ശ്രമിച്ചത്.  ഒടിഞ്ഞ ചിറകുകളില്‍ സല്‍മാ കറാമ എന്ന കഥാപാത്രത്തിലൂടെ  പ്രേമത്തെ കുറിച്ചു പറഞ്ഞ ജിബ്രാന്‍ തികച്ചും വ്യത്യസ്തമായ ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ടാണ് പ്രവാചകനില്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.

കെ ടി സൂപ്പി തന്‍്റെ പഠനത്തില്‍ പറഞ്ഞത് പോലെ  "നവോഥാനത്തിലൂടെ പുഷ്പിച്ചുതുടങ്ങിയ പാശ്ചാത്യസംസ്കൃതി അതിന്‍്റെ ഉത്തുംഗതയില്‍ പരിലസിച്ചുനിന്ന ശാസ്ത്രകാലമായിരുന്നു ഇരുപതാം നൂറ്റാല്‍ിന്‍്റെ ആദ്യദശകം. ശാസ്ത്രം അതിന്‍്റെ മാന്ത്രിക വെളിച്ചത്താല്‍ മനുഷ്യനെ മോചിപ്പിക്കുമെന്ന് മോഹിച്ചുപോയ മനുഷ്യവസന്തം. ആ പ്രതീക്ഷ അസ്ഥാനത്താക്കി, ശാസ്ത്രീയനേട്ടങ്ങള്‍ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുമെന്ന് ഒന്നാംലോകമഹായുദ്ധം തെളിയിച്ചു. അധികാരികളുടെ ഉപകരണമായി ശാസ്ത്രം തരംതാണു. യുദ്ധടാങ്കുകള്‍ മനുഷ്യചരിത്രം ക്രൂരമായി തിരിച്ചഴെുതി. ടി.എസ്. എലിയറ്റ്-'ദ വെയ്സ്റ്റ് ലാന്‍ഡും', ഓസ്‌വാള്‍ഡ് സ്‌പെന്‍ഗ്ലര്‍-'ദി ഡിക്ലയിന്‍ ഓഫ് ദി വെസ്റ്റും' എഴുതിയത് ഈ അസുരനാളുകളിലാണ്. 'ക്രൂരമായ ഏപ്രില്‍ മാസ'ത്തെക്കുറിച്ച് മഹാകവി എലിയറ്റ് വാചാലമായ സമകാലീന ബോധത്തില്‍നിന്നുതന്നെയാണ്  ജിബ്രാന്‍ ഇംഗ്ലീഷ് ഭാഷയില്‍ 'ദ പ്രോഫറ്റ്' രചിക്കുന്നതും. യുദ്ധത്തെക്കുറിച്ച് പ്രത്യക്ഷത്തിലൊന്നും  പറയാതെ, അതിന്നെതിരെ ശക്തമായ ഒരു ആത്മീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു അദ്ദഹേം. യുദ്ധക്കളത്തില്‍നിന്നും ഇത്തിരി മാറി സ്നേഹത്തിന്‍്റെ  പച്ചത്തുരുത്തില്‍ ദിവ്യമായ ഒരു പൂവാടി ഒരുക്കുകയായിരുന്നു ഈ മഹാകവി. മഹായുദ്ധങ്ങളെല്ലാം കഴിഞ്ഞാലും മനുഷ്യന് പിന്നെയും തിരിച്ചുനടക്കാനാവുക ജീവിതശേഷിപ്പിന്‍്റെ ഈ പൂന്തോട്ടത്തിലേക്കുതന്നെയായിരിക്കും".

സ്നേഹത്തെ പറ്റിയും ജീവിത സൌന്ദര്യത്തെ പറ്റിയും ഇത്രയും വിശാലമായി പറഞ്ഞ ജിബ്രാന്റെ ഓരോ കൃതികളും ഈ  പ്രവാസജീവിതത്തിനിടയിൽ  വായിക്കുമ്പോള്‍ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നു. സ്വപ്നച്ചൂടില്‍ തിളക്കുന്ന പ്രവാസ മനസ്സിനെ കുളിര്‍പ്പിക്കാന്‍ ജിബ്രാന്‍്റെ ഓരോവരികള്‍ക്കും കഴിയുന്നു. ജീവിത സൌന്ദര്യത്തെ കുറിച്ചു ജിബ്രാൻ എഴുതി ജീവിതത്തിന്‍്റെ ഹൃദയം കണ്ടത്തെുമ്പോള്‍ നഗ്നമായ കണ്ണുകളില്‍പോലും  നാം സൗന്ദര്യം ദര്‍ശിക്കുന്നു. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൗന്ദര്യം. മറ്റുളളവ നമ്മുടെ ഭാവനയിലെ രൂപങ്ങള്‍ മാത്രമാണ്, വാക്കുകളില്‍ കോറിയിടുന്ന അഭിപ്രായങ്ങളല്ല  രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗങ്ങളാണ് കവിതകള്‍ എന്ന് ജിബ്രാന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ജിബ്രാന്‍്റെ പ്രവാചകന്‍ ഇന്ന് ചലച്ചിത്രത്തിലൂടെയും നമ്മോട് സംവദിക്കുന്നു. പ്രവാചകന്‍െറ ചലച്ചിത്രാവിഷ്കാരം ദോഹയിലെ സിനിമാ പ്രേമികള്‍ക്ക് ഡിസംബറില്‍ നടക്കാനിരിക്കുന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജയാന്‍ യൂത്ത് ഫിലിം ഫെസ്റ്റിന്‍്റെ സമാപനം ചടങ്ങില്‍ കാണാം. എണ്‍പത്തി നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ടൊറന്‍്റോ അന്തര്‍ദേശീയ ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് ദോഹയില്‍ നടക്കുന്നത്. ജിബ്രാന്‍്റെ പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ പോലെ തന്നെ പ്രണയം, ജോലി, നന്മ, തിന്മ, മരണം, സ്വാതന്ത്ര്യം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ തന്മയത്വത്തോടെ ചലച്ചിത്രം പ്രമേയവല്‍ക്കരിച്ചിരിക്കുന്നു. ഡി ലയണ്‍ കിംഗ് എന്ന സിനിമയുടെ സംവിധായകന്‍ റോജർ അല്ലയെസ് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്, സിനിമയുടെ നിര്‍മ്മാണം ലോക പ്രശസ്ത നടിയും സംവിധായകയുമായ സൽമ ഹയ്ക് നിര്‍വഹിച്ചിരിക്കുന്നു. തന്‍്റെ ലബനാന്‍ പൈത്രുകത്തിലെക്കുള്ള എത്തി നോട്ടം  കൂടിയാണ് സിനിമ എന്നും അറബ് വനിതയായ  തനിക്കു സിനിമയില്‍ എങ്ങിനെ സാന്നിധ്യമറിയിക്കാമെന്ന ചോദ്യത്തിന്‍്റെ മറുപടി കൂടിയാണ് ചലച്ചിത്രമെന്നും സൽമ ഹയ്ക് പറയുന്നു. അറബ് കുടുംബത്തിനും കുട്ടികള്‍ക്കുമായി അജിയാൽ യൂത്ത് ഫിലിം ഫെസ്റ്റില്‍ മനോഹരമായ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും അവര്‍ പറഞ്ഞു.

Thursday, October 2, 2014

അറഫയിലെ വെള്ളരി പ്രാവുകൾ

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. ഇപ്രാവശ്യത്തെ അറഫ ദിനം (ഒക്ടോബർ 3 വെള്ളിയാഴ്ച)  നാളെയാണ്. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അറഫാ മൈതാനിയിൽ ഒരുമിച്ചു  കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും ദൈവത്തിന്റെ  കരുണയ്ക്കായി കൈ ഉയര്‍ത്തി പ്രാർഥിക്കുന്നു.

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങളും  സ്തോത്രാലാപനങ്ങളും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം.

 ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങൾ മാത്രം. ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്. സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കി  അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ഓർത്തെടുത്ത്  അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ പ്രാർതനയാൽ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം. പ്രാര്‍ഥിച്ചും ധ്യാനിച്ചും ദൈവത്തിന് മുന്നില്‍ സ്വയം സമര്‍പ്പിച്ചും ഒരു പകല്‍ മുഴുവന്‍ അറഫ മൈതാനിയില്‍ അവർ ചിലവഴിക്കുന്നു.

അറഫയില്‍ പങ്കെടുക്കാത്ത വിശ്വാസികൾക്ക് അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്  നോമ്പ് അനുഷ്ടിക്കൽ പുണ്യ കർമമാണ്   ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  നരകാഗ്നിയില്‍നിന്ന് ദൈവം തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം. അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും വില എന്താണ് മനസ്സിലാക്കിക്കൊടുക്കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു. വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്.

