Wednesday, June 4, 2014

പകൽ കിനാവന്റെ കാഴ്ചകൾ ...

"പടം എടുക്കാൻ വേണ്ടി ഇത് വരെ പടം എടുത്തിട്ടില്ല എവിടെ പോകുമ്പോഴും ക്യാമറ കരുതും പോകുന്ന വഴിക്ക് കാണുന്ന ദൃശ്യം ക്യാമറയിൽ പകർത്തും" പകൽ കിനാവൻ എന്നറിയപ്പെടുന്ന ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫരുടെ  ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്   നാഷണൽ  ജിയോഗ്രാഫിക്  മാഗസിൻ ഫോട്ടോഗ്രാഫറായിരുന്ന "ഓറിയറി"ന്റെ  വാക്കുകളും ചിത്രവുമാണ്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ  സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രണ്ടിനെ കാണാൻ "ഓ റിയർ" ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ഒരു വെള്ളിയാഴ്ച ഡ്രൈവിനിടയിൽ  വാഹനം നിർത്തി അല്പം വിശ്രമിക്കാൻ നേപ്പാ കൌണ്ടിയുടെ പരിസര പ്രദേശത്ത്  ഇറങ്ങിയപ്പോള്‍  തന്റെ ക്യാമറ കണ്ണുകളിലൂടെ തികച്ചും യാദൃശ്ശ്ചികമായി എടുത്ത ചിത്രം ഏതാണ്ട് ഒരു ബില്ല്യനിൽ അധികം ആളുകൾ  കണ്ടു എന്നാണു പറയപ്പെടുന്നത്. രണ്ടായിരത്തി രണ്ടു മുതൽ വിൻഡോസ്‌ എക്സ് പി  യുടെ വാൾപേപറിൽ  കാണുന്ന ആ ചിത്രം  "ഓറിയർ"  യാദൃശ്ശ്ചികമായി എടുത്തതായിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ തന്റെ കണ്‍മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കാണ് യതാർത്ഥ ജീവൻ നല്കാൻ കഴിയുക എന്ന് വിശ്വസിക്കുന്ന  ഫോട്ടോഗ്രാഫറാണ്  ഷിജു എസ് ബഷീർ.
ഒരേ തൂവൽ
തോരാതെ പെയ്യുമീയേകാന്തത...
സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, ഫോട്ടോ ഗ്രാഫിയും ഇതിൽ നിന്നും വ്യത്യസ്തമല്ല സമയത്തിന്റെ ആപേക്ഷികതയ്ക്കുള്ളിൽ തന്റെ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഒരു ക്ലിക്ക് ചിലപ്പോൾ ഒരു കാലത്തെ തന്നെയാണ് ഒപ്പിയെടുക്കുന്നത്, ചിലപ്പോൾ വലിയൊരു ദർശനത്തിനു തന്നെ വഴി ഒരുക്കുന്നു.  ക്യാമറയുടെ  സഹായത്തോടെ ഫോട്ടോ ഗ്രാഫെർസ്  ഒപ്പിയെടുക്കുന്ന ഇത്തരം  ദർശനങ്ങൾക്ക് ചിലപ്പോൾ ഭൗതികമായ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്നു. ഇത്തരം ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കാൻ കഴിവുള്ള അപൂർവം ഫോട്ടോ ഗ്രാഫർമാരിൽ  ഒരാളാണ് ഷിജു എസ്  ബഷീർ.

