Wednesday, July 26, 2017

സിക്രീത്തിലേക്ക് ഒരു യാത്ര


സിക്രീത്തിലേക്ക് ഒരു യാത്ര 
മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച രാജ്യത്തെ  ചരിത്രഭൂമിയായി അറിയപ്പെടുന്ന സുബാറഫോർട്ടും അതിനോടൊപ്പം തന്നെ  ഖത്തറിലെ ദുഖാനിലെ സിക്രീതും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം.  ദോഹയിൽനിന്ന് ഏതാണ്ട് നൂറ്റി അഞ്ചു കിലോമീറ്റർ അകലെയാണ് സുബാറ ഫോർട്ട് സ്ഥിതിചെയ്യുന്നത്. മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ  യായ്ത്രയായിരുന്നു  സുബാറ കോട്ടയും ദോഹയിലെ സിക്രീത്തു സന്ദർശനവും.  ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട്‌  യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയ സസ്ഥലമാണ്. ഞങ്ങൾ ഒഴിവു ദിവസമായ വെള്ളിയാഴ്ച  രാവിലെ ചരിത്രാന്വേഷണത്തിന്റെയും മാനസിക ഉല്ലാസത്തിനും വേണ്ടി  പുറപ്പട്ടതായിരുന്നു. സുബാറ ഫോർട്ട് സന്ദർശിച്ചു  ജുമുഅ പ്രാർത്ഥനയും  കഴിഞ്ഞു   ദുഖാനില്‍ എത്തുമ്പോൾ ഞങ്ങളെ വരവേല്‍ക്കാന്‍ യാത്രയുടെ ഗൈഡായിരുന്ന  സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും  ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ്  സിക്രീത്തിലേക്ക്  പുറപ്പെട്ടത്. കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ഞങ്ങളെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. 

മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ  കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്രയെത്ര മനുഷ്യർ എത്ര പ്രവാചകന്‍മാര്‍, രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ആ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  
ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകർത്തുന്നത് കണ്ടു. 

നടന്നു  ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു. ചായ കൂടി കഴിഞ്ഞ ഞങ്ങൾ  കൂട്ടുകാർ സ്നേഹ  സൗഹൃദങ്ങൾ പങ്കു വെക്കുകയും  ചെറിയ  കായിക വിനോദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം  ഞങ്ങള്‍  കടല്‍ തീരത്തേക്ക്  പുറപ്പെട്ടു. തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്. ചിലർ  കടല്‍ വെള്ളത്തിലേക്ക് ഊളിയിട്ട് കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ആ യാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അന്നത്തെ അസ്തമയം. 

Monday, July 3, 2017

കലയുടെ ഘോഷയാത്ര


കലയുടെ ഘോഷയാത്ര 
കല ജീവിതത്തിന്റെ ഭാഗമാണ്,  മനുഷ്യ മനസ്സിന് കേവലം ആസ്വാദനാനുഭൂതി  നല്‍കുക മാത്രമല്ല കലയുടെ ധര്‍മം. അനീതികള്‍ കാണുന്പോൾ അതിനെതിരെ പോരാടാനുള്ള മികച്ച ആയുധം കൂടിയാണ് കല.  കല ജീവിതഗന്ധി ആയിരിക്കണം, ചുറ്റിലും കാണുന്ന സംഭവങ്ങൾ പ്രത്യേകിച്ച് മാറുന്ന വ്യവസ്ഥികളുടെ നന്മയും തിന്മയും തിരിച്ചറിയാനും നമ തിന്മകൾ വേർതിരിച്ചു സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനും കലാവിഷ്കാരങ്ങളിലൂടെ  കഴിയണം അപ്പോഴേ കലകൾക്കും കലാവിഷ്കാരങ്ങൾക്കും ജീവനുണ്ടാകുകയുള്ളൂ.

വർത്തമാനകാലത്തിന്റെ ജീർണതകൾ തുറന്നു കാട്ടാനും അതിനെതിരെ പോരാടാനും കല ഒരു മാധ്യമമായി മാറുകയായിരുന്നു ഇവിടെ.

സാംസ്‌കാരങ്ങളുടെ ഘോഷയാത്ര അരങ്ങേറിയത് ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരുന്നു. സാങ്കേതിക സൗകര്യങ്ങളുമുള്ള വേദി  കലാസ്വാദകരെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല അത് തീര്‍ത്തും ചലനാത്മകമാണ്, വിശാല സമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ് എന്ന് വിളിച്ചു പറയുകയായിരുന്നു ഈ പരിപാടി.  