ബലി പെരുന്നാൾ
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു. നമ്രൂടിന്റെ ബിംബങ്ങൾ ഇബ്രാഹിം തച്ചുടചപ്പോൾ  നംറൂദ്   ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. പക്ഷെ ദൈവം ഇബ്രാഹിമിനെ  തീയിൽ നിന്നും രക്ഷിച്ചു.
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.

"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!

ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.
ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു.

വീണ്ടും മറ്റൊരു പരീക്ഷണം
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു, മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും. "മകനെ  ബലിയര്‍പ്പിക്കണമെന്ന്".
ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"

ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു
.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍ ബലി അറുക്കുന്നതും ബലിപെരുന്നാള്‍ ആഘോഷിക്കുന്നതും 

Wednesday, September 24, 2014

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ. നമ്മുടെ രാജ്യത്തിന്റെ ചരിത്ര വിജയത്തിൽ നമുക്ക് അഭിമാനിക്കാം. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണിത്.

ആദ്യ ദൌത്യത്തിൽ തന്നെ  മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു.  അനേകം ശാസ്ത്രഞ്ജന്മാരുടെ ദീർഘ കാലത്തെ പരിശ്രമ ഫലമായാണ്‌ ഈ വിജയം. ഈ ദൌത്യത്തിൽ പങ്കെടുത്ത മുഴുവൻ ശാസ്ത്രഞ്ജന്മാരെയും നമുക്ക് അഭിനന്ദിക്കാം.

2013 നവംബർ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഒരുപാട് വെല്ലു വിളികൾ അതിജയിച്ചാണ് ഇന്ന് (2014 സെപ്റ്റംബർ 25 നു) അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷ ഘടന, ജീവന്റെ സ്പന്ദനം (മുന്‍കാലങ്ങളില്‍ ഇവിടെ  സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ) ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കുറിച്ചു പഠിക്കാൻ മംഗള്‍യാന്‍ സഹായമാകുമെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഇതുമൂലം പുതിയ കണ്ടത്തലുകൾ നടത്താനും ശാസ്ത്ര ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കാനും നമ്മുടെ ശാസ്ത്രഞ്ജർക്ക് കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ഈ ഒരു വിജയത്തിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ യശസ്സ് വീണ്ടും ഒരു പാട് ഉയർന്നിരിക്കുകയാണ്, ഇനിയും ഒരു പാട് ഉയരത്തിൽ എത്താൻ നമ്മുടെ രാജ്യത്തിന്‌ കഴിയട്ടെ.

നിലവിൽ ചൊവ്വ ദൗത്യം വിജയിച്ച രാജ്യങ്ങളായ റഷ്യ അമേരിക്ക, യൂറോപിയൻ സ്പേസ് ഏജൻസി ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇനി നമ്മുടെ രാജ്യത്തിന്റെ പേരും. വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി.

ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറഞ്ഞ പണം ചിലവഴിച്ചു വിജയം കണ്ടു എന്ന പ്രത്യേകതയും, ദൗത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം എന്ന പതവിയും നമ്മുടെ രാജ്യത്തിനു സ്വന്തം. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ എസ് ആര്‍ ഒ  ശാസ്ത്രലോകത്തിന് ഒരിക്കൽ കൂടെ എല്ലാ വിധ ആശംസകളും.

  •  ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിക്ഷേപിച്ച രാജ്യം
  • ആദ്യ പരീക്ഷണത്തിൽ വിജയിച്ചു
  • ദൌത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം
  • നാലാമത്തെ ശക്തി (മറ്റു മൂന്നു ശക്തികൾ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് എജെൻസി)

Thursday, September 18, 2014

എഴുത്തിലെ അഗ്നിസ്പ്പർശം


'ആകാശച്ചെരുവില്‍ നക്ഷത്രങ്ങള്‍ മൂടല്‍ മഞ്ഞിന്റെ ജാലകങ്ങള്‍ നീക്കി ഭൂമിയെ ഒളിഞ്ഞു നോക്കുന്നു. ലില്ലിപ്പൂക്കളുടെ ചുണ്ടുകളില്‍ പൂപ്പട്ടു വിരിച്ച ചിത്രശലഭങ്ങള്‍. അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു താഴ്‌വരയിലെ മേഘ ശകലങ്ങള്‍. ഒരു പട്ടുനൂല്‍ പുഴുവിന്റെ ആയുസ്സിലൂടെ ഊര്‍ന്നിറങ്ങി പോകുന്നു സ്വപ്‌നങ്ങള്‍. കണ്ണില്‍ ഒരു കനല്‍ എരിയുന്നതിന്റെ നീറ്റല്‍. ഇഴ മുറിഞ്ഞു കൊണ്ടൊരു മൗനത്തിന്‍ സ്വനവും മഴ നനഞ്ഞു  കൊണ്ട് ഒരാള്‍ ജാലകത്തിനപ്പുറം വെയില്‍ കൊണ്ട് ദാഹിച്ച പകലിന്റെ ആത്മാവ്.' ചിന്തകള്‍ കൊണ്ടും ഭാഷയുടെ സൗന്ദര്യംകൊണ്ടും പുതുതലമുറയിലെ കരുത്തുള്ള എഴുത്തുകാരിയായി മാറുകയാണ് ഹണി ഭാസ്‌ക്കരന്‍. പലതും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരോട്, സ്‌നേഹിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുട്ടിലേക്ക് വലിച്ചെറിയുന്നവരോട്, നിലനില്പിന് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തിലും ജീവിതത്തിലും മുറിവ് വീഴ്ത്തുന്നവരോട്, അധികാരത്തിന്റെ ഗര്‍വില്‍ അന്യന്റെ വേരുകള്‍ പറിച്ചു മാറ്റുന്നവരോടും കാലുറപ്പിച്ച മണ്ണിനെ കുഴിച്ചെടുക്കുന്നവരോടും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു അവര്‍. ഒപ്പം  മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. കവിതകളിലെ വരികള്‍ ഭാവനക്കപ്പുറം തിരിച്ചറിവിന്റേയും വിവേകത്തിന്റേയും ഉള്‍ക്കാഴ്ച്ചകള്‍ കൂടിയുള്ളതാണ്. ഓരോ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കടന്നു കൂടുന്ന മനുഷ്യനിലെ മനുഷ്യത്വത്തിന്റെ കവച മണ്ഡലം തിരയുകയാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന ഹണിയുടെ കവിതാ സമാഹാരം. 

ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നില്ക്കുന്നത്. വിശന്നു കരയുന്ന അനാഥത്വം അനുഭവിക്കുന്ന പല സ്ത്രീകളും ഭ്രൂണങ്ങളെ  പോലും തന്നില്‍നിന്നും നിഷ്‌കരുണം പറിച്ചെറിയുന്നു. അവയുടെ  ശബ്ദമില്ലാത്ത കരച്ചിലുകളാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കവിത. നെഞ്ച് പൊള്ളിക്കരയുന്ന ഒരമ്മ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്ത  പ്രതിഭയുടെ അഗ്നിസ്പര്‍ശമാണ് 'എ ഫയര്‍ ടച്ച്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം. സി വി രവീന്ദ്രനാഥ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞത് കവിത വായിക്കുന്ന വായനക്കാരന്‍  കവിയത്രിയുമായി പ്രണയത്തിലാകും, അല്ലങ്കില്‍ അവരുടെ കവിതകളോട് പ്രണയത്തിലാകും എന്നാണ്. 'Afire touch a collection of poems by Mrs. Honey Bhaskaran, is a heart throb which can melt thy thoughts into tears and flow unto thy heart as compassion either you will fall in love with the poetess or with her poems'.

