'സമരോത്സുക ജീവിതത്തിന് ഐക്യപ്പെടുക' എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറില്‍ നടത്തിയ കാംപയിനിന്റെ ഭാഗമായി 'സത്യമേവ ജയതേ' എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.
മത/ദൈവവിരുദ്ധ പ്രത്യയ ശാസ്ത്രം,
പുരോഹിത മതം, സാമ്രാജ്യത്വം എന്നീ മൂന്നു കഥാപാത്രങ്ങള്‍ മതസംഹിത ജീവിത
പ്രത്യയശാസ്ത്രത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ഒടുവില്‍ പരാജയം
സമ്മതിക്കുന്നതുമാണ് തസ്‌നീമു റഹ്മാന്‍ അഹ്മദ് രചനയും സംവിധാനം ചെയ്ത
നാടകത്തിന്റെ കഥാതന്തു. വിശുദ്ധഗ്രന്ഥവും സദ്‌വഴിയും മൂടിവെച്ച് ആളുകളെ
ചൂഷണം ചെയ്തു തടിച്ചു കൊഴുക്കാന്‍ ശ്രമിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യുന്ന
ഇടയനിലൂടെ വികസിക്കുന്ന കഥ യഥാര്‍ഥ ആത്മീയതയെ കാണികള്‍ക്ക്
പരിചയപ്പെടുത്തുന്നുണ്ട്. ഇടയന്റെ 'ധാര്‍ഷ്ട്യ'ത്തില്‍ കലിപൂണ്ട പുരോഹിത
വര്‍ഗം ക്രൂരമര്‍ദ്ദനത്തിന് ശേഷം അയാളെ തടങ്കലില്‍ പാര്‍പ്പിക്കുമ്പോള്‍
വിമോചന മേലങ്കിയണിഞ്ഞ വിപ്ലവകാരി പ്രത്യക്ഷപ്പെടുന്നു. മത മൂല്യങ്ങളുടെ
അഭാവവും ഭരണ കൂടത്തിന്റെ നിയന്ത്രണമില്ലായ്മയും മുതലാളികള്‍ തൊഴിലാളികളെ
ചൂഷണം ചെയ്യുന്നു. ഈ സാഹചര്യം തന്റെ തത്വസംഹിതയ്ക്ക് രൂപം നല്കാന്‍
വിപ്ലവകാരിക്ക് എളുപ്പത്തില്‍ കഴിയുന്നു.
അടിമയും ഉടമയും
ഇല്ലാത്ത, ദൈവ നിഷേധത്തില്‍ ഊന്നിയ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ വേണ്ടി
പുതിയൊരു തത്വ സംഹിത അവതരിപ്പിക്കുക്കുന്ന വിപ്ലവകാരി മതത്തെ നിഷ്‌കാസനം
ചെയ്യാനും ആത്മ ചേതനയുടെ അനശ്വരതയെയും ക്രിയാത്മക മതങ്ങളുടെ ദൈവത്തെയും
നിഷേധിക്കാന്‍ കല, വാക്ക് ചാതുര്യം എന്നിവയുടെ മൂര്‍ത്തീകരണത്തിലൂടെ
ശ്രമിക്കുന്നതായി നാടകത്തില്‍ ചിത്രീകരിക്കുന്നു. സംസ്‌കൃത ചിത്തരായ
യുവാക്കളുടെ ഇടയില്‍ പോലും ഈ ദര്‍ശനം പരിലസിക്കാന്‍ തുടങ്ങുന്നു. ഈ
ദര്‍ശനം സ്ഥാപിക്കുന്ന ഒരു ചുവപ്പിന്റെ പ്രതീകവും മനുഷ്യന്‍ ഇതില്‍
അസ്വസ്ഥനാകുന്നതിനിടയില്‍ കടന്നു വരുന്ന സാമ്രാജ്യത്തിന്റെ പ്രതീകമായ
കറുപ്പും സിംബോളിക്കായി അവതരിപ്പിക്കുന്നു.
ഈ പശ്ചാത്തലം
ഒരുക്കാന്‍ ഒരു പരിധിവരെ നാടക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും ഒരു
പ്രത്യേക പ്രത്യശാസ്ത്രത്തെ മാത്രം കടന്നാക്രാമിക്കുക വഴി മതം നേരിടുന്ന
മറ്റു സമകാലിക വെല്ലുവിളികളെ നാടകം ശ്രദ്ധിക്കാതെ പോയി. ആ പരിമിതിയെ കൂടി
മറികടക്കാന്‍ നാടകത്തിനു സാധിക്കേണ്ടിയിരുന്നു.