വൺ വേൾഡ് വൺ ലൗവ് എന്ന യൂത്ത് ലൈവ് മുദ്രാവാക്യം സ്നേഹത്തിനും സൌഹാര്‍ദത്തിനും വേണ്ടിയുള്ള ആശയങ്ങളുടെ മഴവില്ലായിരുന്നു. നിലവിലെ സാഹചര്യങ്ങളോടുള്ള സമരവും ചുറ്റുമുള്ളവയിലേക്കുള്ള സമന്വയവും ആണ് സാമൂഹികപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതും നനവുള്ളതാക്കുന്നതും. എതിര്‍ക്കേണ്ടവയോടുള്ള സമരവും അതിനായി യോജിപ്പുകളോടുള്ള സമന്വയവും ഒരുപോലെ പ്രധാനമാണ്. എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിച്ചും നിലനിർത്തി കൊണ്ടും തന്നെ അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ നമുക്കൊരുമിച്ച് നിൽക്കാൻ കഴിയും എന്ന വലിയ സന്ദേശം ദോഹ -യൂത്ത് ലൈവിന് നൽകാൻ കഴിഞ്ഞു.

‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ച നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സങ്കടത്തിന്റെയും, നിരാശയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയുമൊക്കെ കനലുകള്‍ തെളിയിച്ച് കാഴ്ചയുടെ കപടകതകളും കടന്ന് സത്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. പുത്രവിയോഗത്തിന്റെ വേദനകള്‍ ഇന്നലെകളില്‍ തുടങ്ങി ഇന്നിലൂടെ നീറി നാളെയുടെ പ്രതിരോധങ്ങളുടെ ആവശ്യകതയുടെ ആഹ്വാനങ്ങളിലേക്ക് പാത്രസൃഷ്ടിയുടെ ഭദ്രതയിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ  കനല്‍ ചൂളകളുടെ ശില്പികള്‍ക്ക് കഴിഞ്ഞു". നാടകാന്ത്യത്തിൽ  പ്രസക്തമായ ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്‌ സമൂഹത്തിലേക്കു വീണ്ടും വീണ്ടും തൊടുക്കപ്പെടുകയാണ് ആ ചോദ്യം ." നമ്മളാണ് ശരി, എന്നിട്ടും നമ്മളെന്തേ തോറ്റു പോകുന്നു?".

ഒരുമയയുര്‍ത്തുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയം മനസിലാക്കാനും വായിച്ചെടുക്കാനുള്ള ശേഷിയാര്‍ജിക്കുകയാണ് യൂത് ഫോറം ഇത്തരം ഒരു പരിപാടികൊണ്ടു ലക്ഷ്യമിടുന്നത് എന്ന് അവരുടെ സംഘാടനത്തിൽ നിന്നും മനസ്സിലാകുന്നു. മുതിർന്നവരും കുട്ടികളും പുരുഷനും സ്ത്രീയും മതരഹിതനും മതവിശ്വാസിയും വ്യത്യസ്ത രാഷ്ട്രീയ -സാംസ്കാരിക കാഴ്ചപ്പാടുകൾ ഉള്ളവരുമെല്ലാം ചേർന്ന് നടത്തിയ അസഹിഷ്ണുതക്കെതിരെയുള്ള കലയുടെ ആഘോഷമായിരുന്നു യൂത് ലൈവ്. 

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാകുമ്പോൾ യോജിപ്പ് ഉത്തരവാദിത്വ മാണെന്നും അതിനാൽ പൊതു നന്മകളിൽ യോജിക്കാൻ കഴിയുന്നവരുടെ വേദിയൊരുക്കൽ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിൽ നിന്നാണ് സ്നേഹത്തിനും സൗഹാര്ദത്തിനും വേണ്ടി യൂത് ലൈവ് സംഘടിപ്പിച്ചതെന്ന യൂത് ഫോറം പ്രസിഡന്റ എസ എ ഫിറോസിന്റ് വാക്കുകൾ ശ്രദ്ധേയമായിരുന്നു. സിനിമ സംവിധായകൻ  മുഹ്‌സിൻ പരാരി   സോളിഡാരിറ്റി യൂത് മൂവേമെന്റ് പ്രസിഡണ്ട് ടി ശാക്കിർ തുടങ്ങിയവർ സദസ്സിനോട് സംവദിച്ചു. ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്‌തകളെയും മുന്നോട് വെക്കാൻ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസ്‌കാരിക്കേണ്ടതെന്നു മുഹ്‌സിൻ പറഞ്ഞു. 