ഓരോ പുലരിയിലും വഞ്ചനയും ചതിയുമില്ലാത്ത വെട്ടും കൊലയുമില്ലാത്ത സ്ത്രീ- പുരുഷ ഭേദമന്യേ സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകത്തെ പ്രതീക്ഷിക്കുന്നുണ്ട് എഴുത്തിലെ ഈ അഗ്നിശലഭം. എവിടെ ജീവിച്ചാലും ഏതു രാജ്യത്തേക്ക് ജീവിതം പറിച്ചു നട്ടാലും വീട്ടിലേക്കുള്ള വഴി മറക്കാതെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ ഒരു കൈ തന്ന് കൂടെ നടന്നവരെയും അനുഭവങ്ങളുടെ തീവ്രമായ വേദനകളില്‍ പിടയുമ്പോള്‍ ചേര്‍ത്ത് പിടിച്ചവരേയും ഒരു നോട്ടം കൊണ്ടുപോലും സ്‌നേഹത്തിന്റെ കരുതല്‍ തന്നവരെയും മറക്കാതിരിക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. 'വീട്ടിലേക്കുള്ള വഴി' എന്ന കവിതയും 'അക്ഷരക്കറ്റ' എന്ന ആദ്യ കവിതാ സമാഹാരവും അതാണ് നമ്മോടു പറയുന്നത്. അക്ഷരക്കറ്റയുടെ ആമുഖം എഴുതിയിരിക്കുന്നത് മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്‌ക്കരപ്പൊതുവാളാണ്. അരക്ഷിതമായ കുട്ടിക്കാലവും ഭയവും വേദനയും മനസ്സിന്റെ അനാഥത്വവും ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് കൊണ്ടുപോയതും അമ്മയുടെ കണ്ണുകളില്‍ എപ്പോഴും പെയ്തു നിറഞ്ഞ മഴയും അതിജീവിതത്തിനുള്ള കരുത്തു പകര്‍ന്നു. കൂടെ സഞ്ചരിക്കാന്‍, സാന്ത്വനിപ്പിക്കാന്‍ തളര്‍ന്ന മനസ്സിന് കരുത്ത് നല്കാന്‍ അമ്മ വായിച്ചു തന്ന പുസ്തകങ്ങളും ഊര്‍ജ്ജമുള്ള കഥാപാത്രങ്ങളും വായനയിലേക്കുള്ള വഴി തിരിച്ചു വിട്ടതും പുസ്തകങ്ങളിലൂടെ  പറയുന്നുണ്ട്.

വേദനകളെ കവച്ചു വെക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും  മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍ എഴുത്തിലേക്ക് അഭയം  തേടിയതായും ഹണി പറയുന്നു. 'അഗ്നിപുത്രി' എന്ന കവിതയിലൂടെ സമൂഹത്തോട് വിളിച്ചു പറയുന്നത് ഇങ്ങനെയാണ്:
'ഞാന്‍ അഗ്നിയായും കടലായും
നിങ്ങള്‍ക്ക് മുമ്പില്‍ പാഞ്ഞെത്താം
ആഞ്ഞു വീശുന്ന ചിന്തയുടെ തിരമാലകളില്‍ കുടുങ്ങി
പലര്‍ക്കും ശ്വാസം മുട്ടാം
വികലമായ ഭൗതിക ഭ്രമങ്ങള്‍ക്കെതിരെ
തീപ്പന്തങ്ങള്‍ എറിഞ്ഞേക്കാം'

അനുഭവങ്ങള്‍ വിഷയമാക്കി കാണുന്ന കാഴ്ചകള്‍, നേരിട്ടുള്ള കേള്‍വികള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ കവിതയിലൂടെ പങ്കു വെക്കപ്പെടുമ്പോള്‍ ആ വേദനകള്‍ വായനക്കാരന്റേതും കൂടിയാവുകയാണ്. വായനക്കാരും അതിലൊളായി മാറുകയാണ്.  ദുരനുഭവങ്ങളുടെ പിടച്ചിലിലും ആക്രമിക്കപ്പെടുന്നവരുടെ നിസ്സാഹായതയില്‍ അക്ഷരങ്ങളുടെ ആര്‍ദ്ര സ്പര്‍ശത്താല്‍ അവരുടെ മുറിവുകളില്‍ തലോടുകയാണ്.
ബന്ധനങ്ങളുടെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ പലയിടങ്ങളിലും നിസ്സഹായയായിപ്പോകുന്ന, മനഃപ്പൂര്‍വ്വം പുഞ്ചിരികള്‍ ചുണ്ടിലൊട്ടിച്ചു വെക്കേണ്ടി വരുന്ന, പുഞ്ചിരികളുടെ പൂക്കാലം കൊണ്ട്, സൗഹൃദങ്ങളുടെ ശിശിരംകൊണ്ട് ജീവിതത്തിന്റെ, ആത്മാവിന്റെ, വേനലിനെ മറച്ചു പിടിക്കേണ്ടി വരുന്ന അനേകം പൊയ്മുഖങ്ങള്‍ എടുത്തണിയേണ്ടി വരുന്നവരുടെ ജീവിതം കവിതകളിലൂടെ വരച്ചിടുന്നു.
'നിന്റെ അടുത്ത് എത്തുമ്പോള്‍
ഞാനൊരു മഞ്ഞുമലയാകും
ഉരുകിയൊലിച്ചു ഞാനൊടുവില്‍ വന്നു ചേരുക
നിന്റെ കാല്‍ ചുവട്ടിലാണ്'
സ്‌നേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, അനാഥത്വത്തിന്റെ വേദന, കാട്ടുതേന്‍ പോലുള്ള പ്രണയത്തിന്റെ ഉന്മാദാവസ്ഥ എടുത്തു കാണിക്കുന്ന മനോഹര വരികളാണിത്.
പ്രണയം എന്നത് സുന്ദരമായ ഒരവസ്ഥയാണ്. ഞാനറിഞ്ഞ ഹൃദയം കൊണ്ട് ഏറ്റവും സുന്ദരിയായ പ്രണയിനി, ഞാന്‍ തന്നെയാണ്. പ്രണയിക്കുന്ന പുരുഷനോടൊപ്പം നില്‍ക്കുന്നവളായിരിക്കണം യഥാര്‍ഥ പ്രണയിനി. 'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു' എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഹണി എപ്പോഴും ചേര്‍ത്ത് പിടിക്കുന്നു. സ്‌നേഹിക്കുന്ന പുരുഷന്റെ ഹൃദയത്തിന് ചുറ്റിലും വണ്ടുപോലെ മൂളിപ്പറക്കുന്ന അവന്റെ വേനലിന് ചുറ്റിലും മഞ്ഞുമല പോലെ ഉരുകി ലയിക്കുന്ന, കടല്‍ പോലെ ആര്‍ത്തിരമ്പിയും പുഴ കടലിനോടു സംഗമിക്കുന്ന പോലെ ഭദ്രവും തീഷ്ണവുമായ പ്രണയം. പ്രണയത്തിനു ശരിയും തെറ്റുമില്ല. പ്രണയിക്കുന്നവര്‍ക്ക് കാലവും ദേശവുമില്ല. പ്രായവും പരിധിയുമില്ല. വിധേയപ്പെടാതെ, കീഴടക്കാതെ ഒറ്റ ബിന്ദുവിലേക്ക് ആത്മാവും മനസ്സും ഒന്നായിത്തീരുന്ന അവസ്ഥ. പ്രണയം മനുഷ്യനോടു തന്നെ ആവണമെന്നില്ല. പ്രകൃതിയോടാവാം, ആകാശത്തോടാവാം.  പ്രണയമില്ലാത്ത എഴുത്തിന് നിലനില്പില്ല. പ്രണയത്തിന്റെ താഴ്‌വരയിലേക്ക് ഹണി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇങ്ങനെയാണ്.
'വരൂ, നമുക്കൊരിടം വരെ പോകാം
പ്രണയത്തിന്റെ മുന്തിരി കായ്ച്ച
ചെറി മരങ്ങള്‍ക്കിടയിലൂടെ
പ്രണയിതാക്കളുടെ താഴ്‌വരയിലേക്ക്
പ്രണയം നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍
നഗ്നരായി നടക്കുന്ന
ആ കൊച്ചു നഗരങ്ങളിലേക്ക്
നമ്മുടെ ഹൃദയങ്ങള്‍ കൈ കോര്‍ക്കട്ടെ
വിരലുകള്‍ പുതിയ സ്വപ്‌നങ്ങള്‍ തിരയട്ടെ
ചുംബനങ്ങളില്‍ ഞെട്ടറ്റു പോകാതെ
ചുണ്ടുകള്‍ പ്രണയത്തിന്റെ
സമ്മാനങ്ങള്‍ കൈ മാറട്ടെ
നമ്മുടെ പ്രണയത്തിന്റെ
സംഗീതം കേട്ട്
നക്ഷത്രങ്ങള്‍ കണ്‍ചിമ്മും
രാത്രിയുടെ കിരീടത്തില്‍ രത്‌ന കല്ലുകള്‍ പോല്‍
നക്ഷത്രങ്ങള്‍
പരസ്പരം മുഖം കണ്ടിരിക്കാന്‍
വെളിച്ചം തൂവും നിലാവ്'.

