ഉണ്ണിയാര്‍ച്ചയുടെ ചരിത്രമുറങ്ങുന്ന നാട്, കുറ്റിപ്പുറം കോവിലകം
ഉള്‍പ്പെട്ടിരുന്ന പ്രദേശം, വടക്കന്‍ പാട്ടിന്റെ വീര ഗാഥകള്‍ കേട്ട്
പുളകമണിഞ്ഞ മണ്ണ്, അങ്കത്തട്ടുകളുടെ പടകാളി മുറ്റം, കടത്തനാടന്‍ കളരി
ചൂരക്കുടി കളരി എന്നിവ കൊണ്ട് പേരുകേട്ട നാട്. പ്രസിദ്ധമായ നാദാപുരം പള്ളി
സ്ഥിതിചെയ്യുന്ന നാദാപുരം ഒരു കാലത്ത് ഇസ്‌ലാംമത പഠന രംഗത്ത് രണ്ടാം
പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടത്.
പാറയില്‍ ശിവക്ഷേത്രം,
വിഷ്ണുമംഗലം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ഹിന്ദു ആരാധനാലയങ്ങള്‍
ഉള്‍പ്പെട്ട പ്രദേശം. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന,
സാംസ്‌കാരിക പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാടാണ് നാദാപുരം.
സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും ഉണര്‍ത്തി
വലിയ മനുഷ്യര്‍ കടന്നു പോയ പ്രദേശം. സംസ്‌കാരം ജ്വലിച്ചു നിന്ന
മനുഷ്യരാശിക്ക് ഒരുപാട് വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത മണ്ണാണ്
നാദാപുരത്തിന്റേത്. മരങ്ങളും ചെടികളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശം.
നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും നദിയുടെ ഒഴുക്കും വയലേലകളും
മരങ്ങളും മനസ്സിന് കുളിരേകിയിരുന്നു.
ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ ആ നാടിനെ സ്വപ്‌നം കാണുമ്പോള്‍ മനസ്സില്‍ നാടിനെ ഓര്‍ത്തുള്ള ആകുലതകളാണ്.
ഇന്ന് അവിടെ നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും ഇല്ല. എല്ലാം ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു. വറ്റിപ്പോകുന്ന നദികയോടൊപ്പം സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നുപോയ വഴികളില്‍ ദുഷ്ടരൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. മനുഷ്യരുടെ ചോര കുടിക്കാന്‍ ദാഹാര്‍ത്തരായ പിശാചുക്കള്‍ അലഞ്ഞു നടക്കുന്നു. ഈ ദുഷ്ട രൂപങ്ങള്‍ മനസ്സിനെ വല്ലാതെ ഭീതിപ്പെടുത്തുന്നു.
സ്വസ്ഥമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട പഴയ നാളുകള്‍ ഒരിക്കലും ആവര്‍ത്തിക്കരുത് എന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേര് മാത്രമേ അവിടെ പ്രശ്‌നമുണ്ടാക്കുന്നുള്ളൂ.
ഇവര്‍ മാനവികതയുടെ ശത്രുക്കളാണ്. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവര്‍ ഒരിക്കലും സംരക്ഷിക്കപ്പെട്ടു കൂടാ. അവര്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. അതുകൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും നാം ഒത്തൊരുമിച്ചു പോരാടണം.
പ്രവാസികളായ ഞങ്ങളുടെ ആശങ്ക വളരെ വലുതാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നത് പാവങ്ങളായ ഇവിടെയുള്ള പ്രവാസികള്‍ കൂടിയാണ്. ജീവിത കാലം മുഴുവന്‍ ആധ്വാനിച്ചത് നിമിഷം നേരം കൊണ്ട് ചെറിയ ഒരു കലാപം കൊണ്ട് നഷ്ടമാകുക എന്നത് ഒരിക്കലും താങ്ങാന്‍ കഴിയുകയില്ല. ഉറ്റവരേയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആധിയാണ് മനസ്സില്‍.
ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളും നിസ്സഹായതയും നേരിട്ടനുഭവിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്നവരാണ് പലരും. ഓരോ തുള്ളി വിയര്‍പ്പ് ഒഴുക്കുമ്പോഴും സ്വന്തം നാടിന്റെ വികസനമാണ് അവര്‍ സ്വപ്‌നം കാണുന്നത്. സ്വന്തം നാടിനോടുള്ള സ്‌നേഹമാണ്, സമാധാനമാണ് ആഗ്രഹിക്കുന്നത്.
