
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിക്കും ഖത്തര്‍ ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് വിവിധ ആവിഷ്‌ക്കാരങ്ങളുമായി വേദിയിലെത്തിയത്. ക്ലോക്ക് നിര്‍മിച്ച കുട്ടിയുടെ കഥ ഭാവനയോ സങ്കല്പമോ ആയിരുന്നില്ല! അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ ആ കുട്ടിയുടെ ചിത്രം മിന്നിമറയുകയായിരുന്നു. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ പ്രയാസം അനുഭവിച്ച ബാലന്‍ അഹമ്മദ് മുഹമ്മദിന്റെ ആത്മ സംഘര്‍ഷങ്ങളും തുടര്‍ന്ന് അവനെ ഖത്തര്‍ സ്വീകരിക്കുന്നതും ആവിഷ്‌കരിച്ച ക്ലോക്ക് ബോയ് മ്യൂസിക്കല്‍ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണര്‍ത്തി. സ്വന്തമായി ക്ലോക്ക് ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കാണിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം, അത് ടീച്ചറില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പോയ അവന് ലഭിച്ചത് വേദനിക്കുന്ന അനുഭവമായിരുന്നു. കുഞ്ഞുമനസ്സിന്റെ വേദനയും പിടയലും പ്രേക്ഷകരുടെ മുമ്പില്‍ മികവോടെ അവതരിപ്പിക്കാനായി.
ഫലസ്തീനിയന്‍ കവി മഹമൂദ് ദര്‍വേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരില്‍ നൊമ്പരമുണര്‍ത്തി. യുദ്ധക്കെടുതിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ഒരു ജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തറിനെ വേദിയില്‍ ആവിഷക്കരിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. മനസ്സിനുള്ളില്‍ ഖത്തര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണുംപോലെ തോന്നി. കടല്‍ത്തരത്തണഞ്ഞ ആ പിഞ്ചു കുഞ്ഞ് ഓരോരുത്തരുടെയും മനസ്സില്‍ വീണ്ടും ജീവിക്കുകയായിരുന്നു. അഭയാര്‍ഥി ക്യാംപില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സ്ത്രീകളുടെയും മുന്നില്‍ സഹായഹസ്തവുമായി വരുന്ന ഖത്തറിനെ മനസ്സില്‍തട്ടി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘവും വാരിപ്പുണര്‍ന്ന് ഉമ്മ നല്‍കുന്ന ചിത്രവും ഖത്തറിന്റെ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതായിരുന്നു.
ഇന്ത്യയുടെയും ഖത്തറിന്റെയും പരമ്പരാഗത നൃത്തച്ചുവടുകളും സമകാലിക നൃത്തം, അര്‍ഗ ഡാന്‍സ്, കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വടക്കേ ഇന്ത്യന്‍ നൃത്തം എന്നിവയും അരങ്ങേറി. അനശ്വര ഇന്ത്യന്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി.
കോല്‍ക്കളിയും നാടന്‍ പാട്ടും പഞ്ചാബി ഡാന്‍സും ഗാനങ്ങളും ഖത്തറിന്റെ നന്മയാര്‍ന്ന ചില നല്ല പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ചിത്രീകരണങ്ങളും ചേര്‍ത്ത് കൊളാഷ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ 'ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ' എന്ന പേര് അന്വര്‍ഥമാവുകയായിരുന്നു.
No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.