പ്രണയിച്ച പെണ്‍കുട്ടി മരിച്ചു പോയിട്ടും ആ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സെമിത്തേരിയിലെ പെട്ടി അടയ്ക്കുമ്പോള്‍ മാത്രം ഇനി ഒരിക്കലും അവള്‍ തിരിച്ചു വരില്ല എന്നോര്‍ത്ത് കരയുന്ന പ്രണയിതാവിന്റെ ദുഃഖം ''I didn't cry when she died' എന്ന കവിതയില്‍
I didn't cry when she died
But she was scared of the crowd
So I waited till they
were about to seal the coffin
But,
She didn't open her eyes
then I realized
She would never come back
all the people had gone
I sat near the grave
eyes raining tears
she was my love

കൂട്ടിലകപ്പെട്ട പക്ഷി 'A captured parrot' പറയുന്നത് സ്വര്‍ണ്ണക്കൂട്ടില്‍  വളരുമ്പോഴും ഈ ലോകം കാണാന്‍ സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചാണ്.
I buried your dreams
in a cage
and,
I felt my beating veins
all the time your death tugged my emotions
with a silent look

നിരായുധരുടെ വേദനകളെ കുറിച്ചും കൊല ചെയ്യപ്പെടുന്നവരെ കുറിച്ചും മനുഷ്യ ജീവിതത്തിനുമേല്‍ കപട രാഷ്ട്രീയ അധിനിവേശത്തെ കുറിച്ചും പറയുന്ന വരികളാണ് 'എന്റെ കണ്ണുകള്‍ക്ക് പനിക്കുന്നു' എന്ന കവിത.
'ഒഴുക്ക് നിലയ്ക്കാത്ത ഒരു നദിയായ്
നിന്റെ ചുവന്നു കലങ്ങിയ മിഴികള്‍'

ഉപാധികളില്ലാത്ത എഴുത്ത്, അടിച്ചമര്‍ത്തപ്പെടുന്ന ചിന്തകള്‍ക്ക്, വേദനകള്‍ക്ക് ചേക്കേറാന്‍ ഭദ്രമായ ഹൃദയത്തിന്റെ ചില്ല ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങള്‍ക്ക് വിരിഞ്ഞിറങ്ങാന്‍ അഭയകേന്ദ്രം തിരയുന്ന 'മാത്ര' എന്ന കവിത. നോവിക്കുന്ന മുറിവുകളില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്ന മുഷിഞ്ഞ മുഖംമൂടി ഊരി എറിയാന്‍ ആഗ്രഹിക്കുന്ന വെമ്പലുകളാണ്.  ആര്‍ദ്രവും സ്‌നേഹമസൃണവുമായ ഒരു ഹൃദയവും കാണാം. തൂവല്‍ത്തുമ്പില്‍ പ്രഭാത തുഷാരം പോലെ എഴുത്തുകാരി അത്  ഈ കവിതയിലൂടെ ഓര്‍ത്ത് വെക്കുന്നു.
'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ നിന്നും
എനിക്ക് പുറത്തു കടക്കണം
ഈ മുഷിഞ്ഞ മുഖംമൂടി
ഊരിയെരിയണം
എനിക്ക് സ്‌നേഹിക്കണം നിന്നെ
ഉപാധികളില്ലാതെ
ഒടുവില്‍ നിന്റെ വേരുകളിലേക്ക് തന്നെ
മടങ്ങണമെനിക്ക്
മണ്ണിലേക്ക് കൈകളാഴ്ത്തി നില്‍ക്കുന്ന
മൃത്യുവിന്‍ മരവള്ളികളില്‍ കൂടി
വന്നിടത്തേക്കു തന്നെ'.

ഒരു കാലത്ത് മനുഷ്യന്റെ സ്വപ്‌നങ്ങള്‍ പേറി ഒഴുകിയിരുന്ന പുഴകളും കടലും ഇന്ന് ജീവിക്കുന്നവുടെ വിസര്‍ജ്യങ്ങള്‍ പേറുന്ന അവസ്ഥയെ കുറിച്ചു എഴുത്തുകാരി വേവലാതിപ്പെടുന്നു. ഭൂമി വിവസ്ത്രയാക്കപ്പെടുമ്പോള്‍  അതിലുള്ള വേദന. നഗരവത്കരണം ഗ്രാമനന്മയെ കൊള്ളയടിക്കുമ്പോള്‍ നീറുന്ന ഒരു കവി മനസ്സ്. വരണ്ടു പോയ പുഴയും നികത്തപ്പെട്ട വയലും  മഴുവിന്റെ മുറിവേറ്റ മരവും പ്രകൃതിക്ക് മേല്‍ മനുഷ്യന്റെ കടന്നാക്രമണങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍  കവി വേദന കൊണ്ട്  പറയുന്നതിങ്ങനെയാണ്:
'നിനക്ക് വിലയ്ക്ക് വാങ്ങുവാനിനി
മഴ ബാക്കിയില്ല
മഴ പെയ്യിക്കുവാന്‍
മരങ്ങള്‍ ബാക്കിയില്ല.
അടുപ്പില്‍ പുകയ്ക്കാതെ നോക്കുക
നേരിനായി ക്ഷോഭിക്കുന്നവന്റെ
മനസ്സും തലച്ചോറും'.

പ്രകൃതിയെപ്പറ്റിയും കാടിന്റെ കണ്ണുനീരിനെയും പറ്റി പറയുന്ന കവിത. ഒരു വനഭൂമി തരിശായി മാറുമ്പോള്‍ പുല്‍മേടുകള്‍ക്ക് തീ വെക്കുമ്പോള്‍ വെന്തുമരിക്കുന്ന ജീവികളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളെ കുറിച്ചും ശക്തമായി പ്രതിഷേധിക്കുന്ന കവിതയാണ്
'dont dare to do'
'The dead trees
the thirsting river beds
dry fields,
jungles without noise
silent like the grave
skeletons of destiny'

കാവി വസ്ത്രത്തില്‍ കാപട്യം മൂടി സമൂഹത്തെ വഞ്ചിക്കുന്ന ആള്‍ദൈവങ്ങളോടും മനുഷ്യത്വം മറന്നു പരസ്പരം വാളെടുക്കുന്നവരോടും 'ആള്‍ദൈവങ്ങള്‍' എന്ന കവിതയിലൂടെ പ്രതികരിക്കുന്നു:
'കാവി വസ്ത്രത്തില്‍
കാപട്യം മൂടി
ഭജന പാടും ചില
ദൈവ പുരോഹിതര്‍'.
പ്രവാസികളെ കുറിച്ചു പ്രതിപാദിക്കുന്ന കവിതയാണ്  'അറവു ശാലയിലെ ഒട്ടകങ്ങള്‍'.
'ദൈന്യതയുടെ നിശാ ശലഭങ്ങള്‍
കണ്ണുകളില്‍ നിന്നും കൂടൊഴിഞ്ഞു
ഉച്ചിയിലെ നരച്ച ചില്ലകളില്‍
ചേക്കേറി തുടങ്ങും
അകിടിലെ പാല്
കറന്നെടുക്കുന്ന ബന്ധുക്കള്‍
പിന്നീട് ചോരയും
ഊറ്റാന്‍ തുടങ്ങും'.

സ്ത്രീമാംസം ഭക്ഷിക്കാന്‍ ഇരകളെ തേടുന്ന ചില മനുഷ്യര്‍. മനുഷ്യമനസ്സിന്റെ നേരിനും നന്മയ്ക്കും വില കൊടുക്കാത്ത മൃഗമായി മാറുന്ന ആളുകളെ കുറച്ച് ചെയ്യാത്ത തെറ്റിന്റെ പേരിലും സമൂഹത്തിന്റെ കപട സദാചാരത്തിന് ഇരകളായി ജീവിക്കേണ്ടി വരുന്നവരുടെ ജീവിതം പറയുന്ന  'അഭിസാരികയല്ല ഞാന്‍' എന്ന കവിത ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
'അവളുടെ നളിന നേത്രങ്ങളില്‍
ഉച്ച സൂര്യന്‍ ചുട്ടു പഴുത്തിരുന്നു
അവളുടെ തലച്ചുമടില്‍
മണ്‍കുടങ്ങള്‍
വരണ്ട ഹൃദയം കാണിച്ചു കരഞ്ഞു
അവളുടെ മാംസം ഭക്ഷിച്ചവര്‍
മറ്റൊരിരയെ തിരയുന്നുണ്ടാവണം'

മദ്യം മണക്കുന്ന രാത്രികള്‍ക്ക് തൊട്ടുകൂട്ടാന്‍ സ്ത്രീ ശരീരങ്ങള്‍ തിരയുന്ന, വിയര്‍പ്പിന്റെ ഗന്ധം രുചിക്കുന്ന, നിലവിളികളെ കൂട്ടിലടക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചും നഗര നഗ്നതയെ കുറിച്ചും 'രാത്രികളുടെ തടവുകാര്‍'
'ലഹരി പിടിച്ച കണ്ണുകളുമായി
തുറിച്ചു നോക്കുന്ന നഗരം
നിങ്ങള്‍
രാത്രികളുടെ തടവുകാര്‍
നിശാ നൃത്തം ചെയ്യുന്ന
നഗരത്തിരക്കുകള്‍
തെരുവിന്‍ ഉടുവസ്ത്രം ഊരി
നഗ്‌നത കണ്ടു രസിക്കുന്നു
രാത്രികള്‍
മദ്യം മണക്കുന്ന രാത്രികള്‍ക്ക്
ഒപ്പം രുചിക്കാന്‍
പെണ്മണം
മുടന്തന്‍ കാലും ഏന്തി വലിച്ചു
മുന്നേ നടക്കുന്ന
ഏകാന്തത'.