ബോംബയിൽ ഒരു കമ്പനിയിൽ ആനിമേറ്റർ ആയി ജോലി ചെയ്തു നിരവധി പ്രമുഖ തമിൾ ഹിന്ദി തെലുങ്ക് സിനിമകളിലും  പരസ്യ ചിത്രങ്ങളിലും  പ്രവര്‍ത്തിച്ചശേഷമാണ് ഷിജു ദുബായിൽ ഒരു കമ്പനിയിൽ എത്തിപ്പെടുന്നത്. രണ്ടായിരത്തി അഞ്ചിൽ ദുബൈലായിരുന്നപ്പോൾ  പ്രമുഖ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജെയിംസ് നാച്ച്വേയെക്കുറിച്ച് ക്രിസ്ത്യന്‍ ഫ്രൈ സംവിധാനംചെയ്ത വാര്‍ ഫോട്ടോഗ്രാഫര്‍ എന്ന ഡോക്യുമെന്ററി ഷിജുവിനെ സ്വാധീനിക്കുകയും  ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയും ചെയ്തു. അന്ന് മുതൽ ഫോട്ടോഗ്രാഫി എന്ന ലഹരി ഷിജുവിന്റെ തലയ്ക്കു പിടിക്കുകയും "ലൈഫ് ഇന്‍ ട്രാഷ്"  ഫോട്ടോ പരമ്പര ഷിജു സ്വയം സൃഷ്ടിക്കുകയും  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ അച്ഛടിച്ചു  വരികയും ചെയ്തു. അത് ഷിജുവിന്റെ  ഫോട്ടോ ഗ്രഫിയുടെ ചിറകുകൾക്ക് കൂടുതൽ കരുത്ത് നല്കി. ഒരു സ്ഥലത്ത് ഒതുങ്ങി നില്ക്കാതെ നിരവധി രാജ്യങ്ങളിലേക്ക് ഷിജു പറന്നു. തന്റെ ചിറകുകളിൽ ക്യാമറക്കണ്ണുകൾ പിടിപ്പിച്ചു.  എത്യോപ്യ, കെനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ആംസ്റ്റര്‍ഡാം, നേപ്പാള്‍, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മധ്യേഷ്യന്‍, ആഫ്രികന്‍  ഇങ്ങനെ നിരവധി രാജ്യങ്ങളിൽ ഷിജു യാത്ര ചെയ്തു  ഫോട്ടോകൾ എടുത്തു. ഒപ്പം ഗള്‍ഫിന്റെ നേര്‍കാഴ്ചകളിലേക്കും പ്രവാസിജീവിതത്തിന്റെ ഒറ്റപ്പെടലുകളിലെക്കും  കണ്ണെത്താദൂരം നീളുന്ന ഗൾഫിലെ മരുഭൂമിയിലേക്കും ക്യാമറ ചലിപ്പിച്ചു.

പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!
മുറിവുകളുടെ ഒറ്റമുറി
ദയനീയ ഭാവങ്ങൾ നിറഞ്ഞ ഓരോ ചിത്രങ്ങളും  വിരല്തുംപും ക്യാമറക്കണ്ണും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതകളായി. ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം ഷിജുവിന്റെ ചിത്രങ്ങളിൽ കാണാം. മനോഹരമായ പ്രക്രതിയുടെ പച്ചപ്പും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളും   അകലെ സൂര്യോദയവും വർണ്ണാഭമായ മേഘങ്ങളും  അരുവികളും  ദേശാടനക്കിളികളും തന്റെ ചിത്രങ്ങൾക്ക് മനോഹാരിത പകരുംപോഴും മനുഷ്യന്റെ നീറുന്ന  പ്രശ്നങ്ങൾക്ക് തന്നെയാണ്  ഷിജു പ്രാധാന്യം കൊടുത്തത്. ജീവിതത്തിന്റെ  സന്തോഷങ്ങളും , വസന്തങ്ങളും  ഓര്‍മയില്‍ നിന്നും  മറഞ്ഞു  വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ മനസ്സിൽ നിറയുന്ന മനുഷ്യ ജീവനുകളുടെ ചിത്രങ്ങൾ, ഓരോ തലമുറകളുടെയും കാലത്തിന്റെയും ഗോത്രത്തിന്റെയും കഥകളായി  നമുക്ക് പറഞ്ഞു തരുന്നു.  ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനുള്ളിൽ നിന്നും  ജീവിക്കുന്ന ആയിരം കഥകൾ നമുക്ക് വായിക്കാൻ കഴിയും. നിസ്സാര സംഭവം എന്ന് തോന്നിക്കുന്ന പലതും കാലത്തെയും ചിന്തയെയും  മാറ്റാൻ കെൽപുള്ളതാക്കുന്നു.

കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ  ആഡംബര ജീവിതം നയിക്കുന്നവർക്കിടയിൽ  ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആഹാരവും പാഴ്വസ്തുക്കളും പെറുക്കാൻ വിധിക്കപ്പെട്ട മനുഷ്യ മക്കളുടെ  ദയനീയ   "ചിത്രങ്ങളാണ്  "ലൈഫ് ഇന്‍ ട്രാഷ്". ഈ  വിഷയത്തിൽ പന്ത്രണ്ടോളം ചിത്രങ്ങളാണ്  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ പ്രസിദ്ധീകരിച്ചത്.

ഷിജുവിന്റെ  നിശബ്ദ  ചിത്രങ്ങൾക്ക്  പുതിയലോകത്തെ സൃഷ്ടിക്കാന്‍  കഴിയുന്നു.  മനുഷ്യന്റെ   സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടം, സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്യം, വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഷിജു നല്കുന്ന അടിക്കുറിപ്പുകൾ ഓരോ കവിതയായി  മാറുകയാണ്, പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!, കഥയില്ലാത്ത ചില ഫ്രെയ്മുകള്‍", ആകാശദൂരം, തോരാതെ പെയ്യുമീയേകാന്തത... മുറിവുകളുടെ ഒറ്റമുറി,  ചില നോട്ടങ്ങള്‍... ഒറ്റ വാക്കില്‍ ഒതുങ്ങാതെ പോകുന്നത് ,   ഓരോ മരത്തിലും വീടുണ്ട് അതിരുകളില്ലാതെ,  ഷിജു വിന്റെ അടിക്കുറിപ്പുകളാണ് ഇവയൊക്കെ.