ഡബിള്‍ ഡക്കറില്‍ കിടക്കുന്ന ബഷീറും ജോസഫും രാഘവനും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കുന്നു, ദുഃഖങ്ങള്‍ ഒന്നിച്ചു പങ്കുവെക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ അതിവിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍. വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുകയാണ് ഇവിടെ. ഭാഷയേയും സംസ്‌കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് തിരിച്ചരിഞ്ഞവരാണ് പ്രവാസികള്‍. വിശപ്പിന്റെ വിളിയാണല്ലോ ഞങ്ങളെ പ്രവാസിയാക്കി മാറ്റിയത്.
ഇവിടെ ഓണവും പെരുന്നാളും വിഷുവും കൃസ്മസ്സും ഒന്നിച്ചു ചേര്‍ന്നാണ് ആഘോഷിക്കുന്നത്. സൗഹൃദം കാത്തുസൂക്ഷിക്കുന്ന നോമ്പ് തുറയും ക്രിസ്മസ്, ഓണ ആഘോഷ പരിപാടികളും ഇവിടേെത്തത് പോലെ നാട്ടിലും ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു.
നിഷ്പക്ഷമായി ചിന്തിക്കുന്നവരില്‍ നിന്നും അവിടെയുള്ള സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാകാന്‍ കഴിഞ്ഞതും അവിടെ നടക്കുന്ന പ്രശ്‌നങ്ങളെ അവര്‍ വിലയിരുത്തിയത് ഏതാണ്ട് ഒരേ രൂപത്തിലാണ്. നാട്ടിലെ ക്രിമിനലുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
'അക്രമകാരികള്‍ നാടിന്റെ ജീവന്‍ കൈയിലെടുക്കുമ്പോള്‍ അവരെ തടയാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം കാലം നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ്. അപക്വത മാത്രം കൈമുതലായുള്ള ഈ കുട്ടിക്രിമിനലുകളെ എല്ലാകാലത്തും സംരക്ഷിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. പൊലിസിന്റെ ഭാഗത്ത് നിന്നും കര്‍ശന നിലപാടും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് പ്രശ്‌നങ്ങളുടെ പ്രധാന പരിഹാരം.'
സാധാരണക്കാരാണ് പലപ്പോഴും ഇവയുടെയൊക്കെ ഇരകള്‍. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജീവിതങ്ങള്‍ താറുമാറാകുന്നു. അന്നന്നേക്കു ആഹാരം കണ്ടത്താന്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ ആഴ്ചകളോളം ജോലി ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നു. അങ്ങനെ പട്ടിണി കിടക്കുന്നവരെ പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും അറിയുന്നില്ല എന്നതാണ് സത്യം.
എന്നുമുതലാണ് അവിടെ ഓലയാള്‍ നമ്മ്‌ളെയാള്‍ പ്രയോഗം വന്നത്. അത് മാറേണ്ടിയിരിക്കുന്നു. ഒരു പ്രശ്‌നം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഓലയാള്‍ക്കോ നമ്മളയാള്‍ക്കോ എന്ന് ചോദിക്കുന്ന അവസ്ഥ മാറിയേ തീരൂ. പി കെ പാറക്കടവിന്റെ 'ഓലെയാള്‍ നമ്മളയാള്‍' എന്ന് സൂചിപ്പിച്ചു കരളലയിപ്പിക്കുന്ന നാദാപുരം എന്ന കഥയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട് . ഏതു കുറ്റവാളിയുടെയും ഒരു നിമിഷമെങ്കിലും കണ്ണുതുറപ്പിക്കുന്ന ശക്തമായ ചിന്ത
'അമ്മ പൊന്നുമോനെ പുതപ്പിനിടയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി, മോന്‍ പതുക്കെയെഴുന്നെറ്റ് ജാലകപ്പാളി തുറന്നു.
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു:
'ആരാളീ. ഓലോ ഞമ്മളോ (ആരാണ് അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു; രണ്ടു ഗ്ലാസ് കണ്ണീരുമായി തിരിച്ചു വന്നു.
ഒരു ഗ്ലാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീര് കുടിച്ചു കൊണ്ടിരിക്കെ ഇടി വെട്ടുന്ന പോലെ ശബ്ദവും മിന്നല്‍ വെളിച്ചവും. അമ്മ ചോദിച്ചു: ആരാളീ, ഓലോ ഞമ്മളോ'.
നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം: വളരെ ചെറിയ ഒരു കുട്ടി അറുപത് വയസ്സുള്ള കണ്ണേട്ടനു നേരെ കണ്ണന്‍ എന്ന് പേര് വിളിക്കുന്നു കേട്ടപ്പോള്‍ പ്രയാസം തോന്നി. എല്ലാവരും ആദരിക്കുന്ന ഒരു മുസ്‌ലിം പണ്ഡിതനെ അമുസ്‌ലിം സുഹൃത്ത് നിന്ദിക്കുന്ന രൂപത്തില്‍ പേര് വിളിക്കുന്നു. പരസ്പരം ബഹുമാനം നഷ്ടപ്പെടുന്നു. ഈ പ്രവാസ ലോകത്ത് കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നു രാമനെ വിളിക്കുന്നത് രാമനിക്കാ എന്നോ രാമേട്ടാ എന്നോ ആണ്. ഓരോരുത്തരും പരസ്പരം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഏട്ടനെനും ഇക്കയെന്നും ആണ് മുതിര്‍ന്നവരെ വിളിക്കുന്നത്.
നാട്ടില്‍ മുമ്പ് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എപ്പോഴാണ് നമുക്ക് നഷ്ടമായത്, എപ്പോഴാണ് ഒലെയാള്‍ നമ്മളെയാള്‍ എന്ന ഒരു വേര്‍തിരിവ് ഉണ്ടായത്. അത് മാറി നമ്മള്‍ ഒന്ന് എന്ന ഒരൊറ്റ ചിന്തയിലേക്ക് എത്താന്‍ നമുക്ക് കഴിയണം.
വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയവത്കരിക്കുന്ന കാഴ്ച വേദനാജനകമാണ്. എല്ലാ മത വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും വായനശാലകളും കാലാ- സാംസ്‌കാരിക പരിപാടികളും കൂടുതലായി നടത്തേണ്ടിയിരിക്കുന്നു.
ഇന്ന് സ്കൂൾ ബസുകളിലും കളി സ്ഥലങ്ങളിലും എതങ്കിലും ഒരു സമുദായത്തിൽ
പെട്ടവർ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മുമ്പ് ചെറുപ്പത്തിൽ പഠിക്കുന്ന
കാലത്ത് ഒരേ ബെഞ്ചിൽ മുഹമ്മദും ശശിയും ദിനേശനും ഉണ്ടായിരുന്നു.
കളിക്കലങ്ങളിലും ക്ലബുകളിലും സാംസ്കാരിക കേന്ത്രങ്ങളിലും എതങ്കിലും ഒരു
വിഭാഗം ആളുകളിൽ പരിമിതിപെടുന്ന കാഴ്ച കൂടി കൂടി വരികയാണ് . സഹായ ക്കുറി
നടത്താനും കല്യാണത്തിന് പന്തലുകൾ ഇടാനും ദിനേശനും ബഷീറും ഉണ്ടായിരുന്ന
ഒരു മെയ്യിയായി പരസ്പരം സ്നേഹം പങ്കു വെച്ച കാലം. ആ കാലം ഇനിയും നമ്മളിൽ
തിരിച്ചു വരണം അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാദാപുരം ഗ്രാമ
പഞ്ചായത്തിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ ....
നാദാപുരം സമാധാനപുരമാകട്ടെ
ReplyDeleteഅതെ, നാദാപുരം , എന്ന വാക്കില് പോലും, ഒരു സംഗീതത്തിന്റെ സുഖം ഉണ്ടായിരുന്നു മുമ്പ്,
ReplyDeleteഅത് കൊണ്ട് തന്നെ എന്റെ മനസ്സിലെ നാദാപുരത്തിന് എന്നും
മാല വേണം മക്കന വേണം മൈലാഞ്ചി വേണം,...
എന്നാല്‍ ഇന്നത്തെ തലമുറ
കേട്ടറിഞ്ഞ നാദാപുരത്തിന്റെ ചിത്രം മറ്റൊന്നായിരിക്കുന്നു,
അവര്‍ക്ക് മാലയും മക്കനയും മൈലാഞ്ചിയും ഓര്‍മ്മയില്‍ വരില്ല,
പ്രാര്‍ഥിക്കാം നമുക്ക്, നല്ല നാദം കേള്‍ക്കാന്‍