Friday, April 22, 2016

ഇബ്നു തുഫൈലിന്റെ ദാർശനികത - 1


മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ ഹ്ര്‍ദയം  ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി,  രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹ്ര്‍ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം  ശരീരത്തില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു.  അത് ആത്മാവാണന്നും മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. 
മാന്‍ പേട വളര്‍ത്തിയ മനുഷ്യക്കുഞ്ഞു





പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ് എന്ന ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന  ശാഖകളിലും   നിപുണനായ  അദ്ദേഹം അനേകം  തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച് സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍. "റോബിന്‍സ് ക്രൂസോയെ"   The Life and Strange Surprising Adventures എന്ന നോവല്‍ എഴുതാന്‍ പ്രചോദനം  നല്കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍ കൃസോയുടെ നോവലും ഈ നോവലും തമ്മില്‍  നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി പറയപ്പെടുന്നത്.


പില്ക്കാലത്ത് അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട് "രിസാലത്തുല്‍  ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.

നോവലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി  പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,
ഹാറൂന്‍ റഷീദിന്റെ പുത്രനായ മഅമൂന്റെ കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്‍റ് തന്നെ രൂപം കൊള്ളുകയുണ്ടായി, അരിസ്റ്റോടലിന്റ്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു,   അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍ നിന്നുണ്ടായ തത്വ ശാസ്ത്ര  സംകൃത കൃതികളും അക്കാലത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്‌ഫ്ഫ ആണ് അറബിയില്‍ വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, രചനയില്‍  മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന്  വിധേയമാക്കി, സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്‍റെ "റിപബ്ലിക്" നോട് സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" പദാര്‍ഥങ്ങളെ  അഞ്ചു രൂപമായി തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. 
മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു  ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും വ്യാപരിച്ച അബൂ റൈഹാന്‍ അല്‍ ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ, ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്‌പോവുകയായിരുന്നു അല്‍ബിറൂനി. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം അദ്ദേഹം അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി" തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും"  "ഇബ്നു സീനയിലൂടെയും" "ഇബ്നു റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍  അത് പൂര്‍ത്തീകരിക്കുകയുണ്ടായി.
ഇവരുടെ ഓരോരുത്തരുടെയും  ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം.


ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായഹയ്യിബ്നു യഖ്ളാനിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു.
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.........
തുടരും

ബാക്കി അടുത്ത പോസ്റ്റില്‍

2 comments:

  1. ഇതൊക്കെ ആദ്യമായി കേൾക്കുകയാണ് കേട്ടോ. ഇനി അടുത്ത ചാപ്റ്റർ വായിക്കട്ടെ

    ReplyDelete
  2. അജിത്തേട്ടന്‍ പറഞ്ഞത് പോലെ ഇതെല്ലാം പുതിയ അറിവുകളാണ് എനിക്കും..

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...