ഹൈകു കവിതയില്‍ പരീക്ഷണം നടത്തുന്ന യുവ തലമുറയില എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ഹണി. ഹൈക്കു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 'കൈക്കുടന്നയിലെ കടല്‍' എന്ന ആന്തോളജിയില്‍ ഏകദേശം ഇരുപത്തഞ്ചോളം ഹൈക്കു കവിതകള്‍ ഹണിയുടേതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ചിലത്.:
'പൂവായ പൂവെല്ലാം
പൂക്കളത്തിലേക്ക്
ചിറകറ്റ് വസന്തം'

'പൂവെന്ന് നിനച്ച്
ഇറുത്തെടുത്തതൊരു
ശലഭച്ചിറക്'

'ജാലകപ്പടിമേല്‍
പ്രണയമന്ത്രങ്ങളുതിര്‍ത്ത്
അരിപ്രാവുകളുടെ കുറുകല്‍'

'പുല്‍ത്തകിടിമേല്‍
ചിത്രകമ്പളം വിരിച്ച്
ശലഭങ്ങള്‍'

'രാവില്‍
നിലാവിന് മുഖം നോക്കി
ഒഴുകുന്നു പുഴകള്‍'
പ്രവാസ ജീവിതത്തിന്റെ ആഴവും പരപ്പും ഹൃദയ സ്പര്‍ശിയായി അനാവരണം ചെയ്ത കഥയായിരുന്നു 'വേര് മുറിഞ്ഞ വേനല്‍ മരങ്ങള്‍'. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊണ്ട്  എഴുതിയ ഒരുപാട് കവിതകളും ലേഖനങ്ങളും വര്‍ത്തമാനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അകം മാഗസിനില്‍ വന്ന മലാലയെ പറ്റിയുള്ള കവിതയും  ദല്‍ഹി  പീഡനത്തിരയായ പെണ്‍കുട്ടിയെ പറ്റിയുള്ള കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസഡോറ ഡങ്കനെ കുറിച്ചും മാര്‍ത്ത ഹില്ലേഴ്‌സിനെ കുറിച്ചും ഗസയെ കുറിച്ചും മാധവിക്കുട്ടിയെ കുറിച്ചും കവി ശൈലനെ കുറിച്ചും  ആദിവാസികളുടെ ദുരിതജീവിതത്തെ പറ്റിയും ഹണി എഴുതിയ  ലേഖനങ്ങളില്‍ ചിലത് മാത്രം. കാപട്യത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന, പണം കൊണ്ടും അധികാരം കൊണ്ടും സ്വന്തം നഗ്നത മറച്ചു പിടിക്കുന്ന മനുഷ്യരെ വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് എഴുത്തുകാരി  എഴുത്തിലൂടെ ചുഴറ്റി അടിക്കുകയാണ്. വേദനകള്‍  സ്വപ്‌നങ്ങളെ നീലിപ്പിക്കുമ്പോഴും പ്രതികരണങ്ങള്‍ക്ക് അന്ത്യ കൂദാശ ചൊല്ലാന്‍ പലരും മത്സരിക്കുമ്പോഴും അതിന്റെ വേലി പൊളിച്ചു ഒറ്റച്ചിറകുമായി പൊരുതുകയാണ് എഴുത്തിലെ ഈ സ്വതന്ത്ര പറവ, ഒറ്റച്ചിറകുള്ള പക്ഷി.  അക്ഷരക്കറ്റ, എ ഫയര്‍ ടച്ച്, മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്നീ സ്വതന്ത്ര സമാഹാരങ്ങളും കൈക്കുടന്നയിലെ കടല്‍,  പെണ്‍യാത്രികള്‍, കവിതായനം, നൂറ്റൊന്നു കവിതകള്‍,  പെണ്‍പ്രവാസം, മഴക്കവിതകള്‍, പരിസ്ഥിതി കവിതകള്‍, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, മഴയോര്‍മ, ഫേസ് ബുക്ക് പ്രണയകവിതകള്‍ തുടങ്ങി നിരവധി അന്തോളജികളിലും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  

പി കെ ഗോപി അവതാരികയില്‍ പറഞ്ഞത് പോലെ 'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ തൊട്ടുപുരട്ടുന്ന ആശ്വാസ ലേപനം പോലെ ലളിത പദങ്ങള്‍ കാവ്യാകാശത്തിന്റെ അകലങ്ങളില്‍ നിന്ന് പെയ്തിറങ്ങുന്നു. പുല്ലിലും പൂവിലും നിശ്വാസം ചേര്‍ത്ത് പിടിക്കുന്ന പ്രണയ താളത്തിന്റെ സ്വപ്‌ന ബീജങ്ങള്‍ക്ക് ഈ വര്‍ഷ മേഘങ്ങളുടെ കൂടുതല്‍ ശേഖരം വേണം. കരുണയുടെ കാതല്‍ കാത്തുസൂക്ഷിക്കുന്ന കവിയുടെ സ്‌നേഹ ചക്രവാളം കൂടുതല്‍ കാന്തിമഹിമയുള്ള നക്ഷത്രോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നെനിക്കുറപ്പുണ്ട്.  ശിഥിലമായ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ തൊട്ടുഴിഞ്ഞുണരുന്ന പുത്തന്‍ കവിതയുടെ ഈ സ്വതന്ത്ര പറവയ്ക്ക് ചിറകുകളുടെ ശക്തിയും ചിന്തയുടെ സൗന്ദര്യവും ജീവിതത്തിന്റെ ദര്‍ശനവും ഉത്തമ കവിതയുടെ ആശ്ലേഷവും ലഭിക്കട്ടെ.

Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

Wednesday, September 3, 2014

ജിബ്രാന്റെ കഥകൾ

ശില്പങ്ങൾ .....

മനോഹര ശിൽപം
ഒരു താഴ്വരയിൽ താമസിച്ച ഒരു കർഷകന്റെ വീട്ടു മുറ്റത്ത് ഒരു പഴയ മനോഹരമായ ശിൽപം അസ്ഥാനത്ത് വീണു കിടക്കുന്നുണ്ടായിരുന്നു. ആ ശില്പത്തെ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.  അച്ചനപ്പൂപ്പന്മാരുടെ കാലത്തെ അതെവിവിടെയുയുണ്ടായിരുന്നു. ഒരിക്കൽ ഒരു നഗരവാസി അയാളുടെ വീടിനരികിലൂടെ നടക്കുന്നതിനിടയിൽ ആ ശിൽപം കണ്ടു. അയാൾ അതിൽ ആകൃഷ്ടനായി. കർഷകനോടു ആ ശിൽപം വിൽക്കുമോ എന്ന് ചോദിച്ചു. കർഷകൻ പറഞ്ഞു "ഈ പഴയ ശിൽപം ആര് വാങ്ങാനാണ്" നഗരവാസി പറഞ്ഞു എങ്കിൽ "ഞാൻ അതിനു ഒരു വെള്ളി നാണയം" നല്കാം. അയാൾ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് വരെ തിരിഞ്ഞു നോക്കാത്ത ഈ കല്ലിനു വെള്ളി നാണയമോ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്തോഷത്തോടെ ഒരു വെള്ളി നാണയത്തിന്  ശിൽപം അയാൾ നഗരവാസിക്ക് വിറ്റു. നഗരവാസി ആ ശില്പത്തെ ആനപ്പുറത്തെറ്റി നഗരത്തിലെത്തിച്ചു. കുറച്ച് കാലത്തിനു ശേഷം ഗ്രാമീണ കർഷകൻ നഗരത്തിലേക്ക് പോകാൻ ഇടയായി. തെരുവിലൂടെ നടക്കുന്നതിനിടയിൽ മനോഹരമായ കെട്ടിടത്തിനു താഴെ വലിയ തിരക്ക് കണ്ടു. ഒരാൾ വിളിച്ചു പറയുന്നു "കടന്നു വരൂ കടന്നു വരൂ ലോകത്തെ ഏറ്റവും മനോഹരമായ നിങ്ങളെ വിസ്മയിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു കലാ സൃഷ്ടി കാണാൻ, ഒരു മഹാ ശില്പിയുടെ കര വിരുതുകൾ കൊണ്ട് രൂപപ്പെടുത്തിയ മനോഹരമായ കാഴ്ച കാണാൻ വെറും രണ്ടു വെള്ളി നാണയങ്ങൾ മാത്രം" ഗ്രാമീണ മനുഷ്യനും രണ്ടു വെള്ളി നാണയം കൊടുത്ത് അകത്തേക്ക് കടക്കാനുള്ള ടിക്കറ്റ് വാങ്ങിച്ചു. അകത്തേക്ക് പ്രവേശിച്ചു. താൻ ഒരു വെള്ളി നാണയത്തിന് വിറ്റ ശില്പമായിരുന്നു അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞത് .

