വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ പ്രവാസിയെ പ്രവാസിയാക്കി മാറ്റിയത്.
വ്യത്യസ്ഥ സ്ഥലങ്ങളില്‍ അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. എന്നതാണ് പ്രവാസി, എഴുത്തിലൂടെയും വായനയിലൂടെയും വിളിച്ചു പറയുന്നത് .
പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ് മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നു.
പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല.
സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടി രിക്കുന്ന മാറ്റങ്ങള്‍, അസഹിഷ്ണുത പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്നം, നാട്ടിൽ വര്‍ധിച്ചുവരുന്ന ജീര്‍ണത, മൂല്യച്യുതി ഇത്തരം വിഷയങ്ങളിൽ അവഘാഹത്തോടു കൂടെയുള്ള എഴുത്തു കുറവാണ് . ബാഹ്യമായുള്ള ഒരു തൊട്ടു പോക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഉണ്ടാവാറുള്ളൂ . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് അത് എഴുത്തിൽ പ്രതിവാദ്യ വിഷയമാകുകയുളൂ . അതിനു ആഴത്തിലുള്ള വായന അനിവാര്യമാണ്, വായന കുറയുന്നതും പ്രവാസികൾ ഇത് നേരിട്ട് അനുഭവിക്കുന്നില്ല എന്നതും ഇതിനു ഒരു കാരണമാണ്.
രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ഓരോ എഴുത്തുകാരന്റെയും ധര്‍മ്മം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയണം സമൂഹത്തെ ശരിയായി അറിയുന്നവനെ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ. എങ്കിലേ നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ എഴുത്തുകാർക്ക് കഴിയുകയുള്ളൂ, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു.
കഥകളിലും കവിതകളിലും
ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകൾക്കും കവിതകൾക്കും ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെയും കവിതകളുടെയും മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്.
പക്ഷെ ഇത് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ യോചിക്കാൻ കഴിയില്ല, പ്രവാസി ഒരിക്കലും ഈ ഒരു പ്രാദേശിക സ്ഥലത്തെ അനുഭവങ്ങളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല.
ഇത്തരം വിഷയങ്ങൾ ആധാരമാക്കിയ കഥകൾ വായനക്കാർ നെഞ്ചോടു ചേർത്തു വെക്കുന്നു എന്നത് പല എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു.
പ്രവാസികളിൽ പ്രശസ്തി നേടിയ പല എഴുത്തും പഠന വിധയമാക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പ്രവാസി എഴുത്തുകാരുടെ കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും പ്രവാസ ജീവിതം എന്ന വികാരത്തില്‍ ഒതുങ്ങുന്നു എന്നതാണ്.
ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു അത്തരം കഥകള്‍ അധികവും.
മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ പ്രവാസ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്.
കഥയേക്കാൾ ഉപരി അത് പ്രവാസിയുടെ നേരിട്ടുള്ള ജീവിതമായി മാറുന്നു എന്ന ഒരു സത്യമാണ് അതിന്റെ മർമ്മം. അതിനെ ഒരിക്കലും നിഷേധിക്കാനോ തള്ളിപ്പറയാനോ കഴിയില്ല .
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്.
ഇത് തുടരുമ്പോഴും നേരത്തെ സൂചിപ്പിച്ചത് പോലെ നാട്ടിലെ മലീസമായ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ എഴുതാൻ പ്രവാസികൾ മടിക്കുന്നു എന്നത് യാഥാർഥ്യമാണ് ലോക മെംബാടും പീഡിപ്പിക്കപ്പെടുന്ന മൗനഷ്യരുണ്ടന്നിരിക്കെ, ചിന്തയും വിഷയവും ഈ പ്രവാസ ലോകത്ത് പരിമിതപ്പെടുന്നത് പോലെ.
നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ലോകത്ത് എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും എഴുത്തിലൂടെ കഴിയണം.
ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല പ്രവാസ എഴുത്തുകാരും വിഷയ മാക്കുന്നു.
സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ സ്ത്രീ എഴുത്തുകാരും മുന്നോട്ട് വരാറുണ്ട്, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ് .
അറബ് ലോകത്തെ പ്രവാസികൾ .
ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും പ്രവാസി അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും മലയാളികൾ പരിചയപ്പെട്ടിട്ടുണ്ട് അറിയാത്ത ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ് അലാവുദ്ദീന്, തൗഫീഖ് അവ്വാദ്, ഹലീം ബറകാത്ത്, അലി അസ്‌വാനി, ലൈനബദര്, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്, നജീബ് സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്. അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ വര്ഷം( 2014 ) കേരള സാഹിത്യ അക്കാദമി ആദ്യമായി നാട്ടിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളം അറബി അന്തർ ദേശീയ സാഹിത്യോത്സവം ഒരു പാട് പ്രതീക്ഷ നൽകുന്നതായിരുന്നു.
മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തുകയായിരുന്നു. ടാഗോർ പുരസ്കാരം നേടിയ ശിഹാബ് ഗാനിമിനെ ആദരിക്കുകയുണ്ടായി. അറബ് ലോകത്തെ എഴുത്തുകാരായ സ്വാലിഹ ഉബൈദ് ഗാബിശ്, ഡോ. മര്‍യം അശ്ശിനാസി, ഖാലിദ് സാലിം അല്‍റുമൈമി, അസ്ഹാര്‍ അഹ്മദ്, ഫലസ്തീൻ കവയത്രി ലിയാന ബദ്ര്‍ , ഇറാഖ് കവി മഹമൂദ് സായിദ്, സിറിയൻ കവി അലി ഖനാണ്, ഈജിപ്ത് കവി മുഹമ്മദ് ഈദ് ഇബ്‌റാഹീം, തുടങ്ങിയവർ ആ സംഗമത്തിൽ പങ്കെടുത്തിരുന്നു. സാമൂഹികജാഗരണത്തിന്റെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിച്ചു മലയാള കവിതയുടെയും അറബി കവിതയുടെയും കാല്പനികതയുടെ ധാരയെ സജീവമാക്കി അപൂര്‍വ്വ ചാരുതയാര്‍ന്ന സാഹിത്യ ശില്‍പ്പങ്ങള്‍ കൊത്തി വെക്കുകയായിരുന്നു. തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്‌കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്നതിൽ സംശയമില്ല.
അറബ് ലോകത്തും ഇത്തരം അറബ് മലയാളം സാഹിത്യ സംഗമങ്ങൾ കൂടുതലായി നടക്കേണ്ടിയിരിക്കുന്നു. ഖത്തറിലെ എഫ് സി സി സംഘടിപ്പിച്ച ഇൻഡോ അറബ് സംസ്കാര വേദി ശ്രദ്ധേയമായിരുന്നു. ഗൾഫിൽ നടക്കുന്ന അന്താ രാഷ്ട്ര പുസ്തക മേളകളിൽ കേരളത്തിന്റെ പ്രസാധകർ പുസ്തകവുമായി വരുന്നത് പ്രവാസി വായനയ്ക്കാർ ഒരു പാട് സന്തോഷം നൽകുന്നു.
വിവർത്തകർക്ക് പ്രവാസി സമൂഹം കൂടുതൽ പ്രോത്സാഹനം കൊടുക്കേണ്ടിയിരിക്കുന്നു .
സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം കുറെയൊക്കെ മലയാളികൾ അറിഞ്ഞിട്ടുണ്ട് .
സച്ചിതാനന്ദനെ പോലെയുള്ള കവികൾ ഇതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തുന്നു . അവരുടെ സേവനം വളരെ വലുതാണ് ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും മലയാളികൾ നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ അവരെ പരിചയപ്പെടുത്താൻ മുൻപന്തിയിൽ നിൽക്കേണ്ടത് പ്രവാസ എഴുത്തുകാരും വായനക്കാരുമാണ്. പക്ഷെ എത്ര പ്രവാസികൾ അതിനു ശ്രമിക്കുന്നുണ്ട്
പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ആശയ ദാരിദ്ര്യം പ്രവാസ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ ചിന്തയില്‍നിന്നും ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.
ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു. എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്,
ചില എഴുത്തുകൾ നാം വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.
പ്രവാസികളുടെ ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ബ്ലോഗ് പോലുള്ള സംവിധാനങ്ങൾ സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു . യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം പ്രവാസ എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ഓരോ എഴുത്തുകാരനും കഴിയണം.
നിരന്തരമായ വായനയും ഓരോ വിഷയത്തിലുള്ള പഠനവും പ്രവാസികൾക്കാവശ്യമാണ്. എങ്കിൽ മാത്രമേ മൂല്യവത്തായ രചനകൾ സമൂഹത്തിനു മുൻപിൽ പ്രവാസികൾക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ
No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.