ഒരു ചിത്രത്തിന് താഴെ ഷിജു കുറിച്ചിട്ട വരികൾ  ഇങ്ങനെയാണ് 
എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

താനൊരു ഫോട്ടോ ഗ്രാഫർ മാത്രമല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുന്നതാണ് ഷിജുവിന്റെ  ഈ വാക്കുകൾ. പേര് പകൽകിനാവൻ എന്നാണങ്കിലും തന്റെ ചിത്ര ലോകത്തെ കിനാവുകൾ മുഴുവൻ അന്വര്തമാക്കുന്ന രൂപത്തിലുള്ളതാണ് ഓരോ ചിത്രങ്ങളും. ഷിജുവിന്റെ ചിത്രങ്ങളും  വരികളും "അൻ സ്ക്രിപ്റ്റെഡു  ലൈവ്സ്‌", "ലൈഫ് ഇൻ ട്രാഷ്", "ഷൈഡ്‌സ് ഓഫ് ലൈഫ്", എന്നിങ്ങനെ ഫോട്ടോ എസ്സെകളായി പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയെടുത്ത അമ്പതോളം ചിത്രങ്ങൾ ഷൈഡ്‌സ് ഓഫ് ലൈഫ്ൽ കാണാം.

അടുത്ത ഫോട്ടോ പ്രദർശനം ഈ വിഷയത്തിൽ ആയിരിക്കുമെന്ന് ബഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ  ഷിജുവിന്റെ  ഫോട്ടോ പ്രദർശനങ്ങൾ നടക്കുകയുണ്ടായി, തിരുവനന്തപുരത്തെ  പ്രദർശനം "എഴുതപ്പെടാത്ത ജീവിതങ്ങൾ" സന്ദർശനമനസ്സുകളിൽ വരച്ചിട്ടു. പ്രദർശനം കണ്ട ഒരു അച്ഛന്റെ വികാരം പങ്കു വെച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഷിജു പറയുന്നു, "അച്ഛൻ" എന്ന  ചിത്രം  കണ്ട  ഒരച്ചൻ എന്നോട് പറഞ്ഞു " എന്റെ ജീവിതമാണ് നിങ്ങൾ പകർത്തിയിരിക്കുന്നത്  അത് പറയുമ്പോൾ അയാളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. അയാളുടെ വാക്കുകൾ എനിക്ക്  കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു". രാജസ്ഥാനിലെ  ഇത് വരെ ഒരു ഫോട്ടോ  പ്രകാശവും തന്റെ മുഖത്ത് പ്രതിഫലിക്കാത്ത തൊണ്ണൂർ വയസ്സോളം പ്രായം വരുന്ന ഒരു അമ്മൂമയുടെ പടം എടുക്കുമ്പോൾ ക്യാമറയുടെയും  ടെക്നോളജിയുടെയും ലോകം എന്താണെന്ന് അറിയാത്ത ആ ഗ്രാമീണ സ്ത്രീ നാളെ എന്നെ ലോകം കാണുമല്ലോ എന്ന് പറഞ്ഞത്  ഇന്നും ഓർക്കുന്നതായി ഷിജു പറഞ്ഞു.  ഷിജുവിന്റെ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു ആ വൃദ്ധ സ്ത്രീയുടെ ചിത്രം.

നിന്റെ കണ്ണില്‍ തനിച്ചു നില്‍പ്പാണിപ്പോഴും, ഒരു കടല്‍!
ദക്ഷിണപടിഞ്ഞാറന്‍ എത്യോപ്യയിലെ ഓമോ നദീതടത്തിലേക്ക് നടത്തിയ യാത്ര ഷിജുവിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനെ പറ്റി ഷിജു  പറയുന്നത് ഇങ്ങനെയാണ്. "ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമായിരുന്നു അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു യാത്ര.  കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് അവർ പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു.  എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു.
ഷിജുവിന്  ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദക്ഷിണ  എത്യോപിയയിൽ നിന്നും ലഭിച്ചത്. അർദ്ധനഗ്ന ആദിവാസി ഗോത്രമാണവിടെ ജീവിക്കുന്നത്. അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നു വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും.  മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതായി ഷിജു പറയുന്നു. ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളാണെന്നു ഷിജുവിന്റെ ഈ  യാത്രയിലൂടെയുള്ള ചിത്രങ്ങൾ പറയുന്നു. സര്‍ഗ്ഗാത്മകത യിലൂടെ തന്റെ  കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കാനും  അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലൂടെ യാത്രകള്‍ പകര്‍ത്തി വെയ്ക്കാനും കഴിയുമെന്നു ഷിജു തെളിയിക്കുന്നു.