മൂല്യ ബോധം
ഒരാൾക്ക്‌, തന്റെ നിലം ഉഴുതു മറിക്കുന്നതിനടയിൽ മനോഹരമായ ഒരു പ്രതിമ കിട്ടി, ഏതോ ഒരു വലിയ ശില്പി മാർബിൾ കൊണ്ട് തീർത്ത മനോഹരമായ ഒരു പ്രതിമ. കൗതുക വസ്തുക്കളും പ്രതിമകളും ഇഷ്ടപ്പെടുക്കുകയും അത് വിലയ്ക്ക് വാങ്ങുകയും ചെയ്യുന്ന ഒരാളെ കണ്ടത്തി വലിയ തുകയ്ക്ക് അയാൾ അത് വിറ്റു. ആ പണവുമായി വീട്ടിലേക്കു തിരിക്കുമ്പോൾ അയാൾ ചിന്തിച്ചു. ഇത്രയും പണം കൊണ്ട് ജീവിതത്തിൽ എന്തല്ലാം ചെയ്തു തീർക്കാം ഏതോ കാലത്തെ, ചെളിയിൽ കിടന്ന ജീവനില്ലാത്ത ഒരു പ്രതിമക്കു വേണ്ടി ഇത്രയും പണം എങ്ങിനെ ഒരാൾക്ക്‌ ചിലവഴിക്കാൻ കഴിയുന്നു. അത് വാങ്ങിയ ആ മനുഷ്യൻ ആ പ്രതിമയെ നോക്കിക്കൊണ്ട്‌ സ്വയം പറഞ്ഞു എന്തൊരു സൌന്ദര്യമാണിതിനു ജീവൻ തുടിച്ചു നില്ക്കുന്ന ഈ പ്രതിമ ഏതോ ഒരു ശില്പിയുടെ സ്വപ്ന സാക്ഷാല്ക്കാരമായിരുന്നു. കാലങ്ങളോളം ചെളിയിൽ പുരണ്ട, ഇപ്പോൾ ഇത്രയും തിളക്കമാർന്ന ഈ ശില്പത്തെ നിർജീവമായ കുറെ നാണയത്തുണ്ടുകൾക്ക് പകരം എങ്ങിനെ ഒരാൾക്ക്‌ വിൽക്കാൻ കഴിയുന്നു .

Wednesday, August 27, 2014

നിസാർ ഖബ്ബാനി - കവിതകൾ



നിസാർ ഖബ്ബാനി - കവിതകൾ


















കൊർഡോവ

ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ  
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
യൗവനത്തിന്റെ നൈർമ്മല്യവും
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ  
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിനേറ്റ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്,
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ?
അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

----------------------------------------------------------------------------------------------------------

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ 

നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ് 
അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ  അന്വേഷിക്കുകയാണ്.

കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും പുറത്തേക്ക് വരുന്ന
വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന പുതിയൊരധരത്തെ
ഞാൻ തേടുന്നു

കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ  എന്നെ പഠിപ്പിക്കൂ

എന്റെ പ്രേമഭാജനത്തിന്റെ കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമാല്ലാത്ത വിരലുകളെ വളർച്ച മുരടിച്ച
വൃക്ഷങ്ങളെ വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
 ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.

കവിതകൾ കൊണ്ട് നിനക്ക് ഞാൻ 
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല  ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്  ...

 ---------------------------------------------------------------------------




Sunday, August 3, 2014

പാനീസ് വെളിച്ചം തൂകിയ വഴികൾ

റമദാൻ സ്പെഷ്യൽ
നമ്മിൽ നഷ്ടമാകുന്ന പലതും ചരിത്രത്തിന്റെ ഭാഗങ്ങളാണ്, അത് ചിലപ്പോൾ ഒരു സംസ്കാരത്തിന്റെയോ ബന്ധങ്ങൾ കൂട്ടിചെർക്കുന്ന കണ്ണികളുടെയോ  ഓർമ്മകൾ  ആയിരിക്കും, പലപ്പോഴും ചരിത്രത്തെ മനസ്സിലാക്കാൻ  ചില സാംസ്കാരിക അടയാളങ്ങൾ സഹായിക്കാറുണ്ട്, ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും  തമ്മിൽ വലിയ ബന്ധമുണ്ട്,  നമ്മിൽ നിന്നും നഷ്ടമാകുന്ന മറഞ്ഞു പോകുന്ന  അത്തരം വസ്തുക്കളെ വീണ്ടും കാണുമ്പോൾ  നമ്മുടെ ചിന്തകൾ പഴയ കാലത്തേയ്ക്ക് സഞ്ചരിക്കുന്നു. പഴയ തലമുറയുടെ ജീവിത രീതി അറിയാനും, രാജ്യങ്ങൾ തമ്മിൽ കാത്തു സൂക്ഷിച്ചിരുന്ന  നല്ല ബന്ധങ്ങൾ  ഓർമ്മയിലേക്ക് വരാനും അത്തരം കാഴ്ചകൾ  സഹായമാകാറുണ്ട്.  നമ്മുടെ സാംസ്കാരിക പൈത്രുകങ്ങലായിരുന്ന നമ്മിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന  അത്തരം ചില ചരിത്രാവശിഷ്ടങ്ങലെ  അറിയാൻ  ശ്രമിക്കുമ്പോൾ അതു ചരിത്രമാണെന്നും അതിന്റെ സൃഷ്ടിക്ക് പിറകില്‍ വലിയ കഥകൾ ഉണ്ടന്നും നമുക്ക് ബോധ്യമാകുന്നു. റമദാനുമായി ബന്ധപ്പെട്ട്  അറബ് ലോകത്ത് നിന്നും നമ്മുടെ നാട്ടിൽ എത്തിയ  പാനീസ് രണ്ടു സംസ്കാരങ്ങളുടെ  കഥകൾ  നമുക്ക് പറഞ്ഞു തരുന്നു. അറബ് സംസ്കാരവും മലയാള സംകാരവും പരസ്പരം കൈമാറിയ കഥകൾ.  സാംസ്‌കാരിക, വാണിജ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ അറബ് ഭാഷയും അറബ് സംസ്കാരവും  ജ്വലിച്ചു നിൽക്കുമ്പോൾ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളുമായും അറബിഭാഷയുമായി വളരെ നല്ല  ബന്ധമുള്ള ജനതയായിരുന്നു നമ്മൾ മലയാളികള്‍. പ്രവാസ ലോകത്തെ നമ്മുടെ സാന്നിദ്യം ആ ബന്ധം ഇന്നും ഊട്ടിയുറപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ അറബി ഭാഷയെ സ്വന്തം ആത്മാവില്‍ അലിയിച്ചു മലയാളികൾ അറബി ഭാഷയുടെ  ആത്മാവ്‌ ആന്തരീകരിച്ച്‌ സ്വന്തമായി ഭാഷാ ലിപി വരെ ഉണ്ടാക്കിയിരുന്നു.കേരളത്തിലെ മുസ്ലിംങ്ങൾ ഉണ്ടാക്കിയ ആ  അറബ് മലയാളം ലിപി  ഇന്നും നിലനില്ക്കുന്നു. മലബാറിലെ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലും സാംസ്‌കാരിക ഈടുവെപ്പുകളിൽ അറബ് സംസ്കാരം ചേർത്തു വെച്ചു, പരസ്പരം കൊടുക്കലും വാങ്ങലുകളും നടത്തി, പതിമൂന്നാം  നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ മുസ്ലിംകൾ ലോകത്തിനു ഒരു പാട് സംഭാവനകൾ നൽകിയപ്പോൾ അതിന്റെ അലയൊലികൾ മലബാറിലെ മുസ്ലിംകൾക്ക് ഇടയിലും ഉണ്ടായിട്ടുണ്ട്, അതിന്റെ ഭാഗമായി അറബിയിലും അറബിമലയാളത്തിലും ഒരു പാട് രചനകൾ മലയാളികൾ നടത്തിയിരുന്നു.  ഇത്തരം ഒരു പാട് കഥകൾ പറയാനുണ്ട് ഈ പാനീസിനു.

