Monday, November 6, 2023

എന്നിട്ടും


എന്നിട്ടും

തകർത്ത കെട്ടിടങ്ങൾക്കിടയിൽ
കണ്ണീർ തളം കെട്ടിയ തടാകങ്ങൾ 
തകർത്ത വീടുകൾക്കുള്ളിൽ ഒഴുകുന്ന
ചോരപ്പുഴകൾ .!

എന്റെ 
കാൽപാദങ്ങളിടറുന്നു,
കാഴ്ച്ചകൾ മങ്ങി  
കണ്ണുകൾ തളരുന്നു.
വിഷാദത്തിന്റെ നിഴലുകളിഴച്ചു ഇവിടെ ഞാൻ ഏകനായ്
അലയുന്നു  
ആകാശമാകെ പിടിച്ചുലയ്ക്കുന്ന ശബ്ദങ്ങൾ.. 
കത്തിയമർന്ന മണ്ണിന്റെ ദാഹമടക്കാൻ 
ഒരു തുള്ളി ജലമെവിടെ?  
അമ്മമാർ കുഞ്ഞുങ്ങൾ എത്രയെത്ര ജീവനുകൾ ....  

എന്നിട്ടും 
കാതടിപ്പിക്കുന്ന മിസൈൽ ശബ്ദങ്ങൾക്കിടയിലും
ഒട്ടും പേടിയില്ലാത്ത
അവരുടെ കണ്ണുകൾ സ്വപ്നം കാണുന്നു..!

ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക്  നൽകാൻ
കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരാണുള്ളത്?
ഏതു നിഘണ്ടുവിൽ തെരഞ്ഞാലാണ്
അത് കണ്ടത്താൻ കഴിയുക..!

പോർവിമാനങ്ങളുടെ മുഴക്കം താരാട്ടു പാട്ടാക്കി കുഞ്ഞുങ്ങളെ
ഉറക്കാൻ വിധിക്കപ്പെട്ട അമ്മമാർ...
ഈ മനക്കരുത്തിനെ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരിട്ടു വിളിക്കും ?

കരിഞ്ഞുണങ്ങിയ ഭൂമിയോടൊപ്പം 
ചാരമായി മാറിയ കുഞ്ഞു പൈതങ്ങളെ
നിങ്ങളുടെ അമ്മയുടെ അച്ഛന്റെ കണ്ണുനീരൊക്കെയും
പുഴയായി ഒഴുകുന്നുണ്ട്... 
ആ നദിക്കു ചുറ്റും  പുതിയൊരു സംസ്കാരം ഉടലെടുക്കും..
അവിടെ നീതിയുടെ ധർമ്മത്തിന്റെ പുതിയ പുലരികൾ ഉദയം കൊള്ളും
മുറിപ്പെട്ട ജീവനുകൾക്കിടയിൽ നിന്നും ഉയരുന്ന നിലവിളികളൊക്കെയും  
പക്ഷികൾ  പാടുന്ന പുതിയ രാഗമായി പുനർജനിക്കും..
പൂക്കളും ചെടികളും വളരും കായ്കനികൾ നിറയും
നിങ്ങൾ ഇട്ടേച്ചു പോയ ഓരോ നിശ്വാസവും
വസന്തമായി മാറും,
ചെടികളെ തലോടും
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,
വെള്ളരിപ്പ്രാവുകൾ വട്ടമിട്ടു പറക്കും
 
ആർത്തട്ടഹസിക്കുന്ന ചെകുത്താനും
ചോര കുടിക്കുന്ന ചെന്നായ്‌ക്കളും ഓടി മറയും
രക്തം കുടിക്കാൻ ദാഹിക്കുന്ന ചെകുത്താന്മാരുടെ കറുത്തനിറം
കുഞ്ഞു മനസ്സിന്റെ പ്രകാശത്താൽ ഇല്ലാതാകും
അവിടേയാകെ വെളിച്ചത്തിന്റെ കിരണങ്ങൾ പ്രതിഫലിക്കും
ഈ ഇരുണ്ട ലോകം ആ വെളിച്ചത്താൽ
അപ്രത്യക്ഷമാകുക തന്നെ ചെയ്യും.........

മജീദ് നാദാപുരം 


No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...