കഴിഞ്ഞ ദിവസം അടയാളം ഖത്തർ ഒരുക്കിയ
"ഒരിക്കൽ ഒരിടത്ത്" എന്ന കഥാപരിപാടിയിൽ മനോഹരങ്ങളായ കുറെ കഥകൾ കേൾക്കാനും
കഥകളെയും കഥാകഥനത്തെപ്പറ്റിയും അറിയാനും സാധിച്ചു.
നിക്കു കേച്ചേരി (കഥ:സാദ്ധ്യതകളുടെ തെരുവ്),
ഷീല ടോമി (കഥ: മകൾ)
ഹർഷ (കഥ: റൂത്തിന്റെ കഥായാമങ്ങൾ) എന്നീ എഴുത്തുകാർ അവരുടെതന്നെ കഥകൾ
അവതരിപ്പിക്കുകയായിരുന്നു.

കഥാകൃത്ത് ശ്രീനാഥ്, മൂന്നു കഥകളെയും പറ്റി ലഘുവായി വിശകലനം ചെയ്തു. മനുഷ്യ
ജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെ പല സാദ്ധ്യതകൾക്കിടയിൽ സംതൃപ്ത ജീവിതം
നയിക്കാനുള്ള അവന്റെ/അവളുടെ അത്ഭുതകരമായ കഴിവിനെ പരാമർശ്ശിച്ച ശ്രീനാഥ്
നിക്കുവിന്റെ കഥ അത്തരത്തിൽ മികച്ച ഒരു രചനയാണെന്നഭിപ്രായപ്പെട്ടു.
ഷീല ടോമിയുടെ മകൾ എന്ന കഥ സാമൂഹ്യ ദുരന്തത്തിന്റെ നേർപ്പകർപ്പായി.
പിന്നീട് പല കഥകൾക്കും വിഷയമായ ഈ തീം, അതിനെല്ലാം ഏഴു വർഷം മൂന്നേ ഷീലക്ക്
അവതരിപ്പിക്കാൻ കഴിഞ്ഞു. ഹർഷയുടെ കഥ, കഥാകഥനത്തിന്റെ ടെക്നിക്കുകൾക്ക്
പലതരത്തിലും ഉദാഹരണമാണെന്നും ശ്രീനാഥ് അഭിപ്രായപ്പെട്ടു.

പ്രശസ്തകഥാകാരൻ കെ വി മണികണ്ഠന്റെ "ജലകന്യക" എന്ന കഥ വിമര്ശ്ശനാത്മകമായി
ശ്രീനാഥ് വായിച്ചു. ഈ കഥയെ ആസ്പദമാക്കി കഥയുടെ ക്രാഫ്റ്റ് വിശദമായി
ഉദാഹരിക്കുകയുണ്ടായി. തുടർന്ന്, ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക
പശ്ചാത്തലവും എന്ന വിഷയം ശ്രീനാഥ് അവതരിപ്പിച്ചു.
ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക
പശ്ചാത്തലവും
ചെറുകഥയുടെ
ഉത്ഭവം മുതൽ വ്യത്യസ്ത ഘട്ടങ്ങളിൽ ചെറുകഥയ്ക്കുണ്ടായ മാറ്റങ്ങളും ഇന്നത്തെ
ചെറുകഥയുടെ രീതിയും ശ്രീനാഥ് തന്റെ അവതരണത്തിൽ വിശദമായി സൂചിപ്പിച്ചു. നവീന
ചെറുകഥാചരിത്രത്തിലെ ആദ്യകഥയായി വാഴ്ത്തപ്പെടുന്ന വാൾട്ടര്‍ സ്കോട്ടിന്റെ
"ടൂ ഡ്രോവേര്‍സ് "എന്ന ചെറുകഥയിലൂടെ ശ്രീനാഥ് കഥാലോകത്തിന്റെ ചെപ്പ്
തുറക്കുകയായിരുന്നു. കാലികളെ മേച്ചു നടന്ന ഇംഗ്ലണ്ടിലെ രണ്ടു യുവാക്കളായ
റോബിനും ഹാരിയും. രണ്ടുപേരും പരസ്പരം വാക്കുതർക്കത്തിലും തുടർന്ന്
ദ്വന്ദയുദ്ധത്തിലും ഏർപ്പെടുന്നു. പരാജയപ്പെടുന്ന റോബിൻ ഹാരിയോട്
കഠാരയുമായി യുദ്ധത്തിനു വരാൻ വെല്ലുവിളിക്കുകയും കഠാര കൊണ്ട് ഹാരിയെ
കൊലപ്പെടുത്തുകയും ചെയ്യുന്നു. റോബിൻ കൊലക്കുറ്റത്തിനു വധശിക്ഷയ്ക്ക്
വിധേയനാകുമ്പോൾ കുറ്റബോധം അനുഭവപ്പെടുന്ന റോബിൻ ചെയ്ത കുറ്റത്തിന് ഞാൻ
എന്റെ ജീവൻ പകരമായി നല്കുന്നു മറ്റൊന്നും എന്നോട് ചോദിക്കരുത് എന്ന്
കോടതിയിൽ പറയുന്നു, ഇതായിരുന്നു ചരിത്രം സൃഷ്ടിച്ച ആ ആദ്യകഥ. തുടർന്ന്
ചെറുകഥയുടെ ചരിത്രം ശ്രീനാഥ് വിവരിച്ചു.

യൂറോപ്പിലാണ് ചെറുകഥ
തുടങ്ങിയതെങ്കിലും അമേരിക്കയിലാണ് ഇന്നത്തെ രൂപത്തിലുള്ള ചെറുകഥാ
എഴുത്തിന്റെ ശാസ്ത്രീയ രീതി അവലംബിക്കാൻ തുടങ്ങിയത്. ഐതിഹ്യം, മിത്ത്
തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും
കാല്പനികവുമായ രീതി മെനഞ്ഞെടുക്കലായിരുന്നു ഈ സാഹിത്യ രൂപത്തിലൂടെ
സംഭവിച്ചത്. വ്യാവസായിക സമൂഹമായ അമേരിക്കയിൽ ഈ എഴുത്തിന്റെ ചുരുക്കരീതി ഏറെ
പ്രചാരത്തിൽ വരികയും,
തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള നവീന സാഹിത്യരൂപമായ
ചെറുകഥകളാവുകയും ചെയ്തു.

മറ്റു ഭാഷാസാഹിത്യങ്ങളുടെ
മുൻപന്തിയിലേക്ക് തുടർന്ന് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയായിരുന്നു.
യൂറോപ്പിലെ ചെറുകഥയുടെ വളര്‍ച്ചയെ പിന്‍പറ്റിയായിരുന്നു ഈ ചെറു കഥാ
സാഹിത്യം അമേരിക്കയിൽ വളര്‍ന്നതെങ്കിലും ഇതിന്റെ പ്രചാരം വൻതോതിലായിരുന്നു.
1870 കളിൽ ഒരു ചെറുകഥ എഴുതിയാൽ ആയിരം ഡോളർ വരെ പാരിതോഷികം നൽകിയിരുന്ന
"അറ്റ്ലാന്റിക് മന്ത്ലി" തുടങ്ങിയ മാസികൾ ഉണ്ടായിരുന്നുവെന്ന അറിവ്
അതിശയകരമായിരുന്നു. 1800 കളിൽ റഷ്യയിലും ചെറുകഥ സാഹിത്യത്തിന്റെ സുവർണ
കാലമായിരുന്നു റഷ്യൻ എഴുത്തുകാരില്‍ ടെതോവിസ്കിയും ഗോഗോളും ഗോര്‍കിയും
ടോൾസ്റ്റോയിയും ചെക്കോവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1900 കളിൽ
ടാഗോറിന്റെയും മുൻഷി പ്രേംചന്ദിന്റെയും എഴുത്തിൽ ഇന്ത്യയിൽ ചെറുകഥ തുടക്കം
കുറിച്ചു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്താകമാനവും വിശിഷ്യാ
ഇന്ത്യയിലും ഒരുപാട് ചെറുകഥകളും കഥാകൃത്തുക്കളും ഉണ്ടായി. നിലവിലെ ചെറുകഥാ
രീതിയിൽ നിന്നും വ്യത്യസ്തമായി ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും
മിനിമലിസത്തിലേക്കും കഥകൾ പതിയെ മാറാൻ തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം
എഴുതപ്പെട്ട കഥകളിൽ പ്രതീക്ഷകളുടെ വ്യർത്ഥതയും, സാമൂഹിക ജീവിതത്തിന്റെയും
മൂല്യങ്ങളുടെയും ശോചനീയമായ അവസ്ഥയും മോഹഭംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരു
വ്യർത്ഥതാബോധത്തിന്റെ വ്യാകുലതകൾ കഥകളിൽ പൊതുവേ വ്യാപിച്ചുകണ്ടിരുന്നു.
കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം കാരൂരിന്റേയും ടി.
പത്മനാഭന്റെയും എം.ടി.യുടെയും കഥകളിലൂടെ വളർന്നു. പട്ടിണി എന്ന വികാരവും
സാമൂഹിക ചിന്തകളും സിനിമയുടെ സ്വാധീനവും ഫോട്ടോഗ്രഫി,
ചിത്രരചനയിലുണ്ടാക്കിയ മാറ്റം പോലെ ചെറുകഥയിലും മാറ്റങ്ങൾ
സൃഷ്ടിക്കുകയായിരുന്നു. ധൈഷനികവും റിയലിസ്ടിക്കും എന്ന പൊതുധാരയിൽ കഥകൾ
വരാൻ തുടങ്ങി.
സാമൂഹിക യാഥാർത്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ
നല്കിക്കൊണ്ടായിരുന്നു കാരൂരിന്റെ ചെറുകഥകൾ മലയാളത്തിൽ പ്രചാരം നേടിയത്.
പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു കാരൂരിന്റെ കഥകൾ. അതിനു
ശേഷം ആന്തരിക ചിന്തയിൽ വിളയുന്ന ചെറുകഥകൾ എം ടി യുടേയും പൊറ്റക്കാടിന്റേയും
മറ്റുമായി വരാൻ തുടങ്ങി, അതിന്റെ ഉച്ചസ്ഥായിയിൽ ആത്മനിഷേധം എന്ന രൂപത്തിൽ
തന്നെയായി മാറി മുകുന്ദന്റെയും കാക്കനാടന്റെയും ചെറുകഥകൾ. കാക്കനാടൻ, ഒ.
വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ
എഴുത്തുകാര് പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള
ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക
നിലവാരത്തിലേയ്ക്ക് എത്തിച്ചു.

ജീവിതവുമായി ബന്ധപ്പെട്ടു ജീവിത ചിന്തകളിൽ
ചവുട്ടി നിന്നുകൊണ്ട് വിക്ടര് ലീനസ്സിന്റെയും സക്കറിയയുടെയും ചെറുകഥകൾ
മലയാളികൾക്ക് ലഭിച്ചു. സ്വന്തം അനുഭവ യാഥാർത്ഥ്യങ്ങളെ വരച്ചു കാണിച്ചു
കൊണ്ടായിരുന്നു ബഷീര് മനോഹരങ്ങളായ കഥകൾ ആവിഷ്കരിച്ചത്, ഒരു ശില്പി,
നർത്തകിയുടെ ശിൽപം നിർമിക്കുമ്പോൾ ആ നർത്തകിയുടെ ഞരമ്പുകൾ പോലും ശില്പത്തിൽ
ആവാഹിച്ചു കാണിക്കുമ്പോലെ കഥാ പാത്രങ്ങളുടെ ഓരോ ജീവന സ്പന്ദനങ്ങളും
ബഷീറിന്റെ എഴുത്തിൽ നമുക്ക് തെളിഞ്ഞു കാണാൻ കഴിയുന്നത് അതുകൊണ്ടാണ്.