ഒന്ന് രണ്ടു തലമുറക്കപ്പുറമുള്ള കേരളത്തിന്റെ റമസാന്‍ ഓർമകളിൽ ദീപ്തമായ സാന്നിധ്യമായിരുന്നു  പാനീസ്, ആ നന്മയുടെ നാട്ടു വിളക്ക്  ഇന്ന് അണഞ്ഞു പോയി എന്നുതന്നെ പറയാം, ഈജിപ്തിലെ അറബികളിൽ നിന്നും മലയാളികളിലേക്ക് എത്തിയതായിരുന്നു ആ വിളക്ക്, നൂറ്റാണ്ടുകള്‍ മുതലേ കേരളത്തിന് അറബ് രാജ്യങ്ങളുമായി  വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന ചരിത്രത്തിന്റെ പിന്‍ബലം കൂടി അത് അറിയിക്കുന്നു. റമദാൻ ആരംഭിക്കുന്നത് മുതൽ പെരുന്നാൾ നിലാവ് മാനത്തു കാണുന്നത് വരെ ഈജിപ്തുകാരുടെ ജീവിതത്തിൽ ഫാനൂസ് വിളക്കും കത്തുമായിരുന്നു. പരമ്പരാഗതമായി വീടുകളിലല്ലാം ഈ വിളക്ക് അവർ കത്തിച്ചു വെക്കുന്നു. നമ്മുടെ കേരളത്തിൽ വൈദ്യുതി വരാതിരുന്ന കാലത്ത് റമദാനിൽ രാത്രി നമസ്കാരത്തിനു പോകാൻ നമ്മുടെ പൂർവികർ പാനീസ് ഉപയോഗിച്ചതായി പറയപ്പെടുന്നു.  കേരളത്തിലെ പാനീസ്സുകല്ക്കും അറബ് ലോകത്തെ പാനൂസുമായി ചരിത്ര ബന്ധമുണ്ട്, വൈദ്യുതി എത്താത്ത നാട്ടിൻ പുറങ്ങളിൽ പഴയ കാലത്തെ ആശ്രയമായിരുന്നു ഈ തൂക്കു വിളക്കുകൾ, റമദാനിലെ രാവുകളിൽ അറേബ്യൻ നാടുകളിൽ ഇപ്പോഴും വളരെ പ്രചാരത്തിലുള്ള ഒരു വിളക്കാണ്  ഫാനൂസ് പ്രത്യേകിച്ചു ഈജിപ്തിൽ, ഫനൂസിന്റെ വെളിച്ചമില്ലാതെ അവർക്ക് നോമ്പ്ണ്ടായിരുന്നില്ല . അറബ് പൈതൃകത്തിലും കേരളത്തിന്റെ പഴയ നോമ്പ് കാലങ്ങളിലും ഒരേ സ്ഥാനമുള്ള ഈ റാന്തൽ വിളക്ക് രമദാന്റെ രാത്രികളിൽ പുതിയ തെളിച്ഛമായി ഇന്നും നില നില്ക്കുന്നു, ഈജിപ്ത് സിറിയ ഫലസ്തീൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഏറെ പ്രശസ്തമായ ഈ ഫാനൂസ് ഖത്തരുൾപടെ ഗല്ഫു രാഷ്ട്രങ്ങളിൽ ഇന്നും സാന്നിധ്യമറിയിക്കുന്നു, ഖത്തറിൽ ഇന്ന് കാണുന്ന പരസ്യ ബോർഡുകളിലും റമദാന്റെ പത്ര പരസ്യങ്ങളിലും മാത്രമല്ല, ഖത്തറിലെ പല അറബ് വീടുകളിലും ഫാനൂസ് വെളിച്ചം വിതറി നില്ക്കുന്നു, ഖത്തരിൽ പലരായി സംഘടിപ്പിക്കുന്ന റമദാൻ പരിപാടികളിലെ അലങ്കാര സാന്നിധ്യം കൂടിയാണ് ഈ വിളക്ക്. 

പഴയ കാല നോമ്പ് കാലത്തിന്റെയോ, ഉത്സവ കാലത്തിന്റെയോ ഓർമകളെ നില നിർത്താനും പല അറബ് വംശജരും പാനീസ് കൂടെ നിർത്തുന്നു. നമ്മുടെ നാട്ടിൽ പണ്ട് കാലത്ത് അത്താഴ സമയം അറിയിക്കാനായി അത്താഴം മുട്ട് എന്ന പ്രത്യേക സമ്പ്രദായം നിലവിലുണ്ടായിരുന്നു, അവരുടെ കയ്യിലും ഉണ്ടായിരുന്നത് ഈ പാനീസ്  വിളക്കും ചീനി എന്നറിയപ്പെടുന്ന സംഗീത ഉപകരണവുമായിരുന്നു, വീടുകൾ തോറും ഈ വിളക്കുമായി അത്താഴ മുട്ടികൾ നടന്നു പോകുന്നതായിരുന്നു അക്കാലത്തെ കാഴ്ച, ഈ ഒരു സമ്പ്രദായവും അറബികളിൽ നിന്ന് മലബാറിലെത്തിയതാണന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. ഈജിപ്തിൽ ഫാതിമിയ്യാ ഭരണ കൂടമാണ് പാനീസ് തുടങ്ങി വെച്ചത് എന്നാണു പറയപ്പെടുന്നത്. നേരത്തെ ഒന്നോ രണ്ടോ രൂപം മാത്രമേ പാനൂസ് ഉണ്ടായിരുന്നുള്ളൂ കാലാന്തരത്തിൽ ഈ വിളക്കിനു വിവിധ വർണങ്ങളും ആകൃതിയും കൈ വന്നു ആകർഷകമായ രൂപത്തിൽ ചെറുതും വലുതുമായി ഇത് വിപണിയിൽ ഇറങ്ങുന്നു, പണ്ട് കാലത്ത് കൊപ്പർ സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിര്മിച്ഛതങ്കിൽ ഇന്ന് വിവിധ തരം പ്ലസ്ടിക്കുകളിൽ പോലും സുലഭമാണ്. റമദാൻ ആശംസാ കാർഡുകളിലും കുട്ടികളുടെ റമദാൻ പരിപാടികളിലും പാനീസ് ചിത്രമുണ്ട്, കേരളത്തിൽ വടക്കേ മലബാറിലായിരുന്നു പാനീസ് വെളിച്ചം നോമ്പ് കാലത്ത് സജീവമായിരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

Saturday, July 5, 2014

പുണ്യങ്ങളുടെ പൂക്കാലം


പുണ്യങ്ങളുടെ പൂക്കാലങ്ങളിലൂടെ യാണ് വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്. റമദാനിന്റെ ദിനരാത്രങ്ങള്‍ സ്വയം വിലയിരുത്തലിനും തിരുത്തലിനും ഉള്ളതാകുമ്പോൾ  മനസ്സിനെ കൂടുതൽ ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കഴിയുന്നു, എല്ലാം  ദൈവത്തിനു മുമ്പിൽ സമർപ്പിക്കുമ്പോൾ  അധമ വികാരങ്ങള്‍ സ്വയമേവ കൊഴിഞ്ഞു പോകുന്നു. വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.  വികാരങ്ങല്ക്കും ദേഹേച്ചകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ലക്ഷ്യമാണ്‌. വ്യക്തിപരമായ ത്യാഗ മനോഭാവവും  സേവന സന്നദ്ധതയും  അർപ്പണ ബോധവും വളർത്തുന്നതോടോപ്പം സമസൃഷ്ടി  സ്നേഹവും സാമൂഹിക ബൊധമുണ്ടാക്കി എടുക്കുന്നതിനും  വൃതാനുഷ്ടാനത്തിലൂടെ  കഴിയണം. നോമ്പ് ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നു. വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പ് കാരന് പട്ടിണി പാവങ്ങലോടുള്ള ദീനാനുകമ്പ വളർന്നു വരുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം ലഭിക്കുന്നു, ധനികരിൽ അഗതി സംരക്ഷണത്തിന്റെ  വികാരം വളരുന്നു. പ്രവാചകൻ റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം  നിര്‍ധന കുടുംബങ്ങളെയും പാവപ്പെട്ടവരെയും  സഹായിക്കാനും, വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നിലനിര്‍ത്താനും  സ്വദേശികളോടൊപ്പം  പ്രവാസ സമൂഹവും ഏറെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബന്ധം നിലനിർത്തുന്നു ജാതി മത വ്യത്യാസമില്ലാതെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുന്നു.  ഈ രമദാനിലും  വിപുലമായ ജീവകാരുണ്യ പദ്ധതികൾക്കാണ്  ഖത്തറിലെ ചാരിറ്റി സംഘടനകൾ രൂപം നല്കിയിരിക്കുന്നത്. ശീതീകരണ സംവിധാനമുള്ള ടെന്റുകൾ വഴി  ഭക്ഷണവും പാനീയങ്ങളും  പാവപ്പെട്ടവർക്ക് വേണ്ടി  ദിനേന അവർ ഒരുക്കുന്നു.  നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘുകരിക്കാനും വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നില നിര്‍ത്താനും ഇത്തരം പദ്ധതികള്‍ ഒരു പാട് സഹായകമാകുന്നു. ഖത്തർ ചരിറ്റി, ഖത്തർ റെഡ് ക്രെസന്റ്റ്, റാഫ്, ഈദ് ചാരിറ്റി തുടങ്ങിയ വിവിധ സംഘങ്ങൾ ആണ്  ഇഫ്താർ ടെന്റുകൾ ഒരുക്കിയിരിക്കുന്നത്, ഇതിനു പുറമേ സ്ഥിരമായി ഇഫ്താർ ഒരുക്കുന്ന സ്വദേശികളുടെ ടെന്റുകലും ധാരാളമായി ഉണ്ട്. അത്യുഷ്ണമുള്ള ദൈർഗ്യമുള്ള പകലിലൂടെയുള്ള ഇപ്രാവശ്യത്തെ നോമ്പ് പുറത്ത് ജോലിചെയ്യുന്നവർക്ക്  കാഠിന്യത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. പാവപ്പെട്ട പുറമേ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് ലഭിക്കുന്നതും, ഇത്തരം ടെന്റുകളും ഒരു പാട് ആശ്വാസം നല്കുന്നു.