ശിഹാബുദീന്‍ പൊയ്ത്തും കടവിന്റെ “മത ഭ്രാന്തന്‍ എന്ന കഥയെ ആസ്പതമാക്കി ‘സലാം കോട്ടക്കൽ സംവിധാനം ചെയ്ത്‌ "ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിച്ച നാടകം 'പേരിന്റെ പേരില്‍', കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത “സ്നേഹ ജ്വാല”, ജമീല്‍ അഹമ്മദ് രചിച്ച്  ആർ എൻ റിയാസ് കുറ്റ്യാടി വേഷം പകര്‍ന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേര്‍ സാക്ഷ്യമായ യൂത്ത്ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്നീം അസ്‌ഹര്‍ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ  റിഥം ഓഫ് ലൗ, തനത്’ കലാ വേദിയുടെ നാടന്‍ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലര്വാടിയുടെ കുരുന്നുകള്‍ അവതരിപ്പിച്ച വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ഫോക്ക് ഡാന്‍സ്, ഷഫീഖ് പരപ്പുമ്മല്‍ രചന നിർവഹിച്ച അമീന്‍ യാസര്‍ സംഗീതം നൽകിയ ഗാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയായി.

ജേണലിസം അദ്ധ്യാപകനും ഫ്രീലാന്‍സ് ഡിസൈനറുമായ പ്രഭുല്ലാസ്‌‌ സംവിധാനം ചെയ്ത് സിനിമാ താരം നിര്‍മ്മല്‍ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദർശനവും. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരന്ന ഗസല്‍ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും കൂടുതൽ ആസ്വാദകരമാക്കി.

യൂത്ത് ഐക്കണ്‍ 
'യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള “യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിന്റെയും നില നില്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്‌. ഈയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ: ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ സമൂഹം സാമൂഹിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്‌. ഡി.ഐ.സി.ഐ.ഡി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ 'ഒരു ലോകം, ഒരു സ്നേഹം' എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം കലാപരമായി ആവിഷ്കരിച്ച് ഇന്ത്യന്‍ പ്രവാസികളിലെക്ക് എത്തിച്ചത് അഭിനന്ദനാര്‍ഹമാണ്‌. സമൂഹിക സംസ്കരണത്തില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്‌. ഇത്തരം പരിപാടികള്‍ അതിന്‌ വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാദിര്‍  അബ്ദുല്‍ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം),  മുഹമ്മദ്‌  ശാക്കിര്‍ (ശാസ്ത്രം), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തനം),  അബ്ദുല്‍ കരീം (കലിഗ്രഫി),  രജീഷ്   രവി (ആര്‍ട്ട് ), സാന്ദ്ര രാമചന്ദ്രന്‍ (ഡിബേറ്റ്), അബ്ബാസ്‌ ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ്‌ യൂത്ത് ഐക്കണ്‍ പുരസ്കാരത്തിനര്‍ഹരായത്. 26 ഫൈനലിസ്റ്റുകളില്‍ നിന്നാണ് പുരസ്കാര അര്‍ഹരെ കണ്ടെത്തിയത്.

ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തന്‍സീം കുറ്റ്യാടി, സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷിറാസ് സിത്താര, ഷിഹാര്‍ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്, ആര്‍. ജെ. സൂരജ്, നൌഫല്‍ കെ.വി, നൌഫല്‍ ഈസ, മുഹ്സിന്‍ തളിക്കുളം, ഇജാസ് മുഹമ്മദ്‌, ഹംദാന്‍ ഹംസ, അഷ്ടമിജിത്ത്, അക്ബര്‍ ചാവക്കാട് എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും പരിപാടിയില്‍ വിതരണം ചെയ്തു.

ചിത്ര പ്രദർശനം
യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമായി. 'വണ്‍ വേള്‍ഡ്, വണ്‍ ലൗ' എന്ന യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ്‌ നടന്നത്. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാന്‍, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ്‌ കുമാര്‍, സഗീര്‍ പി.എം, സന്തോഷ്‌ കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, അര്‍ച്ചന ഭരദ്വാജ്, സവിത ജാക്കര്‍, സന്‍സിത രാമചന്ദ്രന്‍, സന അബുല്ലൈസ്, വാസു വാണിമേല്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും തത്സമയ പെയിന്റിങ്ങിനുമാണ്‌ യൂത്ത് ലൈവ് വേദിയായത്. അൽ ദഖീര യൂത്ത്‌ സെന്റർ അസിസ്റ്റന്റ്‌ ഡയറക്റ്റർ ഈസ അൽ മുഹന്നദി എക്സിബിഷനിലെ കൊച്ചു ചിത്രകാരി സൻസിത രാമചന്ദ്രനു സമ്മാനം നൽകി ആദരിച്ചു.

Related Posts Plugin for WordPress, Blogger...