ഇനിയെത്ര ദൂരം!
അടുത്ത യാത്രയ്ക്കും ഒരു ഡോക്യുമെന്റ്രി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഷിജു  അതിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്  ആസ്ത്രേലിയക്കടുത്തുള്ള   "വനത്തോ" ആദിവാസി ഗോത്രത്തെ കുറിച്ചാണ് പഠനവും ഡോക്യുമെന്റ്രിയും, ഇതും ആഫ്രിക്കയിലെ ഹാമർ ഗോത്ര വർഗക്കാരെ പോലെയുള്ള ഒരു ആദിവാസി ഗോത്ര വർഗമാണ് .

കായം കുളം സ്വദേശിയായ  ഷിജു മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം ബംഗ്ലൂരിൽ നിന്നും  ആനിമേഷന്‍ പഠിച്ചു. ബോംബയിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. പിതാവ് ബഷീറും  മാതാവ് സുലൈഖയ്മാണ്, ഷിജുവിന് രണ്ടു പെണ്‍ മക്കളാണ് കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത്  തന്റെ കലാപരമായ  കഴിവുകൾ  യുവജനോല്‍സവവേദികളില്‍ തെളിയിക്കുകയും പോളിടെക്നിക്കില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. shijusbasheer@gmail.com
http://www.daydreamerfotos.com/
http://www.facebook.com/daydreamer.fotos

13 comments:

  1. ഷിജുവിന്റെ ചിത്രങ്ങള്ക് ഒരു ഐടെന്റിടി ഉണ്ട്.....ഷിജുവിന്റെ വോളിൽ അലെങ്കിൽ പോലും അത് തിരിച്ചറിയാനാകും..
    :"തോരാതെ പെയ്യുമീ ഏകാന്തത " എന്നാ തലകെട്ടോടുകൂടിയ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രം, എനിക്ക് വളരെ ഇഷ്ടപെട്ടതാണ് ..
    എല്ലാ ആശംസകളും !

    ReplyDelete
  2. ഷിജുവിനെ പരിചയപ്പെടുത്തിയതു നന്നായി. നല്ല എഴുത്ത്. പക്ഷെ, അദ്ദേഹത്തിന്റെ ഫോട്ടോകൾ അടയാളം-ഖത്തർ പ്രദർശിപ്പിക്കുകന്നു എന്നുകൂടി എഴുതാമായിരുന്നു.

    ReplyDelete
    Replies
    1. പകൽ കിനാവന്റെ ഫോട്ടോ എക്സിബിഷനെ പറ്റി മറ്റൊരുപേജിൽ വാർത്ത വന്നിട്ടുണ്ട് ..

      Delete
  3. പകല്‍ കിനാവന്‍റെ ചിത്രങ്ങളെ കുറിച്ചുള്ള നല്ല പരിചയപ്പെടുത്തലായി ഈ കുറിപ്പ്...ആശംസകള്‍

    ReplyDelete
  4. ബെസ്റ്റ്!
    പകല്‍ക്കിനാവന്‍ എന്ന പേരില്‍ മുമ്പ് ഒരു ബ്ലോഗര്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം ആണോ ഇദ്ദേഹം?

    ReplyDelete
  5. പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  6. പകൽക്കിനാവൻ എന്ന പേരു കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധയിൽ പെടുന്നത് ഇപ്പോഴാണ്. നല്ല ചിത്രങ്ങൾ. കൃത്രിമത്വം കലർത്താതെ, ആകസ്മികമായി പകർത്തപ്പെടുന്ന ചിത്രങ്ങളോടാണ് എനിക്കും താല്പര്യം.

    ReplyDelete
  7. ഈ പരിചയപ്പെടുത്തൽ എന്തു കൊണ്ടും നന്നായി. വളരെ മുൻപു തന്നെ പകൽക്കിനാവന്റെ ചിത്രങ്ങൾ കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  8. അങ്ങിനെ പരിചയപ്പെട്ടു..

    ReplyDelete
  9. കൊള്ളാം പരിചയപ്പെടുത്തലും, എഴുത്തും

    ReplyDelete
  10. കഥ പറയുന്ന ചിത്രങ്ങള്‍.

    ReplyDelete
  11. ithra visadamayi pakalkinavane arinjathil,, nallezhuththum, enthayalaum ezhuthukaranum pakalkinavanum yathra thudaru

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...