വെല്ലുവിളികള്‍ക്ക്
മുമ്പില്‍ വാടാതെ മത വേരുകള്‍ വീണ്ടും വീണ്ടും വളര്‍ന്നു വരികയും യഥാര്‍ഥ
മത സംഹിതകള്‍ മുറുകെ പിടിച്ചു സത്യം ജയിക്കുക തന്നെ ചെയ്യും എന്ന് ഉറച്ചു
വിശ്വസിക്കുന്ന വിപ്ലവ പോരാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവരുടെ
മുമ്പില്‍ സാമ്രാജ്യത്വവും മതവിരുദ്ധ തത്വസംഹിതയും തരിപ്പണമാകുകയും സത്യം
പുലരുകയും മിഥ്യ തകരുകയും ചെയ്യുന്ന കാഴ്ച നാടകം പ്രേക്ഷകര്‍ക്ക്
മുന്നിലെത്തിക്കുന്നുണ്ട്.
ചിത്രീകരണത്തില്‍ സൂചിപ്പിച്ചത് പോലെ
മത നിഷ്‌കാസനം ഒരു പാട് കാലം മുമ്പേ ഇവിടെ സംഭവിച്ചിട്ടുണ്ട്. പ്രാചീന
കാലത്തെ ഗ്രീസും റോമും ചരിത്രപരമായി ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പുരോഗതി
കൈവരിച്ച രാജ്യങ്ങളായിരുന്നു. ഗ്രീസിന് ആഭ്യന്തരമായി
ഉയര്‍ച്ചയുണ്ടായത് പെരിക്ലീസിന്റെ കാലത്തും വൈദേശികമായി അലക്‌സണ്ടാരുടെ
കാലത്തുമായിരുന്നു. പെരിക്ലീസിന്റെ കാലത്ത് സോഫിസ്റ്റുകള്‍ മതത്തെ
നിഷ്‌കാസനം ചെയ്തിട്ടുണ്ട്. ഗ്രീസില്‍ ശക്തി പ്രാപിച്ചുവന്ന സോഫിസ്റ്റുകള്‍
തത്വജ്ഞാനത്തെ മതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചു.
മാറ്റമില്ലാത്ത ദൈവ കല്‍പ്പനകളല്ല യഥാര്‍ഥ നയമെന്നും മറിച്ച്
മാറികൊണ്ടിരിക്കുന്ന സാമൂഹ്യ പരിസ്ഥിതികളില്‍ മനുഷ്യന്റെ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനുവേണ്ടി മനുഷ്യര്‍ തന്നെയാണ് നിയമങ്ങളുടെ
നിര്‍മാതാക്കളെന്ന വാദം പ്രചരിപ്പിച്ചവരായിരുന്നു സോഫിസ്റ്റുകള്‍.
കലയേയും സാഹിത്യത്തേയും പെരിക്ലിസ് ഒരു പാട് പ്രോത്സാഹിപ്പിച്ചു പുരാതന
യവനലോകത്തിലെ വിജ്ഞാന സംസ്‌കാര കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന്
കഴിഞ്ഞു. കലയുടെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹത്തിന്റെ യുഗം.
ഇന്ന്
മതത്തെ നിഷ്‌കാസനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനങ്ങളുടെ വളര്‍ച്ച
വളരെ കുറവാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരുപാട് പ്രശ്‌നങ്ങള്‍
നിലനിലക്കുമ്പോള്‍ അത്തരം സാമൂഹിക വിപത്തുകളെയും സമകാലീന സംഭവങ്ങളെയും
സാക്ഷിയാക്കി സമര മുഖത്തേക്ക് കൊണ്ടുവരാന്‍ ചിത്രീകരണത്തിലൂടെ ശ്രമിച്ചാല്‍
കൂടുതല്‍ നന്നാകുമായിരുന്നു.
സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം
ഇത്തരം
ചിന്തകള്‍ മുമ്പോട്ട് വെക്കുമ്പോള്‍ മതത്തിന് പുറമേ സാമൂഹിക മാറ്റത്തിനു
മുമ്പോട്ട് വെച്ച ആശയങ്ങളും ചിന്തകളും മതചിന്തകളുമായി താരതമ്യം ചെയ്തു
പഠിക്കേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങളെയും പുതിയ ചിന്തകളെയും സമൂഹത്തിനു
മുമ്പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ട് വന്ന ലിബറിസ്റ്റ്
ആശയങ്ങളും രാഷ്ട്രമീമാംസയില്‍ വലിയ സംഭാവനകള്‍ നല്കി 'സാമൂഹ്യ ഉടമ്പടി'
(സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി), അവതരിപ്പിച്ച തോമസ് ഹോബ്‌സിന്റെ ചിന്തകളും പഠന വിധേയമാക്കുകയും ചര്‍ച്ച
ചെയ്യപ്പെടുകയും വേണം. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും
പ്രാധാന്യത്തിലൂന്നിയുള്ള ഉദാരതാവാദത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും
സാമ്പത്തിക അസ്ഥിരതയും ഫാസിസം, കമ്മ്യൂണിസം, ഏകാധിപത്യം തുടങ്ങിയവ
ഉയര്‍ത്തിയ രാഷ്ട്രീയ ദാര്‍ശനിക വെല്ലുവിളികളും സമൂലമായ മാറ്റങ്ങള്‍
വരുത്തി, പഴയ ലിബറിസ്റ്റ് വാദത്തില്‍ നിന്നും മാറി ജെ എസ് മില്‍, ജെ എം
കെയിന്‍സ് തുടങ്ങിയ ചിന്തകര്‍ നവഉദാരതാവാദത്തിന്റെ അടിത്തറ
പാകുകയായിരുന്നു.
ഹോബ്‌സിന്റെ ലെവിയാത്താന്‍ എന്ന കൃതിയിലൂടെ പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ
'സാമൂഹ്യ ഉടമ്പടി' എന്ന ആശയത്തിനു തിരി കൊളുത്തുകയായിരുന്നു. യൂറോപ്യന്‍ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുന്നതിൽ ഈ കൃതി വലിയ പങ്കു വഹിച്ച്ട്ടുണ്ട്. രാഷ്ട്രീയ
അധികാരങ്ങള്‍ നല്കാന്‍ പ്രാതിനിധ്യ സ്വഭാവവും ജനസമ്മതിയും വേണം എന്ന
കാഴ്ചപ്പാട് ഹോബ്‌സിന്റെ സങ്കല്പത്തില്‍ നിന്നായിരുന്നു എന്ന്
പറയപ്പെടുന്നു. തത്വചിന്തയിലെ ഭൗതികവാദത്തെ പ്രതിനിധാനം ചെയ്ത ഹോബ്‌സ്
രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, ദൈവശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, എന്നീ
മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.
പ്രായോഗിക നിയമശാസ്ത്രശാഖയിൽ ജേർമി ബൻതാം കൊണ്ട് വന്ന ചിന്തകള് സാമൂഹിക ജീവിതത്തിൽ വലിയ സ്വാദീനം ഉണ്ടാക്കുന്നതായിരുന്നു. ജെ.എസ്. മിലും ഈ രംഗത്ത് വലിയ സംഭാവനകലാണ് നല്കിയത് . സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം,
രാഷ്ട്രമീമാംസാ ശാസ്ത്രം, മനഃശാസ്ത്രം, ധര്‍മശാസനകള്‍, മൂല്യബോധങ്ങള്‍
തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഒരുപാട് നിയമശാസ്ത്രപഠനവും വിശകലനവും ഇവര്‍
നടത്തിയിട്ടുണ്ട്. ഭൗതിക നിയമ ശാസ്ത്ര ശാഖയില്‍ വലിയ സംഭാവനകള്‍
അര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
ഇസ്‌ലാമിക തത്വചിന്തകരുടെ
ചിന്തകളും ആധുനിക പാശ്ചാത്യ ചിന്തയില്‍ വലിയ
സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി കാണാം. ലോകം മുമ്പ് ദര്‍ശിക്കാത്ത പുതിയ
അറിവുകള്‍ നല്കിയ ഇസ്‌ലാമിക ചിന്തകനായ ഇബ്‌നു ഖല്ദൂന്റെ മുഖദ്ദിമയും ഈ
രംഗത്ത് പഠന വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ശാസ്ത്രം എന്ന വിജ്ഞാന ശാഖയുടെ
ഉപജ്ഞാതാവ് എന്ന ഖ്യാതിവരെ ഇബ്‌നു ഖല്‍ദൂന് ലഭിച്ചിട്ടുണ്ട്. അറബ്
സാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ
രചനയായിരുന്നു മുഖദ്ദിമ. അത് പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍
ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു മുതല്‍ ദാര്‍ശനികരുടെയും ശാസ്ത്ര
പണ്ഡിതന്മാരുടേയും ചിന്തയില്‍ ശക്തമായ സ്വാധീനം ചെലുത്തുകയായിരുന്നു.
മനുഷ്യ ചിന്തയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു ആ
ഗ്രന്ഥം.
വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക്
സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ
ഏറ്റവും ഉദാത്ത മാതൃകയായിരുന്നു ഇസ്‌ലാമിക തത്വ ചിന്തകനായിരുന്ന ഇബ്‌നു
തുഫിലിന്റെ തത്വശാസ്ത്രം. യൂറോപ്യന്‍ നവോത്ഥാനത്തിലും യൂറോപ്യന്‍
ധിഷണാജീവിതത്തിലും അവ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
പലപ്പോഴും
നാം മറന്നു പോകുന്ന തത്വ ചിന്തയാണ് ഗാന്ധിജിയുടേത്. ഗാന്ധിജിയുടെ അഹിംസാ
സമരത്തിന്റെ തത്വശാസ്ത്രം ഇന്ത്യയില്‍ മാത്രമല്ല അമേരിക്കന്‍ ദിഷണാ
ജീവിതത്തിലും നവോത്ഥാനത്തിലും വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ഭരണ
കാര്യങ്ങളില്‍ ഗാന്ധിജി മാതൃകയാക്കാന്‍ ആഗ്രഹിച്ചത് ഉമറിന്റെ സുരക്ഷിതമായ
ഭരണമായിരുന്നു. അമേരിക്കന്‍ നീഗ്രോ വിമോചക സേനയുടെ നേതാവായിരുന്ന
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വളരെ കാലമായി അദ്ദേഹം അന്വേഷിച്ച സമരായുധങ്ങള്‍
കണ്ടെത്തിയത് മഹാത്മാ ഗാന്ധിയില്‍ നിന്നായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍
പറയുന്നു 'ബന്താം, ജെ എസ് മില്‍ തുടങ്ങിയവരുടെ ഉദാരതാവാദത്തില്‍ നിന്നോ
മാര്‍ക്‌സ് ലെനിന്‍ ചിന്തകരുടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നോ തോമസ്
ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയില്‍ നിന്നോ നിഷേയുടെ മനുഷ്യാതീത
മനുഷ്യനില്‍ നിന്നോ ലഭിക്കാതിരുന്ന ബൗധിക ധാര്‍മിക സംതൃപ്തി ഗാന്ധിജിയുടെ
അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രത്തില്‍ നിന്നുമാത്രമാണ് എനിക്ക്
നേടിയെടുക്കാന്‍ കഴിഞ്ഞത്.
ജെ എസ് മില്ലിന്റെ നവഉദാരതാവാദവും
ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയും നിഷേയുടെ മനുഷ്യാതീത മാനുഷിക
ചിന്തകളും റൂസ്സോയുടെ ഒപ്ടിമിസവും ലെനിനിന്റെയും മാര്‍ക്‌സിന്റെയും വിപ്ലവ
ചിന്തകളും ഇതുപോലെ മറ്റു ഒരുപാട് ദാര്‍ശനികന്മാരുടെ ദര്‍ശനങ്ങളും
തത്വശാസ്ത്രങ്ങളും പ്ലാറ്റോ, അറിസ്റ്റോട്ടില്‍ മുതലായ പൗരാണിക
തത്വചിന്തകളും ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രവും മതവുമായി
താരതമ്യം ചെയ്തു പഠിക്കുമ്പോഴാണ് മതം ആവശ്യപ്പെടുന്ന സാമൂഹിക കാര്യങ്ങളുടെ
പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം ചിത്രീകരണങ്ങളില്‍
അത്തരം ചില സാമൂഹിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാനുള്ള പ്രേരണകള്‍ കൂടി
നല്‍കിയാല്‍ നന്നായിരിക്കും.
ചിത്രീകരണത്തിന്റെ മറ്റൊരു ഭാഗത്ത്
ബാലിശമായ ജട പൂജയെന്ന നിലക്ക് അസംസ്‌കൃതമായ രൂപത്തില്‍ മനുഷ്യന്റെ ഇന്ദ്രീയ
അഭിലാഷങ്ങലെ പൂര്‍ണമായും അടിമപ്പെടുത്തി തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന
മത പുരോഹിതര്‍ക്കെതിരെ പോരാടാനും പോരാട്ടങ്ങളെ അശക്തമാക്കാന്‍
ശ്രമിക്കുന്ന മറ്റു ശക്തികളെയും മനസ്സിലാക്കി മോചനത്തിനുവേണ്ടി
സമരോത്സുകമായ ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.
സത്യമേവ ജയതേ എന്ന നാടകത്തിന്‍റെ പരിചയപ്പെടുത്തല്‍ നന്നായി
ReplyDeleteആശംസകള്‍
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നാടകം കണ്ടപ്പോള്‍ അതിന്റെ അവതാരികയായി പറഞ്ഞ വാക്കുകള്‍ ഒരുകാലത്തും ഞാന്‍ മറക്കില്ല:
ReplyDelete“നാടകങ്ങള്‍ കണ്ടാല്‍ ജനം നന്നാകുമായിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായിപ്പോയേനെ”