കാലാകാലങ്ങളിൽ റിബലുകളും ചെറുകഥയെ നവീകരിച്ചിരുന്നു. സ്വന്തം എഴുത്തിനോടും
തന്നോടും കലഹിച്ചു അതിനു ഉത്തരം അന്വേഷിക്കുന്ന റിബൽ രീതിയിലായിരുന്നു,
ആധുനികാനന്തര തലമുറയിൽ എഴുത്തുകാർ കാലത്തിന്റെ ചാക്രികതയെ
അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്
നടത്തുന്നത്. പൊന്തക്കാട്ടിൽ ഒളിഞ്ഞിരിക്കുന്ന പൂമൊട്ടിനെ അതിനു
ചുറ്റുമുള്ള കാടുകൾ വെട്ടി മനോഹരമായി ദലങ്ങളുള്ള സൗരഭ്യം പരത്തുന്ന പൂവായി
പുറത്ത് കൊണ്ട് വരിക തന്നെയാണ് ചെറുകഥാകാരൻ ചെയ്യേണ്ടത് അതിനുളള ചില
അടിസ്ഥാന വഴികൾ ശ്രീനാഥ് അവതരിപ്പിച്ചു.

നല്ല കഥ എഴുതാനുള്ള വഴി കഥ
എഴുതുക എന്നത് തന്നെയാണ്. കഥാപാത്രങ്ങക്കൊണ്ട് കഥാകാരൻ
പ്രസംഗിപ്പിക്കരുത്. ദുഖവും സന്തോഷവും തുടങ്ങിയ വികാരങ്ങൾ വിളിച്ചു
പറയുന്നതാകരുത്. ആധുനികതയുടെ കാലത്ത് ഉപമകൾ കൂടുതലായിരുന്നു എന്നാൽ പുതിയ
കഥാ രീതി, ഉപമകളെ അപ്പാടെ ഒഴിവാക്കി കൊണ്ടാണ്. പത്രവാർത്ത യോടടുത്തു
നിൽക്കുന്ന പോലെ ചെറിയ വാക്കുകളിലും സ്പേസിനു പിശുക്കു കാണിച്ചു കൊണ്ടും
തന്നെ പുതിയ കഥകൾ എഴുതപ്പെടുന്നു, ലളിതമായ വാക്കുകൾ ഉപയോഗിക്കുക, ഒരു
വാക്ക് പോലും അമിതമായി ഉപയോഗിക്കാതിരിക്കുക, കൂടുതലായി എഡിറ്റിംഗ് നടത്തുക
എന്നിവ സാമാന്യ രീതികളാണ്. ബഷീർ നൂറോളം പ്രാവശ്യം എഡിറ്റിംഗ്
ചെയ്തിട്ടാണത്രേ കഥ ഇത്ര ലളിതമായി പുറത്തുകൊണ്ടുവന്നിരുന്നത്. പുതിയ
കഥാകാരന്മാർ ക്ഷമാശീലരാവണം. അഞ്ചു വര്ഷത്തോളം എം ടി എഴുതിയ ഒരു കഥ പോലും
ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കെ എ സെബാസ്റ്റ്യൻ മുപ്പതോളം കഥകൾ അയച്ചു
കാത്തിരുന്നിട്ടുണ്ട്. 38 വയസ്സ് വരെ വി ജെ ജെയിംസ് എഴുതിയത്
ആരുമറിഞ്ഞില്ല. അത് കൊണ്ട്, എഴുത്തുകാരാ നീ എഴുതുക... ആര് എതിർപ്പ്
പ്രകടിപ്പിച്ചാലും എഴുത്ത് തുടരുക. എഴുത്തിന്റെ പാത, രാജപാതയാണ്. ഒരു പാട്
മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ രാജവീഥി. അവിടെ നിങ്ങൾ ഒറ്റക്കല്ല. എഴുതുക.
സധൈര്യം സഞ്ചാരം തുടരുക.
അടയാളം ഖത്തറായിരുന്നു ഈ
സാഹിത്യ സായാഹ്നം എഫ് സി സി ഹാളിൽ ഒരുക്കിയത്. അടയാളത്തിനും ശ്രീനാഥ്നും
നന്ദി.