പട്ടിണിപ്പാവങ്ങൾ
ഈ റമദാനിലൂടെ ലോകത്തെ പട്ടിണി പാവങ്ങളുടെ വിശപ്പ്‌ അറിയാൻ നമുക്ക് കഴിയണം,  ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശം, വരൾച്ച , പ്രകൃതി ദുരന്തങ്ങൾ  ഇങ്ങനെ ഒരു പാട് കാരണങ്ങള്‍ അതിനുണ്ട്. ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണിപ്പാവങ്ങൾ, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാധി പോലെയുള്ള മാറാ രോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. അല്പം വെള്ളം ലഭിക്കാൻ കിലൊമീറ്റരോളം  നടക്കുന്ന, വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഈ ഒരു പാശ്ചാത്തലത്തില്‍ ലോക സമൂഹം ഈ വിഷയം ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. അവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും നമുക്ക് ലഭിച്ച അനുഗ്രഹങ്ങല്ക്ക് ദൈവത്തിനു നന്ദി പറയേണ്ട സമയവുമാണിത്, അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും അവരോടുള്ള ദീനാനുകമ്പ വളര്ത്തി കൊണ്ടുവരാനും ഈ നോമ്പിലൂടെ നമുക്ക് കഴിയണം. ഇത്തരം പാവപ്പെട്ടവരെ സഹായിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ഖത്തറിന്റെ സേവനം വളരെ വലുതാണ്‌.

ധൂർത്ത് ഒഴിവാക്കുക
അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പികാൻ  സന്നദ്ധത കാട്ടാനും  ധൂർത്ത് ഒഴിവാക്കാനും  നമുക്ക് കഴിയണം. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍  ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് അനുഗൃഹീതമായ റമദാനിന്‍റെ പവിത്രത കളയാൻ പാടില്ല. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും  പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  റമദാനിലും അല്ലാത്തപ്പോഴും ധൂർത്ത് നമ്മളിൽ ഉണ്ടാകാത്തിരിക്കാൻ  ശ്രദ്ധിക്കാൻ നമുക്ക് കഴിയണം.  ഒരു ഉരുള ഭക്ഷണം  കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍ ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വെച്ചുകൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കിന് അമ്മമാര്‍ കരഞ്ഞു കഴിയുന്നുണ്ട്,  അവരെ നാം മറന്നു കൂടാ. ഭക്ഷണം അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കാൻ ബാക്കി വരുന്ന ഉപയോഗിക്കാത്ത ഭക്ഷണം ശേഖരിക്കാൻ  ഖത്തറിലെ ഈദ് ചാരിറ്റി ചെയ്യുന്ന  പ്രവർത്തനം ഏറെ മാതൃകാപരമാണ്, ഭക്ഷണ സാധനങ്ങൾ അനാവശ്യമായി ഉപേക്ഷിക്കരുതെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ട്‌  കൊണ്ടാണ്  ഈദ് ചാരിറ്റി ഈ പദ്ധതിയുമായി മുമ്പോട്ട് വന്നത്, ആരെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ശേഖരിക്കുന്നതിനു പകരം, ബാക്കി വരുന്ന തീരെ ഉപയോഗിക്കാത്ത ഭക്ഷണ സാധനങ്ങൾശേഖരിച്ച് വിശക്കുന്നവർക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇവർ ചെയ്യുന്നത് ഇത്തരം നല്ല പ്രവർത്തനങ്ങളിലൂടെ മാതൃക കാട്ടുകയാണ് ഖത്തറിലെ ഈദ് ചാരിറ്റി.

നാട്ടിലും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒരു പാട് നടന്നു കൊണ്ടിരിക്കുന്നു, ഇത്തരം ഒരു പാട് നല്ല കാര്യങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും മലയാളികളിൽ റമദാനുമായി ബന്ധപ്പെട്ടു ചില തെറ്റായ ശീലങ്ങളും വളർന്നു വരുന്നുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത വിഭവങ്ങൾ ഉണ്ടാക്കാൻ വേണ്ടി അമിതമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാർകറ്റിൽ ഉണ്ടാക്കുന്ന വൻ തിരക്കും അത് മൂലം ഭക്ഷണസാധനങ്ങളുടെയും പഴം, പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നതും, നോമ്പിന്റെ രാത്രികളിൽ  മലയാളം ചാനലുകളിൽ മുസ്ലിം പാചക സ്ത്രീകൾ   അവരുടെ പാചക മികവുമായി പ്രത്യക്ഷപ്പെടുന്നതും  ചില വനിതാ മാസികകൾ കൊതിയൂറും “റമദാൻ” വിഭവങ്ങളുമായി റമദാൻ വിഭവ സ്പെഷ്യൽ പതിപ്പിറക്കുന്നതും നോമ്പ് വിഭവ സ്മൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള മാസമായുള്ള  തെറ്റിദ്ധരണ വരുത്തുന്നുണ്ട്, ഇതൊക്കെ നോമ്പിന്റെ  ഭാഗമാണെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നു,  ഇത് തികച്ചു തെറ്റായ സന്ദേശമാണ് നല്കുന്നത്.  ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾകൊണ്ടു കൊണ്ടുള്ളതല്ല  ഇത്തരം പ്രവർത്തനങ്ങൾ.

ദാന ധർമങ്ങൾ
പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്‍ഭാരമാക്കുകയും ധാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി  പ്രാര്‍ഥിക്കുവാന്‍ റമദാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അതിലൂടെ അവൻ സൂക്ഷ്മത പാലിക്കുന്നവൻ ആയിത്തീരാൻ വേണ്ടി. വളരെ പുണ്യകരമാണെന്ന് ഇസ്ലാം നിര്‍ദേശിച്ച കര്‍മമാണ് ദാനധര്‍മങ്ങള്‍. ദൈവം  തനിക്ക് നല്കിയ അനുഗ്രഹമായ സമ്പത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ് ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്. പ്രവാചകൻ ജനങ്ങളില്‍ വെച്ച് ഏറ്റവും ഔദാര്യവാനായിരുന്നു. റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ പ്രവാചകന്റെ  ഔദാര്യശീലം ഇരട്ടിയാകുമായിരുന്നു. പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കേണ്ടതുണ്ട്‌. അത് കൊണ്ടാണ് മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ റമദാനിൽ  സജീവമാകുന്നതു . സഹായം സമ്പത്തു കൊണ്ട് മാത്രമല്ല, മറ്റു നല്ല സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാവാം. രോഗപീഢയാല്‍ വേദനിക്കുന്നവര്‍ക്കും അശരണരും ആലംബഹീനരുമായി നിത്യദുരിതം അനുഭവിക്കുന്നവരിലേക്കും സാന്ത്വനവുമായി കടന്നു ചെല്ലുന്നത് റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ആവുമ്പോള്‍ അത് ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതുമായിത്തീരുന്നു. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക  ഇത്തരം കാര്യങ്ങളിൽ കൂടുതൽ  പങ്കാളികളാവാൻ വൃതം അനുഷ്ടിക്കുന്നതോടൊപ്പം തന്നെ നമുക്കും കഴിയണം. ദൈവ  പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്.  വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന് വലിയ പ്രതിഫലമുണ്ടന്നും, ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

Related Posts Plugin for WordPress, Blogger...